ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി ആരാണ് കളിക്കേണ്ടതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകനും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുഖ്യ കോച്ചുമായ റിക്കി പോണ്ടിങ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു നിലവില്‍ നിരവധി പേര്‍ രംഗത്തുണ്ട്. ഇക്കൂട്ടത്തില്‍ ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെ മുന്നിട്ടു നില്‍ക്കുന്നത് നാലു പേരാണ്. റിഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവരാണിത്. ലോകകപ്പ് സ്‌ക്വാഡിലേക്കു ഇവരില്‍ നിന്നും രണ്ടു പേരെ മാത്രമേ ഇന്ത്യക്കു ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
പിടിഐയോടു സംസാരിക്കവെയാണ് ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ആരു വേണമെന്നതിനെക്കുറിച്ച് പോണ്ടിങ് തുറന്നു പറഞ്ഞത്. സഞ്ജുവോ, ഡിക്കെയോ, ഇഷാനോയല്ല മറിച്ച് തന്റെ ടീമായ ഡിസിയുടെ ക്യാപ്റ്റന്‍ കൂടിയായ റിഷഭിനെയാണ് ടീമിലെടുക്കേണ്ടതെന്നാണ് പോണ്ടിങിന്റെ അഭിപ്രായം. പരിക്കേറ്റ് ഒരു വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്നും മാറി നിന്ന റിഷഭിന്റെ തിരിച്ചുവരവാണ് ഐപിഎല്ലില്‍ കണ്ടത്. രണ്ടു ഫിഫ്റ്റികളടക്കം നേടി അഗ്രസീവ് ബാറ്റിങ് കാഴ്ചവയ്ക്കുന്ന അദ്ദേഹം വിക്കറ്റ് കീപ്പിങിലും മികവ് പുലര്‍ത്തുന്നുണ്ട്.

ലോകകപ്പ് സ്‌ക്വാഡില്‍ റിഷഭ് ഇന്ത്യന്‍ ടീമില്‍ വേണമെന്നു ഞാന്‍ തീര്‍ച്ചയായും കരുതുന്നു. ഐപിഎല്ലിന്റെ അവസാനം ആവുമ്പോഴേക്കും അവന്‍ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമര്‍ഹിക്കുന്നു. ഐപിഎല്ലില്‍ നേരത്തേയുള്ള ആറു സീസണുകളില്‍ കളിക്കുന്ന അതേ രീതിയിലാണ് റിഷഭ് ഇത്തവണയും കളിച്ചുകൊണ്ടിരിക്കുന്നതന്നു പോണ്ടിങ് നിരീക്ഷിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിനു ഒരുപാട് ആഴമുണ്ടെന്നതു നമുക്കു തീര്‍ച്ചയായും അറിയാം. വിക്കറ്റ് കീപ്പര്‍മാരിലേക്കു വന്നാല്‍ ചില ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ വളരെ മികച്ച ഫോമിലാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ഇഷാന്‍ കിഷന്‍ നന്നായി കളിച്ചുകൊണ്ടിരിക്കുന്നു. സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍ എന്നിവും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വിക്കറ്റ് കീപ്പിങില്‍ ഒരുപാട് ഓപ്ഷനുകളുണ്ട്. പക്ഷെ ഞാനൊരു ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആഴ്ചയിലെ എല്ലാ ദിവസവും റിഷഭ് പന്ത് ടീമിലുള്‍പ്പെടുമെന്നും പോണ്ടിങ് വ്യക്തമാക്കി.

ഐപിഎല്ലിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനം നോക്കിയാല്‍ അക്കൂട്ടത്തില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവാണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും 55.20 ശരാശരിയില്‍ 155.05 സ്‌ട്രൈക്ക് റേറ്റില്‍ 276 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. നേരത്തേ റിഷഭായിരുന്നു റണ്‍വേട്ടക്കാരില്‍ രണ്ടാമനെങ്കിലും ഇപ്പോള്‍ അദ്ദേഹത്തെ പിന്തള്ളി ഡിക്കെ മുന്നിലെത്തിക്കഴിഞ്ഞു.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി ഫിനിഷറുടെ റോളില്‍ കസറുകയാണ് കാര്‍ത്തിക്. ആറിന്നിങ്‌സുകളില്‍ നിന്നും 75.33 ശരാശരിയില്‍ 205.45 സ്‌ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. റിഷഭാവട്ടെ ആറിന്നിങ്‌സുകളില്‍ നിന്നും 32.33 ശരാശരിയില്‍ 157.72 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 194 റണ്‍സാണ്. രണ്ടു ഫിഫ്റ്റികളും അദ്ദേഹം നേടിക്കഴിഞ്ഞു.