ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ ടീമിന്റെ എതിരാളികള്‍ ആരൊക്കെയാണെന്നു വ്യക്തമായിരിക്കുകയാണ്. ഗ്രൂപ്പ് ഒന്നിലാണ് രോഹിത് ശര്‍മയും സംഘവും ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ഗ്രൂപ്പില്‍ ഇന്ത്യക്കൊപ്പമുള്ളത് മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ഏഷ്യയില്‍ നിന്നുള്ള അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരാണ്. ഗ്രൂപ്പിലെ മൂന്നു കളിയില്‍ രണ്ടെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ സെമി ഫൈനലില്‍ ഇന്ത്യ ഇടം പ്രതീക്ഷിക്കേണ്ടതുള്ളൂ.
വ്യാഴാഴ്ച അഫ്ഗാനിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ശനിയാഴ്ച ബംഗ്ലാദേശുമായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യ 24ന് തിങ്കളാഴ്ച അവസാന കളിയില്‍ ഓസ്‌ട്രേലിയയുമായും പോരടിക്കും. ഇന്ത്യയെ സംബന്ധിച്ച് സൂപ്പര്‍ എട്ടിലെ ഏറ്റവും വലിയ അഗ്നിപരീക്ഷ ഇതു തന്നെയായിരിക്കും. അതുകൊണ്ടു തന്നെ അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ ഇന്ത്യക്കു ജയിച്ചേ തീരൂ.

ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളില്‍ ഇന്ത്യന്‍ ബൗളിങ് നിര മിന്നുന്ന പ്രകടനമാണ് നടത്തിയത്. മൂന്നു കളിയിലും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും ബൗളര്‍മാരായിരുന്നു. ബാറ്റിങ് നിര ഇതുവരെ കാര്യമായി ക്ലിക്കാവാതെ പോയപ്പോള്‍ സൂപ്പര്‍ എട്ട് പ്രവേശനത്തിനു ബൗളര്‍മാരോടാണ് ഇന്ത്യ കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതേ ബൗളിങ് ആക്രമണത്തെ സൂപ്പര്‍ എട്ടില്‍ ഓസീട് ടീം പഞ്ഞിക്കിട്ടേക്കും. ഇതിന്റെ കാരണമറിയം.
മൂന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനാണ് ഇന്ത്യ ഇതിനകം പരീക്ഷിച്ചത്. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെട്ടതാണ് ഇന്ത്യന്‍ നിര. നാലാമത്തെ പേസറായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെത്തിയപ്പോള്‍ സ്പിന്‍ വിഭാഗം കൈകാര്യം ചെയ്തത് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമായിരുന്നു. ഏഴു വീതം വിക്കറ്റുകളെുത്ത ഹാര്‍ദിക്കും അര്‍ഷ്ദീപുമാണ് ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാംസ്ഥാനം പങ്കിടുന്നത്. ബുംറ അഞ്ചു പേരെ പുറത്താക്കിയപ്പോള്‍ അക്ഷര്‍ മൂന്നു വിക്കറ്റകളും പിഴുതു.
പക്ഷെ ഓസീസുമായുള്ള സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വാരിക്കോരി നല്‍കിയേക്കും. ഓസീസ് ബാറ്റിങ് നിരയുടെ പ്രഹരശേഷി മാത്രമല്ല ഇതിനു കാരണം. മറിച്ച് ഈ പോരാട്ടം നടക്കാനിരിക്കുന്ന വേദിയാണ് ഇങ്ങനെയൊരു കണക്കുകൂട്ടലിനു പിന്നില്‍.
ഈ മല്‍സരം നടക്കാനിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസിലെ സെന്റ് ലൂസിയയിലുള്ള ഡാരന്‍ സമി ദേശീയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ്. ഈ ലോകകപ്പില്‍ ബൗളര്‍മാരൈ ഭയപ്പെടുത്തുന്ന വേദിയായി ഇതു മാറിക്കഴിഞ്ഞു. കാരണം ബാറ്റര്‍മാരെ അത്രയുമധികം തുണയ്ക്കുന്ന പിച്ചാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഈ ലോകകപ്പില്‍ ഇതിനകം ഈ മൈതാനത്തു നടന്ന മല്‍സരങ്ങളെടുത്താല്‍ ബാറ്റര്‍മാരുടെ അഴിഞ്ഞാട്ടം തന്നെയാണ് കണ്ടിട്ടുള്ളത്. നെതര്‍ലാന്‍ഡ്‌സുമായി ഈ ഗ്രൗണ്ടില്‍ അവസാന ഗ്രൂപ്പ് മല്‍സരം കളിച്ച ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 201 റണ്‍സാണ്. മല്‍സരത്തില്‍ ലങ്ക അനായാസം ജയിക്കുകയും ചെയ്തു. ഈ ഗ്രൗണ്ടില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ്- അഫ്ഗാനിസ്താന്‍ മല്‍സരത്തിലും റണ്‍മഴയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.
അഫ്ഗാന്റെ മൂര്‍ച്ചയേറിയ ബൗളിങ് നിരയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വാരിക്കൂട്ടിയത് 218 റണ്‍സാണ്. വലിയ മാര്‍ജിനിലായിരുന്നു കളിയില്‍ വിന്‍ഡീസിന്‍റെ വിജയം. സെന്റ് ലൂസിയയില്‍ നടന്ന ഓസ്‌ട്രേലിയ- സ്‌കോട്ട്‌ലാന്‍ഡ് മല്‍സരത്തിലും റണ്ണൊഴുക്ക് കണ്ടിരുന്നു.
മല്‍സരത്തില്‍ 181 റണ്‍സെന്ന വെല്ലുവിളിയുയര്‍ന്ന ടോട്ടല്‍ ഓസീസ് ചേസ് ചെയ്ത് ജയിച്ചിരുന്നു. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ടിം ഡേവിഡ് എന്നിവരുള്‍പ്പെടുന്ന ഓസീസിന്റെ അതിശക്തമായ ബാറ്റിങ്‌നിര ഇന്ത്യന്‍ ബൗളര്‍മാരുടെ കഥ കഴിക്കാനാണ് സാധ്യത.