കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇനി സൂപ്പര്‍ എട്ട് പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഓസ്‌ട്രേലിയയുമാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ എതിരാളികള്‍. ഇവരെയെല്ലാം മറികടന്ന് ഇന്ത്യ സെമിയിലേക്കെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. ഇത്തവണ ഇന്ത്യ സൂപ്പര്‍ എട്ടിലേക്കെത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം മോശമായിരുന്നു.
ബാറ്റിങ് നിരക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ഇന്ത്യയുടെ പല താരങ്ങളും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. വിരാട് കോലിയും രോഹിത് ശര്‍മയുമൊന്നും കാര്യമായ പ്രകടനം നടത്തിയിട്ടില്ല. എന്നാല്‍ പിച്ച് അമേരിക്കയില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസിലേക്ക് മാറുമ്പോള്‍ ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ എതിരാളികള്‍ നിസാരരല്ല.
അഫ്ഗാനിസ്ഥാനെ ഇന്ത്യ ഇത്തവണ ഭയക്കണം. ന്യൂസീലന്‍ഡിനെയടക്കം അട്ടിമറിച്ച ആത്മവിശ്വാസത്തോടെയാണ് അഫ്ഗാനിസ്ഥാന്‍ വരുന്നത്. ഇത്തവണ അഫ്ഗാന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കരുതിത്തന്നെ ഇറങ്ങണം. നിലവില്‍ റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത് റഹ്‌മാനുല്ല ഗുര്‍ബാസാണ്. 3 മത്സരത്തില്‍ നിന്ന് 167 റണ്‍സുമായി അദ്ദേഹം ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.
ഇബ്രാഹിം സദ്രാന്‍നും ബാറ്റുകൊണ്ട് കരുത്തുകാട്ടുന്നു. ബൗളിങ് നിരയിലേക്ക് വരുമ്പോള്‍ 12 വിക്കറ്റുമായി ഫസല്‍ഹഖ് ഫറൂഖിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇന്ത്യക്കെതിരേ സമീപകാലത്ത് കളിച്ചപ്പോഴെല്ലാം ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ അഫ്ഗാന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്കെതിരേ വരുമ്പോള്‍ കടുത്ത മത്സരം പ്രതീക്ഷിക്കാം. അഫ്ഗാന്റെ സ്പിന്‍ ബൗളിങ് നിരയും മികച്ച ഫോമിലാണുള്ളത്.

റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവരെല്ലാം വെസ്റ്റ് ഇന്‍ഡീസ് പിച്ചിലേക്കെത്തുമ്പോള്‍ ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തും. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് നായകന്‍ രോഹിത് ശര്‍മ നല്‍കുന്നത്. അങ്ങനെ വന്നാല്‍ സമീപകാലത്തെ നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ അഫ്ഗാന്‍ ഇന്ത്യയെ ഞെട്ടിക്കാന്‍ കഴിവുള്ള നിരയാണ്. അഫ്ഗാനെ മറികടക്കാന്‍ ഇന്ത്യ നന്നായി വിയര്‍ക്കേണ്ടി വരും.
ബംഗ്ലാദേശിന്റെ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് വലിയ ഭീഷണിയായേക്കില്ല. ഷക്കീബ് അല്‍ ഹസന്‍ ഫോമിലേക്കെത്തിയെങ്കിലും ടീമെന്ന നിലയില്‍ ബംഗ്ലാദേശിന് ദൗര്‍ബല്യങ്ങളേറെ. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിക്കുമെന്ന് കരുതാനാവില്ല. പക്ഷെ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ഓസ്‌ട്രേലിയയാണ്. 2023ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കപ്പടിച്ചത്.
ഇതിന് കണക്കുവീട്ടാനാണ് ഇന്ത്യ കാത്തിരിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുക ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്നുറപ്പ്. നിരവധി മാച്ച് വിന്നര്‍മാരുടെ നിരയാണ് ഓസ്‌ട്രേലിയ. അതുകൊണ്ടുതന്നെ ഇന്ത്യ ഭയക്കണം. മാര്‍ക്കസ് സ്റ്റോയിണിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവരുടെയെല്ലാം വെല്ലുവിളി മറികടക്കാന്‍ ഇന്ത്യക്ക് നന്നായി വിയര്‍ക്കേണ്ടി വരും.
ഇന്ത്യ രോഹിത് ശര്‍മ, വിരാട് കോലി ഓപ്പണിങ് കൂട്ടുകെട്ടില്‍ ഉറച്ച് നില്‍ക്കുന്നത് ടീമിനെ പിന്നോട്ടടിക്കുമെന്നുറപ്പ്. രണ്ട് പേരും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരും ടീമിന്റെ നട്ടെല്ലുകളുമാണ്. അതുകൊണ്ടുതന്നെ ഇരുവരേയും പെട്ടെന്ന് മടക്കാനായാല്‍ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലേക്ക് പോകും. ഇന്ത്യന്‍ നിരയില്‍ റിഷഭ് പന്തിനെ മാത്രമാണ് നിലവില്‍ വിശ്വസ്തനെന്ന് വിളിക്കാനാവുന്നത്. സൂര്യകുമാര്‍ യാദവിനും ശിവം ദുബെക്കും സ്ഥിരതയില്ല.
ഇന്ത്യയുടെ പേസ് നിരയും സ്പിന്‍ നിരയും ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയേയും അഫ്ഗാനേയും തോല്‍പ്പിക്കുക ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണെന്ന് നിസംശയം പറയാം.