ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ അട്ടിമറി വിജയം കൊയ്യാന്‍ അയര്‍ലാന്‍ഡ് ടീമിനു സാധിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുഖ്യ കോച്ച് ഹെന്‍ട്രിച്ച് മലാന്‍. ഗ്രൂപ്പ് എയിലാണ് ടീം ഇന്ത്യയും ഐറിഷ് പടയും കൊമ്പുകോര്‍ക്കുന്നത്. കണക്കുകളില്‍ മേല്‍ക്കൈ ഇന്ത്യക്കാണെങ്കിലും തങ്ങളെ എഴുതിത്തള്ളേണ്ടെന്നും ഏതു വമ്പന്‍ ടീമിനെയും
തോല്‍പ്പിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നുമാണ് മലാന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ ടീമിനു ചില പോരായ്മകളുണ്ടെന്നും അതു മുതലെടുക്കാനായിരിക്കും ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
അയര്‍ലാന്‍ഡിരേയുള്ള റെക്കോര്‍ഡ് നോക്കിയാല്‍ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഇതുവരെ ഏഴു തവണയാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കായിരുന്നു. ടി20 ലോകകപ്പിലാവട്ടെ ഒരിക്കല്‍ മാത്രമേ രണ്ടു ടീമുകളും മുഖാമുഖം വന്നിട്ടുള്ളൂ. 2009ലെ എഡിഷനിലായിരുന്നു ഇത്. അന്നു ഇന്ത്യ വിജയം പിടിച്ചെടുക്കുകയും ചെയ്തു.

ഐസിസി റാങ്കിങില്‍ ഇന്ത്യയേക്കാള്‍ 10 സ്ഥാനങ്ങള്‍ പിറകിലാണ് അയര്‍ലാന്‍ഡ്. പക്ഷെ സമീപകാലത്തു ചില മുന്‍നിര ടീമുകള്‍ക്കെതിരേ വിജയം കൊയ്യാന്‍ ഐറിഷ് പടയ്ക്കായിട്ടുണ്ട്. അടുത്തിടെയാണ് കരുത്തരായ പാകിസ്താനെ ഒരു ടി20 മല്‍സരത്തില്‍ അയര്‍ലാന്‍ഡ് വീഴ്ത്തിയത്. ഏതു വമ്പന്‍ ടീമിനെയും ഞെട്ടിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് അവര്‍ നേരത്തേ തന്നെ തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഗെയിം പ്ലാനില്‍ തന്നെ ഉറച്ചുനില്‍ക്കുകയും സ്ഥിരതയാര്‍ന്ന ക്രിക്കറ്റ് കാഴ്ചവയ്ക്കുകയും ചെയ്താല്‍ ഏതു എതിരാളികള്‍ക്കും വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിക്കുന്നവരാണ് അയര്‍ലാന്‍ഡ്. ഇന്ത്യക്കെതിരേയുള്ള മല്‍സരം ന്യൂയോര്‍ക്കിലാണെന്നത് അര്‍സലാന്‍ഡിനു മുന്‍തൂക്കം നല്‍കുന്നതായാണ് കോച്ച് അവകാശപ്പെടുന്നത്. ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം ഇരുടീമുള്‍ക്കും ലഭിക്കില്ല. അതുകൊണ്ടു തന്നെ ഇതു ഐറിഷ് ടീമിനെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അനുഭവസമ്പത്തും മികച്ച ഗെയിം പ്ലാനുമെല്ലാം ഇന്ത്യക്കുണ്ടെങ്കിലും ചില പോരായ്മകള്‍ കൂടി അവര്‍ക്കുണ്ടെന്നും മലാന്‍ പറയുന്നു. ഈ ചെറിയ പോരായ്മകള്‍ മുതലെടുക്കാനായിരിക്കും ഞങ്ങള്‍ ശ്രമിക്കുക. അതില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഒരു സര്‍പ്രൈസ് ജയം നേടിയെടുക്കാന്‍ അയര്‍ലാന്‍ഡിനു സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഐസിസി ട്രോഫിക്കായുള്ള 10 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയും സംഘവും ഈ ലോകകപ്പില്‍ ഇറങ്ങുന്നത്. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ അവസാനമായി ജേതാക്കളായത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇത്.

അതിനു ശേഷം ചില ഐസിസി ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ വകെയെത്തിയെങ്കിലും കപ്പുയര്‍ക്കാനുള്ള ഭാഗ്യം മാത്രമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം രണ്ടു ഫൈനലുളിലാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടിലും ഓസ്‌ട്രേലിയക്കു മുന്നില്‍ കിരീടം അടിയറവച്ചു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു ആദ്യ പരാജയം. രണ്ടാമത്തേത് ഏകദിന ലോകകപ്പിന്റെ കലാശക്കളിയിലുമായിരുന്നു.
ഇന്ത്യൻ ടീം
രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍) ,ശിവം ദുബെ.
അയർലൻഡ് ടീം
പോൾ സ്റ്റിർലിംഗ് (ക്യാപ്റ്റന്‍), ആൻഡ്രൂ ബാൽബിർണി, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടർ, കർട്ടിസ് കാംപെർ, ജോർജ് ഡോക്രെൽ, ഗാരെത് ഡെലാനി, റോസ് അഡയർ, ബാരി മക്കാർത്തി, മാർക്ക് അഡയർ, ജോഷ്വ ലിറ്റിൽ, ക്രെയ്ഗ് യംഗ്, ബെഞ്ചമിൻ വൈറ്റ്, നീൽ റോൾ , ഗ്രഹാം ഹ്യൂം.