ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും അമേരിക്കയും സൂപ്പര്‍ എട്ടിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ പാകിസ്താന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായിരിക്കുകയാണ്. നാല് സൂപ്പര്‍ പേസര്‍മാരെയടക്കം ഉള്‍പ്പെടുത്തി ഇത്തവണ കപ്പടിക്കുമെന്ന് പറഞ്ഞെത്തിയ പാകിസ്താന് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. അമേരിക്കയോട് അട്ടിമറി തോല്‍വി നേരിട്ടതാണ് പാകിസ്താന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്.
ഇതോടൊപ്പം ഇന്ത്യയോട് ജയിക്കാവുന്ന കളി തോല്‍ക്കുകയും ചെയ്തു. ഇതോടെയാണ് പാകിസ്താന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നത്. അമേരിക്കയെ അയര്‍ലന്‍ഡ് തോല്‍പ്പിക്കുകയും അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ വമ്പന്‍ സ്‌കോറിന് തകര്‍ത്ത് നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ സൂപ്പര്‍ എട്ടിലേക്കെത്താമെന്നുമായിരുന്നു പാകിസ്താന്റെ അവസാന പ്രതീക്ഷ. എന്നാല്‍ മഴ വില്ലനായെത്തിയതോടെ അമേരിക്ക-അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിക്കുകയും അമേരിക്ക സൂപ്പര്‍ എട്ടിലേക്കെത്തുകയും ചെയ്യുകയായിരുന്നു.
പാകിസ്താന്റെ പുറത്താകല്‍ ആരാധകര്‍ക്ക് വലിയ നിരാശയാവുമ്പോള്‍ ട്രോളുമായി രംഗത്തെത്തുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യക്കെതിരേ ജയിക്കുമെന്ന് വെല്ലുവിളിച്ച പാക് താരങ്ങളും കപ്പ് അടിക്കുമെന്ന് പറഞ്ഞ നായകന്‍ ബാബര്‍ അസമിനും ഇപ്പോള്‍ ഒന്നും പറയാനില്ലേയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നത്. പാകിസ്താന്‍ പേസര്‍മാരുടെ അമിത ആത്മവിശ്വാസത്തിനേറ്റ അടിയാണിതെന്നും ആരാധകര്‍ പറയുന്നു. പാകിസ്താന്റെ ടീം സെലക്ഷനില്‍ വലിയ പാളിച്ചയുണ്ടായിരുന്നു.
കരുത്തുറ്റ ബൗളിങ് നിരയെ ഒപ്പം കൂട്ടാന്‍ പാകിസ്താനായെങ്കിലും ബാറ്റിങ് നിരയെക്കുറിച്ച് മറന്നു. ടി20യില്‍ മികവ് കാട്ടുന്ന മികച്ച ആഭ്യന്തര താരങ്ങള്‍ ഉണ്ടായിട്ടും ഇവരെയൊന്നും പരിഗണിക്കാതെ ഇഷ്ടക്കാരെ നായകന്‍ ബാബര്‍ ടീമില്‍ തിരികി കയറ്റിയതാണ് തോല്‍വിക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്. എന്തായാലും പാകിസ്താന്റെ ലോകകപ്പ് ചരിത്രത്തിലെ വലിയ നാണക്കേടായി ഈ പുറത്താകല്‍ മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ പാക് ടീമില്‍ ആഭ്യന്തര കലഹം ശക്തമാണ്.

പാകിസ്താന്റെ പല മുന്‍ താരങ്ങളും ബാബര്‍ അസമിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഈ പാക് ടീമില്‍ വലിയ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ശക്തമാണ്. വീണ്ടും ബാബറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2023ലെ ഏകദിന ലോകകപ്പില്‍ നാണംകെട്ട പ്രകടനം നടത്തിയതിന് പിന്നാലെ ബാബറിനെ നായകസ്ഥാനത്ത് നിന്ന് പാകിസ്താന്‍ നീക്കിയിരുന്നു. പിന്നീട് ഷഹിന്‍ ഷാ അഫ്രീദിയെ ടി20 നായകനാക്കി.
ഇത് ഫലം കാണാതെ വന്നതോടെയാണ് വീണ്ടും ബാബറിനെ നായകനാക്കിയത്. തിരിച്ചുവരവിലും ബാബറിന് കാര്യമായൊന്നും ചെയ്യാനായില്ല. ബാറ്റ്‌സ്മാനായും ക്യാപ്റ്റനായും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ബാബറിന് സാധിക്കാതെ പോയത് പാകിസ്താന്റെ തോല്‍വിക്ക് കാരണമായെന്ന് നിസംശയം പറയാം. എന്തായാലും ഇന്ത്യ ഹാട്രിക് ജയത്തോടെ സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയപ്പോള്‍ അമേരിക്കയോടടക്കം തോറ്റ് പാകിസ്താന്‍ നാണംകെട്ട് പുറത്തായിരിക്കുകയാണ്.
പാകിസ്താനും ഇന്ത്യയും ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്കെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായാണ് ഇത്തരമൊരു തിരിച്ചടി പാകിസ്താന് നേരിടേണ്ടി വന്നത്. ഫിറ്റ്‌നസ് പരിഗണിക്കാതെയാണ് ഇത്തവണ പാകിസ്താന്‍ താരങ്ങളെ ടിമില്‍ ഉള്‍പ്പെടുത്തിയത്. പാകിസ്താന്റെ പേസ് നിരയില്‍ മുഹമ്മദ് അമീറും ഹാരിസ് റഊഫും ഷഹിന്‍ ഷാ അഫ്രീദിയും മികച്ച ഫിറ്റ്‌നസില്ലാതെയാണ് കളിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
എന്തായാലും പാകിസ്താന്റെ നായകസ്ഥാനം ബാബറിന് നഷ്ടമാകാന്‍ സാധ്യത കൂടുതലാണ്. ലോകകപ്പിന് മുമ്പ് വലിയ വെല്ലുവിളികള്‍ നടത്തിയ പാകിസ്താന് അതൊന്നും കളത്തില്‍ കാട്ടാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഇപ്പോള്‍ പാകിസ്താന്‍ ട്രോളുകള്‍ ഏറ്റുവാങ്ങി നാണംകെടുകയാണ്. എന്തായാലും ഇത്തവണ ശക്തമായ പോരാട്ടം നടത്തിയാണ് അമേരിക്ക സൂപ്പര്‍ 8ലേക്കെത്തിയത്. പാകിസ്താനെ സംബന്ധിച്ച് മെച്ചപ്പെടാനുള്ള പാഠമാണ് ഈ തോല്‍വിയെന്ന് പറയാം.