Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: റിഷഭ് 3ാം നമ്പറില്‍ സീറ്റുറപ്പിച്ചോ? ടീമിന്റെ പദ്ധതി എന്ത്? കോച്ച് പറയുന്നു

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം ടീം നേടിയെടുത്തിരിക്കുകയാണ്. അയര്‍ലന്‍ഡിനെ 8 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയുടെ അടുത്ത മത്സരം 9ന് പാകിസ്താനെതിരേയാണ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ ചില അപ്രതീക്ഷിത നീക്കമാണ് നടത്തിയിരിക്കുന്നത്. ബാറ്റിങ് ഓഡറില്‍ വലിയ പൊളിച്ചെഴുത്താണ് ഇന്ത്യ വരുത്തിയത്. ഓപ്പണിങ്ങിലേക്ക് രോഹിത് ശര്‍മയും വിരാട് കോലിയുമെത്തിയപ്പോള്‍ മൂന്നാം നമ്പറില്‍ റിഷഭ് പന്താണ് ഇറങ്ങുന്നത്.

ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് മൂന്നാം നമ്പറില്‍ സീറ്റുറപ്പിച്ചോ? വരുന്ന മത്സരങ്ങളിലും റിഷഭ് മൂന്നാം നമ്പറില്‍ത്തന്നെ കളിക്കുമോ?. ഇപ്പോഴിതാ ഈ ചോദ്യത്തിനുള്ള ഉത്തരം ടീമിന്റെ ബാറ്റിങ് പരിശീലകന്‍തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. റിഷഭ് തന്നെയാവും മൂന്നാം നമ്പറിലെന്നാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോര്‍ പറയുന്നത്. 'അവന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അവസാന രണ്ട് മത്സരത്തിലും മൂന്നാം നമ്പറില്‍ കളിച്ച് മികച്ച പ്രകടനം നടത്താന്‍ റിഷഭിനായി.

നിലവില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ താരം റിഷഭാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മൂന്നാം നമ്പറില്‍ കളിക്കുന്നത് ഇന്ത്യയെ സഹായിക്കും' വിക്രം റാത്തോര്‍ പറഞ്ഞു. ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ടില്‍ പൊളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ്. രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങിലേക്ക് വിരാട് കോലിയെത്തിയപ്പോള്‍ രണ്ട് വലം കൈയന്‍മാരുടെ കൂട്ടുകെട്ടായി ഓപ്പണിങ് മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മൂന്നാം നമ്പറില്‍ ഇടം കൈയന്‍ കളിക്കേണ്ടത് അത്യാവശ്യമാണ്.

നിലവിലെ ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഇടം കൈയന്‍ താരം റിഷഭാണ്. മൂന്നാം നമ്പര്‍ റിഷഭിന് അനുയോജ്യമായ ബാറ്റിങ് പൊസിഷനാണ്. അല്‍പ്പം പന്തുകള്‍ നേരിട്ട് നിലയുറപ്പിക്കാനുള്ള അവസരം റിഷഭിന് മുന്നിലുണ്ടാവും. അതുകൊണ്ടുതന്നെ പിടിച്ചുനിന്ന് വലിയ സ്‌കോറിലേക്കുയരാനും മാച്ച് വിന്നറാവാനും റിഷഭിന് മൂന്നാം നമ്പറില്‍ കളിച്ചാല്‍ സാധിച്ചേക്കും. അതുകൊണ്ടുതന്നെ മൂന്നാം നമ്പറിലേക്ക് റിഷഭിനെ എത്തിച്ചത് മികച്ച നീക്കമാണെന്ന് പറയാം.

rishabh pant

എന്നാല്‍ കോലി, രോഹിത് ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് തിരിച്ചടിയായി മാറാനുള്ള സാധ്യതയാണ് കൂടുതല്‍. അയര്‍ലന്‍ഡിനെതിരേ ഇരുവരും ഓപ്പണര്‍മാരായപ്പോള്‍ കൂട്ടുകെട്ടിന് തിളങ്ങാനായില്ല. ന്യൂയോര്‍ക്കിലെ പിച്ചില്‍ ബൗണ്‍സും സ്വിങ്ങും കൂടുതലാണ്. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങുക പ്രയാസമാവും. രോഹിത്തും കോലിയും ഓപ്പണര്‍മാരാവുകയും ഇരുവരും തുടക്കത്തിലേ മടങ്ങുകയും ചെയ്താല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായിക്കുമെന്നുറപ്പ്.

അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ വരുന്നത് സാഹസികമാണെന്ന് തന്നെ പറയാം. ഇന്ത്യയുടെ ബൗളിങ് നിര ശക്തമാണ്. മൂന്ന് പേസര്‍മാരും അയര്‍ലന്‍ഡിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. പാകിസ്താനെതിരേയും ഇതേ പ്രകടനം തുടരാനാവുമോയെന്നാണ് കണ്ടറിയേണ്ടത്. ന്യൂയോര്‍ക്കില്‍ സ്പിന്നര്‍മാരെക്കാള്‍ മികവ് കാട്ടാന്‍ പേസ് നിരക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്ന് പേസര്‍മാരെ നിലനിര്‍ത്തിയാവും ഇറങ്ങുക.

ഇന്ത്യയുടെ ഡെത്തോവറിലെ ബൗളിങ് പ്രകടനം മെച്ചപ്പെടേണ്ടതായുണ്ട്. അയര്‍ലന്‍ഡിനെതിരേ 50 റണ്‍സിന് 8 വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും പിന്നീടുള്ള 2 വിക്കറ്റില്‍ 46 റണ്‍സാണ് അയര്‍ലന്‍ഡ് നേടിയത്. ഇന്ത്യയുടെ ഈ പിഴവ് ഏറെ നാളുകളായിട്ടുള്ളതാണ്. ഇതിന് പരിഹാരം കാണാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം പ്രധാന മത്സരങ്ങളില്‍ വലിയ തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടതായി വരും. എന്തായാലും ഇത്തവണ പരീക്ഷണം നടത്താന്‍ ഇന്ത്യന്‍ ടീം ധൈര്യം കാട്ടുന്നു.

രാഹുല്‍ ദ്രാവിഡ് ഈ ടി20 ലോകകപ്പിന് ശേഷം പടിയിറങ്ങുകയാണ്. നിലവില്‍ അദ്ദേഹം ടീമില്‍ വരുത്തുന്ന മാറ്റങ്ങളെല്ലാം ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്കെത്തിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Thursday, June 6, 2024, 17:29 [IST]
Other articles published on Jun 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+