ടി20 ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ ഫൈനലിനേക്കാള്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോയ്ക്കാണ്. ജൂണ്‍ ഒമ്പതിനു ന്യൂയോര്‍ക്കിലാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഈ സൂപ്പര്‍ ത്രില്ലര്‍. ഗ്രൂപ്പ് എയിലാണ് ബദ്ധവൈരികള്‍ മുഖാമുഖം വരിക. ഇന്ത്യയെ സംബന്ധിച്ച് ഗ്രൂപ്പിലെ ഏറ്റവും നിര്‍ണായകമായ പോരാട്ടം കൂടിയാണിത്. ഇതില്‍ ജയിക്കാനായാല്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനം ഇന്ത്യക്കു ഏറെക്കുറെ ഉറപ്പിക്കാം.
പക്ഷെ ബാബര്‍ ആസമിനെയും സംഘത്തെയും മറികടക്കുകയെന്നത് ഇന്ത്യക്കു അത്ര എളുപ്പമാവില്ല. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്ത്യക്കു വിജയം കൊയ്യാന്‍ സാധിക്കുകയുള്ളൂ. 2022ലെ അവസാനത്തെ ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നിരുന്നു. അന്നു പരാജയത്തിനു അരികില്‍ നിന്നാണ് വിരാട് കോലിയുടെ മാച്ച് വിന്നിങ് ഇന്നിങ്‌സിന്റെ മികവില്‍ ഇന്ത്യ ജയിച്ചുകയറിയത്.

160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ ഇന്ത്യ നാലിനു 31 റണ്‍സിലേക്കു വീണിരുന്നു. ഇതോടെ പരാജയം മണത്ത ഇന്ത്യയെ കോലിയുടെ വണ്‍മാന്‍ഷോ രക്ഷിക്കുകയായിരുന്നു. പുറത്താവാതെ 82 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 53 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ ആറു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. കോലിയെക്കൂടാതെ 40 റണ്‍സെടുത്ത ഹാര്‍ദിക്കും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
പക്ഷെ ഇത്തവണ ഇന്ത്യയെ പാക് പട വീഴ്ത്തിയേക്കും. പാകിസ്താന്റെ ഗംഭീര ബൗളിങ് ലൈനപ്പ് തന്നെയാണ് ഇതിനു കാരണം. ഇത്തവണെ ടൂര്‍ണമെന്റിലെ ഏറ്റവും മൂര്‍ച്ചയേറിയ പേസ് നിരയുമായാണ് പാക് പടയുടെ വരവ്. വിരമിക്കല്‍ പിന്‍വലിച്ച് മുന്‍ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍ തിരിച്ചെത്തിയത് പാകിസ്താനെ കൂടുതല്‍ അപകടകാരികളാക്കുന്നു. ആമിറിനെക്കൂടാതെ ഷഹീന്‍ അഫ്രീഡി, നസീം ഷാ. ഹാരിസ് റൗഫ് എന്നിവരടങ്ങുന്ന ആരെയും ഭയപ്പെടുത്തുന്ന പേസ് നിരയാണ് പാക് പടയുതേ്.
ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ എല്ലായ്‌പ്പോഴും മുട്ടിടിക്കുന്ന ചരിത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കുള്ളത്. നേരത്തേ പാക് നിരയില്‍ ഇന്ത്യ ഭയപ്പെട്ടിരുന്നത് ഷഹീനെ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷഹീനെ മാത്രമല്ല ആമിറിനെയും പേടിക്കണം. കാരണം ഇന്ത്യക്കെതിരേ എല്ലായ്‌പ്പോഴും നന്നായി പന്തെറിഞ്ഞിട്ടുള്ള ബൗളറാണ് അദ്ദേഹം. ചാംപ്യന്‍സ് ട്രോഫി ഫൈനലിലുള്‍പ്പെടെ പല മാച്ച് വിന്നിങ് പ്രകടനങ്ങളും ആമിര്‍ കാഴ്ചവയ്ക്കുകകയും ചെയ്തിട്ടുണ്ട്.

വരാനിരിക്കുന്ന സൂപ്പര്‍ പോരില്‍ ഷഹീന്‍, ആമിര്‍ എന്നിവരുടെ നാലോവറുകളില്‍ വിക്കറ്റ് കൈവിടാതെ പിടിച്ചുനിന്നാലും ഇന്ത്യക്കു ആശ്വസിക്കാന്‍ കഴിയില്ല. കാരണം അടുത്തതായി ബൗള്‍ ചെയ്യാനെത്തുക മറ്റൊരു അപകടകാരിയായ ഫാസ്റ്റ് ബൗളര്‍ നസീം ഷായായിരിക്കും. പാകിസ്താന്റെ ഈ സൂപ്പര്‍ ത്രയത്തെ അതിജീവിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് കനത്ത വെല്ലുവിളി തന്നെയായിരിക്കും. കൃത്യമായ പ്ലാനിങോടെ ഇറങ്ങിയില്ലെങ്കില്‍ ഈ പാക് നിര ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെലൊടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യന്‍ ബാറ്റിങ് നിരയും പാക് പേസ് നിരയും തമ്മിലായിരിക്കും യഥാര്‍ഥ പോരാട്ടം. അതില്‍ ആരു ജയിക്കുമെന്നതാണ് മല്‍സരവിധി നിര്‍ണയിക്കുക. നായകന്‍ ബാബര്‍, ഫഖര്‍ സമാന്‍, ഇഫ്തിഖാര്‍ അഹമ്മദ് എന്നിവരുള്‍പ്പെട്ട ബാറ്റിങ് നിരയും അത്ര മോശമല്ല. അതുകൊണ്ടു തന്നെ ഇത്തവണ പാകിസ്താനെ വീഴ്ത്തുക ഇന്ത്യക്കു കടുപ്പം തന്നെയായിരിക്കും.
അതേസമയം, ടി20 ലോകകപ്പിലെ കണക്കുകള്‍ ഇന്ത്യക്കു അനുകൂലമാണ്. ഇതുവരെ ഏഴു തവണയാണ് ടൂര്‍ണമെന്റില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ചിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒരേയൊരു മല്‍സരം മാത്രമാണ് പാകിസ്താന് ജയിക്കാനായത്. 2021ലെ ലോകകപ്പിലായിരുന്നു ഇത്. ഒരു മല്‍സരം ടൈയിലും കലാശിക്കുകയായിരുന്നു.