ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ തകര്‍ത്തടുക്കിയിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ 6 റണ്‍സിന്റെ ആവേശ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 7 വിക്കറ്റിന് 113 റണ്‍സാണ് നേടിയത്. ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യന്‍ ബൗളര്‍മാരുടെ ഗംഭീര പ്രകടനമാണ് പാകിസ്താനെ തകര്‍ക്കാന്‍ സഹായിച്ചത്.
എന്നാല്‍ ജയിച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നുവെന്നതാണ് വസ്തുത. ഇന്ത്യയുടെ അവസാന 7 വിക്കറ്റുകള്‍ നഷ്ടമായത് വെറും 30 റണ്‍സിനാണ്. ലോകോത്തര ടി20 ബാറ്റ്‌സ്മാനെന്ന് അവകാശപ്പെടുന്നവരടക്കം കളിക്കുന്ന ഇന്ത്യന്‍ നിര ഇത്തരമൊരു കൂട്ടത്തകര്‍ച്ച നേരിട്ടത് നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇന്ത്യന്‍ നിരയില്‍ ഉത്തരവാദിത്തം കാട്ടാന്‍ ആര്‍ക്കും സാധിച്ചില്ല. ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
നായകന്‍ രോഹിത് ശര്‍മ 13 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഓപ്പണിങ്ങില്‍ വിരാട് കോലി 4 റണ്‍സാണ് നേടിയത്. ന്യൂയോര്‍ക്കിലെ പിച്ചില്‍ അപ്രതീക്ഷിത ബൗണ്‍സും സ്വിങ്ങുമാണുമുള്ളത്. ഇത് മനസിലാക്കാന്‍ കോലിക്ക് സാധിക്കുന്നില്ല. റിഷഭ് പന്ത് മൂന്നാം നമ്പറില്‍ മികവ് തുടരുന്നു. പാകിസ്താനെതിരേ 4 തവണ ജീവന്‍ ലഭിച്ച റിഷഭ് 31 പന്തില്‍ 42 റണ്‍സാണ് നേടിയത്. ഇതില്‍ 6 ഫോറും ഉള്‍പ്പെടും. മത്സരത്തിലെ ടോപ് സ്‌കോറര്‍ റിഷഭാണ്. എന്നാല്‍ മികച്ച ബാറ്റിങ് പ്രകടനമെന്ന് ഇതിനെ വിളിക്കാനാവില്ല.
12ാം ഓവറില്‍ ഇന്ത്യ 3 വിക്കറ്റിന് 89 റണ്‍സെന്ന നിലയിലായിരുന്നു. എന്നിട്ടും 19 ഓവറില്‍ 119 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടായി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. 8 പന്ത് നേരിട്ട് 7 റണ്‍സാണ് ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാന് നേടാനായത്. ശിവം ദുബെയെ ഇന്ത്യ എന്തിനാണ് ടീമിലെടുത്തതെന്ന് ഇപ്പോഴും വ്യക്തമല്ല. ഓള്‍റൗണ്ടറെന്ന് പറയുമ്പോഴും ഇന്ത്യ ബൗളിങ് കൊടുക്കുന്നില്ല.

ബാറ്റ്‌സ്മാനായി പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ദുബെക്ക് സാധിക്കുന്നില്ല. 9 പന്ത് നേരിട്ട് 3 റണ്‍സാണ് ദുബെക്ക് നേടാനായത്. ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 7 റണ്‍സ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ ഗോള്‍ഡന്‍ ഡെക്കായി. ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചെങ്കിലും മുന്നോട്ടുള്ള മത്സരങ്ങള്‍ നോക്കുമ്പോള്‍ ഈ ബാറ്റിങ് പ്രകടനംകൊണ്ട് പോയാല്‍ തിരിച്ചടി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ചില അഴിച്ചുപണി നടത്തേണ്ടത് അത്യാവശ്യമാണ്.
കോലിയെ ഓപ്പണിങ്ങില്‍ നിലനിര്‍ത്തുന്നത് ഇന്ത്യക്ക് വലിയ ഗുണം ചെയ്‌തേക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ഇടം കൈയന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളെ തിരികെ വിളിക്കണം. ഐപിഎല്ലിലടക്കം തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് ജയ്‌സ്വാള്‍. എന്നാല്‍ ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ അവസരം നല്‍കിയിട്ടില്ല. എന്നാല്‍ സൂപ്പര്‍ 8ലേക്കെത്തുമ്പോള്‍ ഇന്ത്യ ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് തിരികെ വിളിക്കേണ്ടത് അത്യാവശ്യമാണ്.
മറ്റൊരു മാറ്റം സഞ്ജു സാംസണെ കൊണ്ടുവരണമെന്നതാണ്. മികച്ച ഫുട് വര്‍ക്ക് നടത്താന്‍ ശേഷിയുള്ള താരമാണ് സഞ്ജു. പുള്‍ ഷോട്ടുള്‍പ്പെടെയുള്ള കരുത്തുറ്റ ഷോട്ടുകള്‍ കളിക്കാനും സഞ്ജുവിന് ശേഷിയുണ്ട്. അതുകൊണ്ടുതന്നെ മധ്യനിരയില്‍ ശിവം ദുബെക്ക് പകരം ഇന്ത്യ സഞ്ജുവിനെ പരിഗണിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. അതിവേഗത്തില്‍ റണ്‍സ് നേടാന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജു. ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുണ്ട്.