ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ കളിക്കുന്ന ഇന്ത്യയുടെ അവസാന മത്സരം കാനഡക്കെതിരേ നടക്കാന്‍ പോവുകയാണ്. ഇന്ത്യ ആദ്യ മൂന്ന് മത്സരവും ജയിച്ച് സൂപ്പര്‍ 8ല്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. അയര്‍ലന്‍ഡിനേയും പാകിസ്താനേയും അമേരിക്കയേയും തോല്‍പ്പിച്ച ഇന്ത്യക്ക് ഇനി കാനഡക്കെതിരായ മത്സരമാണ് ശേഷിക്കുന്നത്. കാനഡക്കെതിരേ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സഞ്ജു സാംസണ്‍ കാനഡക്കെതിരേ കളിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
കാനഡ ദുര്‍ബലരായതിനാല്‍ത്തന്നെ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകുമെന്നായിരുന്നു പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇന്ത്യ കാനഡക്കെതിരേ പ്ലേയിങ് 11 മാറ്റില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിന്റെ കാരണം രോഹിത് ശര്‍മയുടെ തീരുമാനമാണെന്നാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ ഈ 11ന് കീഴില്‍ തുടര്‍ച്ചയായി ജയിക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് പൊളിക്കേണ്ടതില്ലെന്നാണ് രോഹിത്തിന്റെ തീരുമാനം.

ഓരോ മത്സരങ്ങളിലും ഓരോ മാച്ച് വിന്നര്‍മാരെ ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ നിലവിലെ പ്രശ്‌നം ബാറ്റിങ് നിരയിലാണ്. ഓപ്പണിങ്ങിലേക്കെത്തുമ്പോള്‍ വിരാട് കോലി മോശം ഫോമിലാണ്. നായകന്‍ രോഹിത് ശര്‍മക്കും താളം കണ്ടെത്താനാവുന്നില്ല. എന്നാല്‍ ഈ രണ്ട് പേരെ മാറ്റിനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കില്ല. രോഹിത് ശര്‍മ ഇതേ ഓപ്പണിങ് കൂട്ടുകെട്ട് തുടരുമെന്നാണ് ആവര്‍ത്തിച്ച് പറയുന്നത്. നിലവിലെ കോലിയുടെ ഫോം മോശമാണെങ്കിലും അദ്ദേഹം ഇതിഹാസ താരമാണ്.
ഒരു ഷോട്ട് കൊണ്ട് പോലും കോലിക്ക് ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കും. അതുകൊണ്ടുതന്നെ കോലിയെ മാറ്റാന്‍ രോഹിത് താല്‍പര്യം കാട്ടില്ല. മൂന്നാം നമ്പറില്‍ റിഷഭ് പന്ത് മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഈ സ്ഥാനത്ത് നിന്ന് റിഷഭിനെ മാറ്റുന്നതിനെപ്പറ്റി ആലോചിക്കുന്നേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയുമായിരുന്നു ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയത്. എന്നാല്‍ അമേരിക്കയ്‌ക്കെതിരേ ഇരുവരും കരുത്തുകാട്ടി.
ശിവം ദുബെയെ ഇന്ത്യ പുറത്തിരുത്തി സഞ്ജു സാംസണെ കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ രോഹിത് ശര്‍മ ദുബെയെയാണ് പിന്തുണക്കുന്നത്. കാനഡക്കെതിരേയും ദുബെ തുടരും. കാരണം വെസ്റ്റ് ഇന്‍ഡീസിലാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ നടക്കുന്നത്. ഇതിന് മുമ്പ് ദുബെ ഫോമിലേക്കെത്തിയിട്ടേയുള്ളു. അതുകൊണ്ടുതന്നെ ദുബെക്ക് ഇപ്പോള്‍ വിശ്രമം അനുവദിക്കുന്നത് ടീമിന് ഗുണം ചെയ്യാന്‍ സാധ്യത യില്ല.
ദുബെയെ കാനഡക്കെതിരേയും കളിപ്പിക്കാനാവും രോഹിത് ആഗ്രഹിക്കുക. വെസ്റ്റ് ഇന്‍ഡീസിലേക്കെത്തുമ്പോള്‍ ദുബെക്ക് നിര്‍ണ്ണായക റോളാണുള്ളത്. അവിടുത്തെ പിച്ച് സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ മധ്യനിരയില്‍ വമ്പനടി കാഴ്ചവെക്കാന്‍ സാധിക്കുന്ന ദുബെക്ക് നിര്‍ണ്ണായക റോളുണ്ട്. ദുബെ ഫോമിലേക്കെത്തിയാല്‍ വലിയ ഷോട്ടുകള്‍ അനായാസം കളിക്കാനാവും. നിലവില്‍ ഫോമിലുള്ള ദുബെക്ക് വിശ്രമം അനുവദിക്കാന്‍ രോഹിത് തയ്യാറായേക്കില്ല.
രവീന്ദ്ര ജഡേജയെ മാറ്റി കുല്‍ദീപ് യാദവിനെ കൊണ്ടുവരുന്നത് മണ്ടത്തരമാണ്. ആദ്യ മത്സരങ്ങളില്‍ ജഡേജക്ക് തിളങ്ങാനായില്ലെന്നത് വസ്തുതയാണ്. എന്നാല്‍ അമേരിക്കയിലെ പിച്ചില്‍ കൈക്കുഴ സ്പിന്നര്‍മാര്‍ക്ക് വലിയ റോളില്ല. പേസര്‍മാര്‍ക്ക് തന്നെയാണ് ഇവിടെ മുന്‍തൂക്കം. അതുകൊണ്ടുതന്നെ ഇന്ത്യ കുല്‍ദീപിനെ ഇപ്പോള്‍ കൊണ്ടുവന്നേക്കില്ല. അതേ സമയം വെസ്റ്റ് ഇന്‍ഡീസിലേക്കെത്തുമ്പോള്‍ കുല്‍ദീപിന് നിര്‍ണ്ണായക റോളുണ്ട്. കാനഡക്കെതിരേ കുല്‍ദീപിനെ പരിഗണിക്കാനാവില്ല.
പേസര്‍മാര്‍ക്ക് വിശ്രമം നല്‍കിയാല്‍ അവരുടെ താളം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. അര്‍ഷ്ദീപ് സിങ് ന്യൂബോളില്‍ വിക്കറ്റ് നേടി സ്ഥിരതയോടെ കസറുന്നു. ജസ്പ്രീത് ബുംറ സാഹചര്യത്തിനനുസരിച്ച് മികവ് കാട്ടുന്നുണ്ട്. മുഹമ്മദ് സിറാജ് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നില്ലെങ്കിലും ഇക്കോണമി കാത്ത് പന്തെറിയുന്നു. നിലവില്‍ മൂന്ന് പേരും ഒരുപോലെ മികച്ച പ്രകടനം നടത്തുന്നതിനാല്‍ ഇന്ത്യ മാറ്റത്തിന് തയ്യാറാവാന്‍ യാതൊരു സാധ്യതയുമില്ലെന്നതാണ് വസ്തുത.