T20 World Cup 2024: ധോണിയില്ലെങ്കില്‍ കപ്പുമില്ല! നാല് ലോകകപ്പ് വിജയത്തിലും പങ്ക്, എങ്ങനെയെന്നറിയാം
ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പിന്റെ ഫൈനലില്‍ കളിച്ച സൗത്താഫ്രിക്കയെ അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ വീഴ്ത്തി ടി20 ലോകകപ്പില്‍ രണ്ടാം തവണയും മുത്തമിട്ടിരിക്കുകയാണ് ടീം ഇന്ത്യ. പരാജയം മണത്ത കളിയില്‍ അവസാന അഞ്ചോവറിലാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തി രോഹിത് ശര്‍മയും സംഘവും ലോകം കീഴടക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമായി ഈ ലോകകപ്പ് നേട്ടത്തിന് ഒരു ബന്ധമുണ്ടെന്നു കാണാം.
ഈ ടി20 ലോകകപ്പില്‍ മാത്രമല്ല ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി ഇന്ത്യ ഇതുവരെ സ്വന്തമാക്കിയ നാലു കിരീട വിജയങ്ങളിലും ധോണിയുടെ സാന്നിധ്യമുണ്ട്. ഇതു എങ്ങനെയാണെന്നു നോക്കാം. ധോണിയുടെ ജഴ്സി നമ്പര്‍ ഏറെ പ്രശസ്തമായ ഏഴാം നമ്പറാണെന്നത് എല്ലാവര്‍ക്കുമറിയാം. ഇത്തവണ ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതും ഏഴു റണ്‍സിനു തന്നെ. അതുകൊണ്ടു തന്നെ ഈ വിജയത്തിനു പിന്നിലും ധോണിയുടെ അദൃശ്യമായ സാന്നിധ്യമുണ്ടെന്നു ഉറപ്പിച്ച് പറയാം.

രണ്ടു വീതം ഏകദിന, ടി20 ലോകകപ്പുകളിലാണ് ഇന്ത്യ ഇതുവരെ ജേതാക്കളായത്. 1983ലായിരുന്നു ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിനു കീഴില്‍ ഇന്ത്യ ആദ്യമായി വിശ്വവിജയികളായത്. അന്നു ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടന്ന കലാശക്കളിയില്‍ ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിലസിയ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തായിരുന്നു കപിലും സംഘവും ലോകത്തെ ഞെട്ടിച്ചത്.
43 റണ്‍സിന്റെ ആധികാരിക വിജയമാണ് കപിലിന്റെ ചെകുത്താന്‍മാര്‍ സ്വന്തമാക്കിയത്. ഈ വിജയവും ധോണിയുമായി ഒരു ബന്ധമുണ്ട്. കാരണം ഇന്ത്യയുടെ വിജയ മാര്‍ജിനായ 43 റണ്‍സെന്ന നമ്പറിനെ കൂട്ടിയാല്‍ (4+3) ലഭിക്കുക ധോണിയുടെ ജഴ്സി നമ്പര്‍ തന്നെയാണ്.
1983ലെ ആ ലോകകപ്പ് മുതലാണ് ധോണിയും അദ്ദേഹത്തിന്റെ ജഴ്‌സി നമ്പറായ ഏഴും ഇന്ത്യയുടെയും ഭാഗ്യ നമ്പറായി മാറിയത്. അതിനു ശേഷം ഇന്ത്യയെ ലോകകപ്പ് വിജയങ്ങളിലേക്കു നയിക്കാനുള്ള ചുമതല ഏഴം നമ്പര്‍ ജഴ്‌സിയണിഞ്ഞ ധോണിക്കായിരുന്നു. 2007ല്‍ സൗത്താഫ്രിക്ക വേദിയായ പ്രഥമ ടി20 ലോകകപ്പില്‍ ഏഴാം നമ്പര്‍ ജഴ്‌സിക്കാരനായ ധോണിക്കു കീഴില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചു.
ആവേശകരമായ ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ മറികടന്നാണ് ധോണിയും സംഘവും കന്നി ടി20 ലോകകപ്പില്‍ മുത്തമിട്ടത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള ഈ നീളന്‍ മുടിക്കാരനെ ലോകം ശ്രദ്ധിച്ചതും ഈ വിജയത്തിനു ശേഷമായിരുന്നു.

അതിനു ശേഷം ഇന്ത്യയെ വീണ്ടുമൊരു ലോകകപ്പ് നേട്ടത്തിലേക്കു നയിച്ച് ഏഴാം നമ്പര്‍ ജഴ്‌സിയും ധോണിയും ഒരിക്കല്‍ക്കൂടി ഭാഗ്യം കൊണ്ടുവന്നു. 2011ല്‍ ഏകദിന ലോകകപ്പിലാണ് ധോണിക്കു കീഴില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചത്.
മുംബൈയിലെ വാംഖഡെയില്‍ നടന്ന ത്രില്ലിങ് ഫൈനലില്‍ ശ്രീലങ്കയെ വീഴ്ത്തിയാണ് ധോണിപ്പട കിരീടമുയര്‍ത്തിയത്. ഇപ്പോഴിതാ കരീബിയന്‍ മണ്ണില്‍ സൗത്താഫ്രിക്കയെ ഏഴു റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പും കൈക്കലാക്കിയിരിക്കുകയാണ്. ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത്.
ബാര്‍ബഡോസില്‍ നടന്ന കലാശക്കളിയില്‍ സൗത്താഫ്രിക്കയ്ക്കു 177 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയത്. ഈ ടോട്ടടിലേക്കു വീറോടെ പൊരുതിയ സൗത്താഫ്രിക്കയ്ക്കു അവസാന അഞ്ചോവറില്‍ ജയിക്കാന്‍ 30 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. പക്ഷെ ഉജ്ജ്വലമായി ബൗള്‍ ചെയ്ത ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ എട്ടു വിക്കറ്റിനു 169 റണ്‍സിലൊതുക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications