ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഈ മാസം അഫ്ഗാനിസ്താനുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിലെ പ്രകടനമായിരിക്കും ലോകകപ്പ് ടീം സെലക്ഷനെ സ്വാധീനിക്കുകയെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈ പരമ്പരയല്ല, മറിച്ച് ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സംഘത്തെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുകയെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
ഐപിഎല്ലില്‍ 30ഓളം കളിക്കാരുടെ പ്രകടനം സെലക്ഷന്‍ കമ്മിറ്റി നിരീക്ഷിക്കുമെന്നാണ് വിവരം. വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളെയാണ് ടി20 ലോകകപ്പിലേക്കു പരിഗണിക്കുക. ഇതു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണുള്‍പ്പെടെയുള്ള താരങ്ങള്‍ക്കു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

കാരണം നേരത്തേ ഇന്ത്യന്‍ ടി20 ടീം പ്ലാനിന്റെ ഭാഗമായിരുന്നില്ല അദ്ദേഹം. അതുകൊണ്ടു തന്നെ ടി20 ലോകകപ്പില്‍ സഞ്ജുവിനു തീര്‍ച്ചയായും ഇടമുണ്ടാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാവും ആരെയൊക്കെ ടി20 ലോകകപ്പിനു അയക്കുകയെന്നു വ്യക്തമായതോടെ സഞ്ജുവിനു മുന്നില്‍ പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നിരിക്കുകയാണ്.
രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ബാറ്റിങില്‍ കസറിയാല്‍ അദ്ദേഹത്തിനു ടി20 ലോകകപ്പിനു ടിക്കറ്റ് ലഭിക്കുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നീക്കം നല്‍കുന്ന സൂചന. സഞ്ജു മാത്രമല്ല നിലവില്‍ ടി20യില്‍ ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്ത മറ്റു ചില താരങ്ങളുടെയും തലവര മാറ്റുക ഐപിഎല്ലായിരിക്കും.
ടി20 ലോകകപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും കളിക്കുമോയെന്ന കാര്യത്തിലും സെലക്ഷന്‍ കമ്മിറ്റിക്കു വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു വര്‍ഷത്തിലേറെയായി ഇരുവരും ഇന്ത്യക്കായി ടി20യില്‍ കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ടി20 ഭാവിയെക്കുറിച്ച് രണ്ടു പേരുമായും ചര്‍ച്ച നടത്താനാണ് അജിത് അഗാര്‍ക്കര്‍ തീരുമാനിച്ചിരിക്കുന്നത്. രോഹിത്തിനും കോലിക്കും ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് സൂചനകള്‍.
അഫ്ഗാനിസ്താനുമായി ഈ മാസം 11 മുതല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈയാഴ്ച പ്രഖ്യാപിച്ചേക്കും. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് അഗാര്‍ക്കറും മറ്റു രണ്ടു സെലക്ടര്‍മാരായ ശിവ് സുന്ദര്‍ ദാസും സലീല്‍ അംഗോളയും സൗത്താഫ്രിക്കയിലെത്തി രോഹിത്തുമായും കോച്ച് രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച നടത്തും.
രോഹിത്തും കോലിയുമായി ആലോചിച്ച ശേഷം മാത്രമേ അഫ്ഗാനെതിരായ ഇന്ത്യന്‍ ടി20 സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയുള്ളൂ. ടി20യില്‍ കളിക്കാന്‍ രോഹിത്തിനും കോലിക്കും താല്‍പ്പര്യമുണ്ടെങ്കില്‍ അഫ്ഗാനെതിരേ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്.

രോഹിത്തിന്റെ അഭാവത്തില്‍ നിലവില്‍ ഇന്ത്യയെ ടി20യില്‍ നയിച്ചുകൊണ്ടിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയും വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിക്കു കാരണം അഫ്ഗാനെതിരായ പരമ്പരയില്‍ കളിക്കുന്നില്ല. അതുകൊണ്ടു തന്നെ ഈ പരമ്പരയില്‍ രോഹിത് വീണ്ടും നായകനായി മടങ്ങിയെത്താന്‍ സാധ്യതയും കൂടുതലാണ്.
2022 നവംബറിലാണ് രോഹിത്തും കോലിയും അവസാനമായി ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചത്. ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു ഇത്. രോഹിത്തിനു കീഴില്‍ ടൂര്‍ണമെന്റി്ല്‍ ഭേദപ്പെട്ട പ്രകടനം നടത്തി മുന്നേറിയ ഇന്ത്യക്കു പക്ഷെ സെമി ഫൈനലില്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.
ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട പരാജയമാണ് ഇന്ത്യക്കു സെമിയില്‍ നേരിട്ടത്. ഈ തോല്‍വിക്കു ശേഷം ടി20യില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കാല്‍ രോഹിത്തും കോലിയും തീരുമാനിക്കുകയായിരുന്നു. ഇനിയൊരിക്കലും ഇരുവരും ടി20യില്‍ കളിക്കില്ലെന്നിരിക്കെയാണ് ഇപ്പോള്‍ മറ്റൊരു ടി20 ലോകകപ്പിലൂടെ രണ്ടു പേരും മടങ്ങിവരാന്‍ തയ്യാറെടുക്കുന്നത്.