അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. ജൂണ്‍ ഒന്നിനാണ് ഒരു മാസം ദൈര്‍ഘ്യമുള്ള കുട്ടി ക്രിക്കറ്റിലെ പൂരത്തിനു കൊടുയേറുക. ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിനു അട്ടിമറി വിജയങ്ങള്‍ക്കു ശേഷിയുള്ള അയര്‍ലാന്‍ഡുമായിട്ടാണ്. ചിരവൈരികളായ പാകിസ്താനാണ് ഗ്രുപ്പില്‍ ഇന്ത്യയുടെ പ്രധാന എതിരാളികള്‍.
ഒമ്പതു നഗരങ്ങളിലായി 55 മല്‍സരങ്ങളാണ് ലോകകപ്പിലുള്ളത്. വിന്‍ഡീസില്‍ ആറു വേദികളുണ്ടെങ്കില്‍ ശേഷിച്ച മൂന്നെണ്ണം അമേരിക്കയിലാണ്. ഇന്ത്യയുടെ ഗ്രൂപ്പ് മല്‍സരങ്ങളെല്ലാം അമേരിക്കയിലാണ്. എന്നാല്‍ നോക്കൗട്ട് മല്‍സരങ്ങളും ഫൈനലുമെല്ലാം വിന്‍ഡീസിലാണ് നടക്കുക. അസോസിയേറ്റ് രാജ്യങ്ങളടക്കം 20 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

പിടിഐയോടു സംസാരിക്കവെയാണ് ലോകപ്പിന്റെ ഫൈനലില്‍ ഏതൊക്കെ ടീമുകളായിരിക്കും മുഖാമുഖം വരികയെന്നു ലാറ പ്രവചിച്ചത്. ഇന്ത്യയും തന്റെ ജന്‍മരാജ്യമായ വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരിക്കും ഇത്തവണത്തെ കലാശപ്പോരാട്ടമെന്നാണ് ലാറയുടെ പ്രവചനം. ഇതില്‍ ആരാവും വിജയിക്കുകയെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
വെസ്റ്റ് ഇന്‍ഡീസ് ഈ ലോകകപ്പില്‍ നന്നായി പെര്‍ഫോം ചെയ്യണം. ഒരുപാട് വ്യക്തിത സ്റ്റാറുകള്‍ അവര്‍ക്കുണ്ട്. അവരെല്ലാം ഒരു ടീമായി ഒന്നിച്ചു വരികയാണെങ്കില്‍ നല്ല പ്രകടനം പുറത്തെടുക്കും. സെലക്ഷനുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകളുണ്ടായെങ്കിലും ഇന്ത്യ ലോകകപ്പിലെ ടോപ്പ് ഫോറുകളിലൊന്നായിരിക്കും. ഇന്ത്യ-വിന്‍ഡീസ് ഫൈനല്‍ സംഭവിക്കുകയാണെങ്കില്‍ അതു മുന്‍കാലത്തെ തെറ്റുകള്‍ പരിഹരിക്കാന്‍ സഹായിക്കും.
2007ല്‍ ഇന്ത്യയെ രണ്ടാം റൗണ്ടില്‍ മിസ്സ് ചെയ്തു. അതു കരീബിയയിലുള്ള ഞങ്ങളെ വധിക്കുന്നതിനു തുല്യമായിരുന്നു. വീണ്ടും അതു സംഭവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇത്തവണ ഫൈനലില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും നേര്‍ക്കുനേര്‍ വരണം. മികച്ച ടീം ആരാണോ അവര്‍ വിജയിക്കുകയും ചെയ്യട്ടെയെന്നും ലാറ വ്യക്തമാക്കി. 2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചാംപ്യന്‍മാര്‍ ഇന്ത്യയായിരുന്നു. ടൂര്‍ണമെന്റില്‍ പ്ലേഓഫ് പോലുമെത്താതെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ വിന്‍ഡീസ് പുറത്താവുകയായിരുന്നു. ഇതേക്കുറിച്ചാണ് ലാറ പരാമര്‍ശിച്ചിരിക്കുന്നത്.

ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെക്കൂടാതെ ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്താനിടയുള്ള മറ്റു ടീമുകള്‍ ആരൊക്കെയാവുമെന്നും ലാറ ചൂണ്ടിക്കാട്ടി. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനും ഏഷ്യയില്‍ നിന്നുള്ള അപകടകാരികളായ അഫ്ഗാനിസ്താനും ആദ്യത്തെ നാലില്‍ ഇടം പിടിക്കാന്‍ സാധിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം.
എന്നാല്‍ മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയയെ ലാറ തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. കരീബിയയില്‍ ഇംഗ്ലണ്ട് ടീം വളരെ നന്നായി ആസ്വദിക്കുമെന്നു തോന്നുന്നു. അവര്‍ നോക്കൗണ്ടിലുണ്ടാവുക തന്നെ ചെയ്യും. നാലാമത്തെ ടീം അഫ്ഗാനിസ്താനായിരിക്കും. അവര്‍ക്കു അതിനുള്ള ശേഷിയുണ്ടെന്നും ലാറ വിശദമാക്കി.
ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ്. സിറാജ്.
റിസര്‍വുകള്‍- ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.