T20 World Cup 2024: ഇന്ത്യയെ അയര്‍ലന്‍ഡ് ഞെട്ടിക്കുമോ? അനായാസ ജയം നേടില്ല! കണക്കുകളിതാ
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരം ബുധനാഴ്ച അയര്‍ലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ഇത്തവണ വലിയ കിരീട പ്രതീക്ഷയോടെ ഇറങ്ങുന്ന ഇന്ത്യ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിന് തോല്‍പ്പിച്ച് എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഇതേ മികവ് അയര്‍ലന്‍ഡിനെതിരേയും കാട്ടാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയും അയര്‍ലന്‍ഡും നേര്‍ക്കുനേര്‍ എത്താനൊരുങ്ങവെ നേര്‍ക്കുനേര്‍ കണക്കുകള്‍ പരിശോധിക്കാം.
ഇരു ടീമും ടി20 ഫോര്‍മാറ്റില്‍ 7 തവണയാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ 7 തവണയും ജയം ഇന്ത്യക്കായിരുന്നു. ഇതുവരെ ഇന്ത്യയെ ടി20 ഫോര്‍മാറ്റില്‍ തോല്‍പ്പിക്കാന്‍ അയര്‍ലന്‍ഡിന് സാധിച്ചിട്ടില്ല. അയര്‍ലന്‍ഡിനെതിരേ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ 225 റണ്‍സാണ്. 2022ല്‍ ഡുബ്ലിനില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യ സ്‌കോര്‍ നേടിയത്. അയര്‍ലന്‍ഡിനെ 70 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റിയതും ഇതേ പിച്ചിലാണ്. ഇന്ത്യയുടെ വലിയ ജയം 143 റണ്‍സിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചതാണ്.
8 വിക്കറ്റിനും അയര്‍ലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാനും അയര്‍ലന്‍ഡിനായിട്ടുണ്ട്. ഒരു തവണ രണ്ട് റണ്‍സിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്. അത്രത്തോളം കടുത്ത പോരാട്ടം കാഴ്ചവെക്കാന്‍ അയര്‍ലന്‍ഡിന് സാധിച്ചു. കൂടുതല്‍ റണ്‍സ് അയര്‍ലന്‍ഡുകാരനായ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയുടെ പേരിലാണ്. 156 റണ്‍സാണ് 6 മത്സരത്തില്‍ നിന്ന് അദ്ദേഹം നേടിയത്. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ദീപക് ഹൂഡയുടെ പേരിലാണ്.
57 പന്തില്‍ 104 റണ്‍സാണ് ഹൂഡ നേടിയത്. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഹൂഡക്ക് ഇടമില്ല. നേര്‍ക്കുനേര്‍ മത്സരത്തില്‍ സെഞ്ച്വറി പ്രകടനം നടത്തിയ ഏക താരവും ഹൂഡയാണ്. നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 2 തവണ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. ബാല്‍ബിര്‍ണിയും രണ്ട് ഫിഫ്റ്റി സ്വന്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സിക്‌സര്‍ (11) ബാല്‍ബിര്‍ണിയുടെ പേരിലാണ്. കൂടുതല്‍ ഡെക്കായത് പോള്‍ സ്റ്റിര്‍ലിങ്ങാണ്. 2 തവണയാണ് സ്റ്റിര്‍ലിങ് പൂജ്യത്തിന് മടങ്ങിയത്.

കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യയുടെ കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലുമാണ്. രണ്ട് പേരും 7 വിക്കറ്റുകള്‍ വീതമാണ് നേടിയത്. അയര്‍ലന്‍ഡിന്റെ ക്രെയ്ഗ് യങ്ങും ഏഴ് വിക്കറ്റാണ് നേടിയത്. മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡ് സഹീര്‍ ഖാന്റെ പേരിലാണ്. 19 റണ്‍സിന് 4 വിക്കറ്റാണ് സഹീര്‍ നേടിയത്. മികച്ച കൂട്ടുകെട്ട് റെക്കോഡ് ദീപക് ഹൂഡയുടേയും സഞ്ജു സാംസണിന്റേയും പേരിലാണ്. ഓപ്പണര്‍മാരായി ഇറങ്ങി 176 റണ്‍സാണ് ഇവര്‍ നേടിയത്.
കൂടുതല്‍ ജയം നേടിയ നായകന്മാര്‍ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്്പ്രീത് ബുംറ എന്നിവരാണ്. ഇവര്‍ രണ്ട് ജയം വീതമാണ് നായകനായി നേടിയത്. ഇത്തവണ അയര്‍ലന്‍ഡിനെതിരേ വലിയ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല. ഗ്രൂപ്പ് എയില്‍ തലപ്പത്തെത്താന്‍ ഇന്ത്യക്ക് എല്ലാ മത്സരങ്ങളിലും വലിയ ജയം നേടേണ്ടതായുണ്ട്. അയര്‍ലന്‍ഡിനെതിരേ ഇന്ത്യ ശക്തമായ ടീമിനെത്തന്നെയാവും കളത്തിലിറക്കുക. ചെറിയ ടീമെന്ന നിലയില്‍ അയര്‍ലന്‍ഡിനെ എഴുതിത്തള്ളാനാവില്ല.
പോള്‍ സ്റ്റിര്‍ലിങ്ങിനെപ്പോലൊരു അനുഭവസമ്പന്നനായ താരമാണ് അയര്‍ലന്‍ഡിനെ നയിക്കുന്നത്. ആന്‍ഡി ബാല്‍ബിര്‍ണി, കുര്‍ട്ടിസ് കംഫര്‍, ജോഷ് ലിറ്റില്‍, ഹാരി ടെക്ടര്‍, ലോര്‍ക്കാന്‍ ടെക്ടര്‍, ക്രെയ്ഗ് യങ് എന്നിവരെല്ലാം ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. ഇന്ത്യ ഫേവറേറ്റുകളാണെങ്കിലും തങ്ങളുടേതായ ദിവസം ഏത് എതിരാളിയെ വീഴ്ത്താനും കഴിവുള്ള ടീമാണ് അയര്‍ലന്‍ഡ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications