ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടിലേക്കെത്തിയിരിക്കുകയാണ്. ആദ്യത്തെ മൂന്ന് മത്സരത്തില്‍ അയര്‍ലന്‍ഡ്, പാകിസ്താന്‍, അമേരിക്ക ടീമുകളെ ഇന്ത്യ തകര്‍ത്തപ്പോള്‍ കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടു. സൂപ്പര്‍ 8ല്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളെയാണ് ഇന്ത്യ നേരിടേണ്ടത്. ഇന്ത്യയുടെ ഗ്രൂപ്പു ഘട്ടത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ശരാശരി മാത്രമാണെന്ന് പറയാം.
ബാറ്റിങ് നിര ഉണര്‍ന്ന് കളിക്കേണ്ടതായുണ്ട്. ഇന്ത്യ ചില പ്രധാന താരങ്ങളെ ഇന്ത്യ ഗ്രൂപ്പു ഘട്ടത്തില്‍ കളിപ്പിച്ചില്ല. യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവര്‍ കളിക്കാതിരുന്നപ്പോള്‍ കുല്‍ദീപ് യാദവും തഴയപ്പെട്ടു. സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് വേദിയാകുന്നത് വെസ്റ്റ് ഇന്‍ഡീസാണ്. സ്പിന്നിന് അനുകൂലമായ ഈ പിച്ചില്‍ കുല്‍ദീപിന് നിര്‍ണ്ണായക റോളാണുള്ളത്. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെയത് ബാധിക്കും.
ഇക്കാരണത്താല്‍ത്തന്നെ കുല്‍ദീപ് വേണമോയെന്നത് സെലക്ടര്‍മാരെ സംബന്ധിച്ച് പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴിതാ കുല്‍ദീപ് കളിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കുക ഹാര്‍ദിക് പാണ്ഡ്യയാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍. അതിന്റെ കാരണവും ഇര്‍ഫാന്‍ വിശദീകരിക്കുന്നു. 'ഇന്ത്യന്‍ ബൗളര്‍മാരുടെ നിലവിലെ പ്രകടനം വരണ്ട പിച്ചിലും ഗുണം ചെയ്യുന്നതാണ്. വെസ്റ്റ് ഇന്‍ഡീസിലെ പിച്ചില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കട്ടറുകളും എക്‌സ്ട്രാ ബൗണ്‍സും ഫലം കാണുന്നതാണ്.
അവനെ നേരിടുക പ്രയാസമാവും. അതുകൊണ്ടാണ് ബൗളറെന്ന നിലയില്‍ ഹാര്‍ദിക് വളരെ വളരെ പ്രധാനപ്പെട്ട താരമായി മാറുന്നത്. കുല്‍ദീപ് യാദവിനെ കൊണ്ടുവരണമോയെന്ന് തീരുമാനിക്കുക ഹാര്‍ദിക്കിന്റെ ബൗളിങ് ഫോം വിലയിരുത്തിയാവും. നോക്കൗട്ട് മത്സരങ്ങളില്‍ ബാറ്റിങ് നിരയുടെ പ്രകടനവും നിര്‍ണ്ണായകമാവും. പേസ് ബൗളിങ് നിര ഇതേ മികവ് കാട്ടുകയും ഹാര്‍ദിക് പാണ്ഡ്യ ഫോമില്‍ പന്തെറിയുകയും ചെയ്യുകയാണെങ്കില്‍ ഇതേ 11 മതി' ഇര്‍ഫാന്‍ പറഞ്ഞു.

കുല്‍ദീപ് യാദവ് മികച്ച പ്രകടനം സമീപകാലത്തായി നടത്തിയ സ്പിന്നറാണ്. എന്നാല്‍ നിലവില്‍ ഇന്ത്യ അക്ഷര്‍ പട്ടേലിനെയാണ് വിശ്വാസം അര്‍പ്പിക്കുന്നത്. അക്ഷര്‍ പട്ടേല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികവ് കാട്ടുന്നുണ്ട്. രവീന്ദ്ര ജഡേജ മോശം ഫോമിലാണെങ്കിലും അദ്ദേഹത്തെ ഇന്ത്യ ഒഴിവാക്കിയേക്കില്ല. ജഡേജയുടെ അനുഭവസമ്പത്തും ഫീല്‍ഡിങ് മികവും ഇന്ത്യക്ക് ഗുണം ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ജഡേജയെ ഒഴിവാക്കിയേക്കില്ല.
കുല്‍ദീപ് യാദവ് ചൈനാമാന്‍ സ്പിന്നറാണ്. ഈ ശൈലിയുള്ള ബൗളര്‍മാര്‍ കുറവാണെന്ന് പറയാം. അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യത്തില്‍ മികവ് കാട്ടാന്‍ കുല്‍ദീപിന് സാധിച്ചേക്കും. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ബാറ്റിങ് കരുത്ത് കുറഞ്ഞാല്‍ പണികിട്ടാന്‍ സാധ്യതയുണ്ട്. വിരാട് കോലി ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. എന്നാല്‍ കോലി ഫോമിലേക്കെത്താത്തതിനാല്‍ ഇന്ത്യക്ക് സമ്മര്‍ദ്ദമേറെയാണ്.
വിരാട് കോലി ഓപ്പണറായി ഫ്‌ളോപ്പാവുന്നത് പവര്‍പ്ലേയിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തേയും കാര്യമായി ബാധിക്കുന്നുണ്ട്. രോഹിത് ശര്‍മയേയും ഇത് പ്രതികൂലമായി ബാധിക്കുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാനായ രോഹിത്തിന് ഫോമിലേക്കെത്താനാവാത്ത പക്ഷം അഫ്ഗാനിസ്ഥാനോടും ഓസ്‌ട്രേലിയയോടും ഇന്ത്യ തോല്‍ക്കാനുള്ള സാധ്യതയുമുണ്ട്. അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ വിറപ്പിക്കാന്‍ അഫ്ഗാനായിരുന്നു. അതുകൊണ്ടുതന്നെ സൂപ്പര്‍ എട്ട് കടക്കുക ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വിശ്വസ്തരെന്ന് പറയാവുന്ന ആരുമില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും സ്ഥിരത കാട്ടുന്നില്ല. രവീന്ദ്ര ജഡേജ വാലറ്റത്ത് ബാറ്റുകൊണ്ട് ഫ്‌ളോപ്പാണ്. മൂന്നാം നമ്പറില്‍ റിഷഭ് പന്ത് ഫോമില്‍ കളിക്കുന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ അഫ്ഗാന്റെ ബൗളിങ് കരുത്ത് ശക്തമായതിനാല്‍ നിലവിലെ ബാറ്റിങ് പ്രകടനം മതിയാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിര വലിയ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.