ടി20 ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കാമെന്ന ദൃഢനിശ്ചയത്തിലാണ് ടീം ഇന്ത്യ. ഇതിന്റെ ആദ്യപടി ടീം പിന്നിട്ടു കഴിഞ്ഞു. ഗ്രൂപ്പ് ചാംപ്യന്‍മരാായി തന്നെ തലയെടുപ്പോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുകയാണ്. 2007ലെ പ്രഥമ എഡിഷനില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ കപ്പുയര്‍ത്തിയ ശേഷം പിന്നീടൊരിക്കലും ഇന്ത്യക്കു ജേതാക്കളാവാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ അതു സംഭവിച്ചേക്കുമെന്ന നിര്‍ണായക സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഇതു എന്താണെന്നു നമുക്കു നോക്കാം.
ഗ്രൂപ്പ് എയിലെ നാലു മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ചതോടെയാണ് ഇന്ത്യ ഒന്നാംസ്ഥാനക്കാരായി തന്നെ സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റ് വാങ്ങിയത്. അസോസിയേറ്റ് ടീമുകളിലൊന്നായ കാനഡയ്‌ക്കെതിരേയുള്ള അവസാന മല്‍സരം പിച്ചിലെ ഈര്‍പ്പം കാരണം ടോസ് പോലും നടത്താന്‍ കഴിയാതെ ഉക്ഷേിക്കപ്പെടുകയായിരുന്നു. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഒരു മല്‍സരം അവസാനമായി ഉപേക്ഷിക്കപ്പെട്ടത് 2007ലെ പ്രഥമ എഡിഷനിലാണ്. അന്നു ഇന്ത്യ കപ്പുയര്‍ത്തുകയും ചെയ്തു. ഇത്തവണയും ഇന്ത്യയുടെ കിരീടധാരണം സംഭവിക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

അതുകൊണ്ടും തീര്‍ന്നില്ല. 2007ലും ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ കളിയാണ് മഴയെ തുടര്‍ന്നു ടോസ് പോലും നടത്താന്‍ സാധിക്കാതെ ഉപേക്ഷിക്കപ്പെട്ടത്. ഇത്തവണത്തേതു പോലെ അന്നും ഒരു അസോസിയേറ്റ് ടീമായിരുന്നു എതിരാളികള്‍, സ്‌കോട്ട്‌ലാന്‍ഡുമായുള്ള ആദ്യ മല്‍സരമായിരുന്നു മഴ കാരണം വേണ്ടെന്നു വച്ചത്. ഇതു കൊണ്ടു മാത്രം തീരുന്നില്ല 2007ലെ ലോകകപ്പുമായുള്ള സാമ്യത. അന്നത്തെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഒരു മലയാളി താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഫാസ്റ്റ് ബൗളര്‍ ശ്രീശാന്താണ് ടീമിന്റെ ഭാഗമായിരുന്നത്.
ഇത്തവണ മറ്റൊരു മലയാളി താരമായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ടൂര്‍ണമെന്റില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലെങ്കിലും സൂപ്പര്‍ എട്ടില്‍ അദ്ദേഹത്തെ കളിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സഞ്ജുവിനു പകരം റിഷഭ് പന്തിനാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ടീമിലേക്കു നറുക്കുവീണത്. ബാറ്റിങില്‍ മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച അദ്ദേഹം ഇതു മുതലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ മധ്യനിരയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രമേ ഇനി സഞ്ജുവിനെ കളിപ്പിക്കാന്‍ സാധ്യതയുള്ളൂ.

ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്ത്യ ഇനി സൂപ്പര്‍ എട്ടിനായി കാത്തിരിക്കുകയാണ്. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യയുള്ളത്. മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം ബംഗ്ലാദേശ് / നെതര്‍ലാന്‍ഡ്‌സ് എന്നിവയിലൊരു ടീമായിരിക്കും ഗ്രൂപ്പിലുണ്ടാവുക. 20ന് അഫ്ഗാനിസ്താനുമായിട്ടാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ അങ്കം. 24നു ഓസ്‌ട്രേലിയയെയും ഇന്ത്യ നേരിടും. അതിനിടെ 22നു നടക്കുന്ന കളിയില്‍ എതിരാളികള്‍ ആരാവുമെന്നു ഇനിയും വ്യക്തമായിട്ടില്ല.
ന്യൂയോര്‍ക്കിലാണ് ഇന്ത്യ ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ കളിച്ചത്. ബൗളര്‍മാര്‍ കസറിയ പിച്ചില്‍ അയര്‍ലാന്‍ഡിനെ എട്ടു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. രണ്ടാമത്തെ കളിയില്‍ ചിരവൈരികളായ പാകിസ്താനെ ആറു റണ്‍സിനും ഇന്ത്യ മറികടന്നു. മൂന്നാം റൗണ്ടില്‍ അമേരിക്കയെ ഏഴു വിക്കറ്റിനു തകര്‍ത്ത് സൂപ്പര്‍ എട്ടിലും ടീം സ്ഥാനമുറപ്പിക്കുകയായിരുന്നു. കാനഡയുമായി ഫ്‌ളോറിഡയില്‍ നടക്കാനിരുന്ന അപ്രസക്തമായ അവസാന മല്‍സരമാണ് ഉപേക്ഷിക്കപ്പെട്ടത്.