ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള അവസാനത്തെ ഗ്രൂപ്പ് മല്‍സരം ഉപേക്ഷിച്ചു. ഗ്രൂപ്പ് എയില്‍ നടക്കേണ്ടിയിരുന്ന മല്‍സരം ഔട്ട്ഫീല്‍ഡിലെ ഈര്‍പ്പം കാരണം ടോസ് പോലും നടത്താന്‍ സാധിക്കാതെ ഉപേക്ഷിക്കുകയായിരുന്നു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇന്ത്യ അടുത്തതായി ഇറങ്ങുക സൂപ്പര്‍ എട്ടിലാണ്. അടുത്ത വ്യാളാഴ്ച അഫ്ഗാനിസ്താനെതിരേയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം.
കാനഡയുമായുള്ള മല്‍സരം ഉപേക്ഷിക്കപ്പെട്ടതോടെ മലയാളി താരം സഞ്ജു സാംസണിനാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഈ മല്‍സരം അപ്രസക്തമായതിനാല്‍ തന്നെ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കാലാവസ്ഥ വില്ലനായി മാറിയതോടെ അദ്ദേഹത്തിന്റെ മോഹം അവസാനിച്ചിരിക്കുകയാണ്. സൂപ്പര്‍ എട്ടില്‍ ഇനി സഞ്ജുവിനെ കളിപ്പിക്കാന്‍ സാധ്യത തീരെ കുറവാണ്. ഒരു മല്‍സരം പോലും കളിക്കാനാവാതെ അദ്ദേഹത്തിനു നാട്ടിലേക്കു മടങ്ങേണ്ടി വന്നേക്കും.

ഗ്രൂപ്പ് എയില്‍ നിന്നും ഏഴു പോയിന്റുമായി ആത്മവിശ്വാസത്തോടെയാണ് രോഹിത് ശര്‍മയും സംഘവും സൂപ്പര്‍ എട്ടിനു കച്ചമുറുക്കുന്നത്. നാലു മല്‍സരങ്ങളില്‍ മൂന്നിലും ഇന്ത്യ ജയിച്ചപ്പോള്‍ ഒന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അമേരിക്കയാണ് അഞ്ചു പോയിന്റോടെ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സൂപ്പര്‍ എട്ടിലെത്തിയ മറ്റൊരു ടീം. ആദ്യ കളിയില്‍ അയര്‍ലാന്‍ഡിനെ എട്ടു വിക്കറ്റിനു തകര്‍ത്താണ് ടൂര്‍ണമെന്റില്‍ ഇന്ത്യ അക്കൗണ്ട് തുറന്നത്.
ചിരവൈരികളായ പാകിസ്താനുമായുള്ള ത്രില്ലറില്‍ ഇന്ത്യ നേരിയ മാര്‍ജിനില്‍ ജയിച്ചുകയറുകയായിരുന്നു. ചെറിയ സ്‌കോര്‍ കണ്ട പോരാട്ടത്തില്‍ ആറു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. മൂന്നാമത്തെ കളിയില്‍ അമേരിക്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. റണ്‍ചേസിനൊടുവില്‍ അമേരിക്കയെ ഏഴു വിക്കറ്റിനു തുരത്തി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റ് വാങ്ങുകയായിരുന്നു.

സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യയുടെ സ്ഥാനം. നാലു ടീമുകളാണ് ഗ്രൂപ്പിലുള്ളത്. മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, അഫ്ഗാന്‍ എന്നിവരാണ് ഗ്രൂപ്പിലെ രണ്ടു ടീമുകള്‍. മൂന്നാമത്തെ ടീം ആരാണെന്നതു വ്യക്തമായിട്ടില്ല. ബംഗ്ലാദേശായിരിക്കും ഈ ടീമെന്നാണ് സൂചകള്‍. 20നു അഫ്ഗാനെ നേരിടുന്ന ഇന്ത്യയുടെ അവസാന എതിരാളികള്‍ ഓസീസാണ്. 24നാണ് ഈ സൂപ്പര്‍ പോരാട്ടം. ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ ജയിക്കാനായാല്‍ ഇന്ത്യക്കു സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാം.