ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെയധികം നിര്‍ണായകമാണ്. കാരണം ഒരു ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ 2013 മുതലുള്ള കാത്തിരിപ്പ് അനിശ്ചിതമായ നീളുന്നത് ഇത്തവണയെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ട്. 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍പ്പോലും ഇന്ത്യക്കു വിജയിക്കാനായിട്ടില്ല. ഈ നാണക്കേട് മായ്ക്കാന്‍ ഇന്ത്യക്കു മുന്നിലുള്ള ഏറ്റവും നല്ല അവസരമായിരിക്കും ഇത്.
മാത്രമല്ല പല സീനിയര്‍ താരങ്ങളുടെയും അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. അതുകൊണ്ടു തന്നെ അവരെ വിജയത്തോടെ തന്നെ യാത്രയാക്കാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെയൊന്നും ഇനിയൊരു ഐസിസി ടൂര്‍ണമെന്റില്‍ കണ്ടേക്കില്ല.

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടത്തിനു തൊട്ടരികെ വരെയെത്തിയിരുന്നു. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഫൈനലിലേക്കു കുതിച്ച ഇന്ത്യ കലാശക്കളിയില്‍ ഓസ്‌ട്രേലിയയോടു തോല്‍ക്കുകയായിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു കിരീട സാധ്യതയുണ്ടോ? കുറവാണെന്നു തന്നെ പറയേണ്ടി വരും. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു തിരിച്ചടിയാവുന്ന മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ക്യാപ്റ്റന്‍ രോഹിത്തിന്റെയും വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെയും മോശം ഫോമാണ് ആദ്യത്തെ കാരണം. ഇന്ത്യയെ സംബന്ധിച്ച് ടൂര്‍ണമെന്റിലെ ഏറ്റവും നിര്‍ണായകമായ രണ്ടു താരങ്ങള്‍ കൂടിയാണ് ഇരുവരും. അതുകൊണ്ടു തന്നെ രണ്ടു പേരില്‍ നിന്നും മികച്ച സംഭാവനകള്‍ ഇന്ത്യക്കു ആവശ്യമാണ്. പക്ഷെ നിലവിലെ ഫോമില്‍ അവരില്‍ നിന്നും അതു പ്രതീക്ഷിക്കാനും സാധിക്കില്ല.
തുടക്കം മുതല്‍ വളരെ ഒഴുക്കോടെ ബാറ്റ് വീശി അനായാസം റണ്‍സ് സ്‌കോര്‍ ചെയ്യുന്നയാളാണ് രോഹിത്. അദ്ദേഹം നല്‍കുന്ന മികച്ച തുടക്കങ്ങള്‍ പിന്നീട് ക്രീസിലെത്തുന്നവരുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യാറുണ്ട്. പക്ഷെ ഈ ഐപിഎല്ലില്‍ രോഹിത് നിരാശപ്പെടുത്തുകയാണ്. ലോകകപ്പില്‍ അദ്ദേഹം നേരത്തേ പുറത്തായാല്‍ അതു ഇന്ത്യന്‍ ബാറ്റിങ് നിരയെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കും. മുംബൈക്കൊപ്പമുള്ള രോഹിത്തിന്റെ ഇപ്പോഴത്തെ ഫോം നോക്കുമ്പോള്‍ ഇന്ത്യക്കു കാര്യങ്ങള്‍ അത്ര ശുഭകരമല്ല.
ഹാര്‍ദിക്കിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. മുംബൈ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം അവസാനത്തെ ചില മല്‍സരങ്ങളില്‍ ബൗളിങില്‍ മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും ബാറ്റിങ് മറന്ന മട്ടാണ്. ബാറ്റിങില്‍ മുമ്പത്തേതു പോലെ യാതൊരു ചലനവുമുണ്ടാക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. ലോകകപ്പില്‍ ബാറ്റിങിലും ബൗളിങിലും ഹാര്‍ദിക്കില്‍ മികച്ച സംഭാവനകള്‍ ഇന്ത്യക്കു കൂടിയേ തീരൂ. അതുണ്ടായില്ലെങ്കില്‍ ടീമിനു വലിയ തിരിച്ചടിയാവും ടൂര്‍ണമെന്റില്‍ നേരിടേണ്ടി വരിക.
ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയാവുന്ന രണ്ടാമത്തെ കാര്യം മികച്ചൊരു ഫിനിഷറുടെ അഭാവമാണ്. ലോകകപ്പില്‍ ഫിനിഷറായി ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇന്ത്യക്കു വ്യക്തതയില്ല. ഈ റോളിലേക്കു ഇന്ത്യ വളര്‍ത്തിക്കൊണ്ടു വന്നയാളാണ് റിങ്കു സിങ്. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം തഴയപ്പെട്ടത്. 15 അംഗ സംഘത്തില്‍ നിന്നും തഴയപ്പെട്ട അദ്ദേഹത്തിനു റിസര്‍വ് ലിസ്റ്റില്‍ മാത്രമേ സ്ഥാനം ലഭിച്ചിട്ടുള്ളൂ.

നിലവില്‍ ഹാര്‍ദിക്, രവീന്ദ്ര ജഡേജ എന്നിവരായിരിക്കും ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ആറും ഏഴും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്‌തേക്കുക. പക്ഷെ ഇരുവരുടെയും നിലവിലെ സ്‌ട്രൈക്ക് റേറ്റ് ആശങ്കാജനകമാണ്. അതുകൊണ്ടു തന്നെ ഫിനിഷറുടെ റോള്‍ ഇവര്‍ക്കു എത്രത്തോളം നിര്‍വഹിക്കാന്‍ സാധിക്കുമെന്നതു കണ്ടു തന്നെ അറിയണം.
ഇന്ത്യയുടെ മൂന്നാമത്തെ പ്രശ്‌നം ഫാസ്റ്റ് ബൗളര്‍മാരുടെ ഫോമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ലോകകപ്പ് സ്‌ക്വാഡിലെ പേസര്‍മാര്‍. ബുംറ പതിവുപോലെ മാരക ഫോമില്‍ തന്നെയാണെങ്കിലും മറ്റു രണ്ടുപേരുടെയും സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ഇവര്‍ക്കൊപ്പം പേസ് ബൗളിങില്‍ ഹാര്‍ദിക്കും കൂടി ഇന്ത്യന്‍ ലൈനപ്പിലുണ്ടാവും.
പക്ഷെ ഡെത്ത് ഓവറുകളില്‍ മൂന്നു പേരുടെയും ബൗളിങ് പ്രകടനങ്ങള്‍ നിരാശാജനകമാണ്. അര്‍ഷ്ദീപിന്‍റെ ഇക്കോണമി റേറ്റ് 10.06ഉം സിറാജിന്റേത് 9.26ഉം ഹാര്‍ദിക്കിന്റേത് 10.58ഉം ആണ്. ബുംറ ഒരു ഭാഗത്ത് റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തിയാലും ഇവര്‍ റണ്‍സ് വാരിക്കോരി നല്‍കിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവും.