ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഇന്ത്യ തോല്‍പ്പിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെയടക്കം തകര്‍ത്ത അഫ്ഗാന്‍ കരുത്തിനെ 47 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 134 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ബൗളിങ് നിരയുടെ ഗംഭീര പ്രകടനമാണ് ടീമിന് കരുത്തായത്.
ബാറ്റിങ് നിരയില്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. ടോപ് ഓഡര്‍ തകര്‍ന്നപ്പോഴും 28 പന്തില്‍ 53 റണ്‍സുമായി സൂര്യകുമാര്‍ കസറി. ഇന്ത്യയുടെ പ്ലേയിങ് 11 സഞ്ജു സാംസണിന് വീണ്ടും ഇടം ലഭിച്ചില്ല. റിഷഭ് പന്താണ് മൂന്നാം നമ്പറില്‍ തുടര്‍ന്നത്. 11 പന്തില്‍ 20 റണ്‍സാണ് റിഷഭ് നേടിയത്. വിക്കറ്റ് കീപ്പറായും റിഷഭ് ഉണ്ടായിരുന്നത്. എന്നാല്‍ റിഷഭ് പരിക്ക് മറച്ചുവെച്ചാണ് കളിക്കാനിറങ്ങിയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അഫ്ഗാനെതിരായ മത്സരത്തിന് മുമ്പ് നടന്ന പരിശീലന സെക്ഷനില്‍ റിഷഭ് പന്ത് പങ്കെടുത്തിരുന്നില്ല. താരത്തിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ അഫ്ഗാനെതിരേ റിഷഭ് തന്നെ വിക്കറ്റിന് പിന്നിലെത്തുകയായിരുന്നു. റിഷഭ് പന്തിന് ഫിറ്റ്‌നസ് പ്രശ്‌നമുണ്ടായിട്ടും അദ്ദേഹത്തെ കളിപ്പിച്ചത് സഞ്ജു സാംസണിനെ ഒതുക്കാനാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. രോഹിത് ശര്‍മക്ക് സഞ്ജുവിനെ കളിപ്പിക്കാന്‍ താല്‍പര്യമില്ല.
അതുകൊണ്ടുതന്നെ അവസരം ഉണ്ടായിട്ടും മനപ്പൂര്‍വ്വം തഴയുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന് അവസരം ലഭിക്കുകയും മികവ് കാട്ടുകയും ചെയ്താല്‍ ഇഷ്ടക്കാരെ ടീമില്‍ നിന്ന് പുറത്താക്കാന്‍ രോഹിത് നിര്‍ബന്ധിതനാവും. ഇതുകൊണ്ടാണ് സഞ്ജുവിനെ കളിപ്പിക്കാത്തത്. റിഷഭ് പരിക്കിന്റെ പിടിയിലായിരുന്നിട്ടും സഞ്ജുവിനെ വിശ്വസിക്കാതെ റിഷഭുമായി മുന്നോട്ട് പോകാനുള്ളത് രോഹിത് ശര്‍മയുടെ തീരുമാനമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

എന്തായാലും സഞ്ജു ഈ ലോകകപ്പിലെ വരുന്ന മത്സരങ്ങളിലും ബെഞ്ചിലിരിക്കാനാണ് സാധ്യത. ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേയാണ് സൂപ്പര്‍ എട്ടില്‍ ഇനി ഇന്ത്യക്ക് മത്സരമുള്ളത്. ഈ രണ്ട് മത്സരത്തിലും സഞ്ജുവിനെ കളിപ്പിച്ചേക്കില്ല. നിലവിലെ വിജയ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് കളത്തിലിറങ്ങാന്‍ ഭാഗ്യം ലഭിച്ചേക്കില്ല. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റേയും ബിസിസി ഐയുടേയും തന്ത്രമാണിതെന്നും ആരാധകര്‍ പറയുന്നു.
സഞ്ജുവിനെ ടീമില്‍ എടുക്കാതിരുന്നാല്‍ വലിയ വിമര്‍ശനം നേരിടേണ്ടി വരുമെന്ന് അവര്‍ക്കറിയാം. ഇപ്പോള്‍ ടീമിലെടുത്തു എന്നാല്‍ കളിപ്പിക്കുന്നില്ല. ഇതോടെ ആരാധകരുടെ വായടപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും. ശിവം ദുബെ അമേരിക്കയ്‌ക്കെതിരേ തിളങ്ങിയെങ്കിലും ബാക്കി മൂന്ന് മത്സരത്തിലും ഫ്‌ളോപ്പാണ്. എന്നിട്ടും തുടര്‍ അവസരങ്ങള്‍ ലഭിക്കുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. സഞ്ജുവിന് ബംഗ്ലാദേശിനെതിരേയെങ്കിലും അവസരം നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം ശരാശരി മാത്രമാണ്. രോഹിത് ശര്‍മ 13 പന്തില്‍ എട്ട് റണ്‍സാണ് ആകെ നേടിയത്. വിരാട് കോലി 24 പന്തില്‍ 24 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല. രോഹിത്തും കോലിയും ചേര്‍ന്ന് നിരാശപ്പെടുത്തുന്ന തുടക്കമാണ് നല്‍കുന്നത്. എന്നാല്‍ ഇതിനെതിരേയൊന്നും വിമര്‍ശനം ഉയരുന്നില്ല. പക്ഷെ സഞ്ജു ഒരു മത്സരം ഫ്‌ളോപ്പായാല്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും തഴയുകയാണ്. ഇത് അനീതിയാണെന്നും ആരാധകര്‍ പറയുന്നു.
ഇന്ത്യയ്ക്കായി സൂര്യകുമാര്‍ ബാറ്റിങ്ങില്‍ തിളങ്ങുന്നതാണ് ഇപ്പോള്‍ ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കുന്നത്. എന്നാല്‍ മറ്റുള്ളവരെല്ലാം മോശം ഫോമിലാണ്. വിശ്വസ്തരായി ആരും തന്നെയില്ല. ഓസ്‌ട്രേലിയക്കെതിരേ വലിയ മത്സരം നടക്കാനിരിക്കെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് പറയാം. സഞ്ജുവും യശ്വസി ജയ്‌സ്വാളും അവസരം അര്‍ഹിക്കുന്നുണ്ടെങ്കിലും തഴയപ്പെടുന്നത് വലിയ നിരാശയുണ്ടാക്കുന്നു.