അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം പുതിയ കോച്ചിനെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂണിലാണ് ടീമുമായുള്ള രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ ലോകകപ്പ് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് ബിസിസിഐ. പുതിയ കോച്ചിനെ തിരഞ്ഞെടുക്കാനുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിരിക്കുന്നത്.
2021 നവംബര്‍ മുതല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ ദ്രാവിഡ്. തന്റെ മുന്‍ഗാമിയായ രവി ശാസ്ത്രിയെപ്പോലെ ഒരു ഐസിസി ട്രോഫിയിലേക്കു ഇന്ത്യയെ നയിക്കാനുള്ള ഭാഗ്യം ദ്രാവിഡിനും ഇനിയുമുണ്ടായിട്ടില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പ് ഇതിനുള്ള അവസാനത്തെ അവസരം കൂടിയായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പോടെ അദ്ദേഹത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. എന്നാല്‍ ടീമിന്റെ മികച്ച പ്രകടനം പരിഗിണിച്ച് ബിസിസിഐ ഇതു ടി20 ലോകകപ്പ് വരെ നീട്ടി നല്‍കുകയായിരുന്നു.

എന്നാല്‍ ഇനി കരാര്‍ പുതുക്കാതെ പുതിയ കോച്ചിനായി അപേക്ഷ ക്ഷണിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. താല്‍പ്പര്യമുണ്ടെങ്കില്‍ ദ്രാവിഡിനു ഇനി വീണ്ടും പരിശീലകസ്ഥാനത്തേക്കു അപക്ഷിക്കുകയും ചെയ്യാം. ഇതിനുള്ള സാധ്യത തീരെ കുറവാണ്. ഇന്ത്യന്‍ ടീമിന്റെ അടുത്ത കോച്ച് സ്ഥാനത്തേക്കു ഏറ്റവും മികച്ച ചില ഓപ്ഷനുകള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഓപ്പണറും അഗ്രസീവ് ബാറ്ററുമായ ഗൗതം ഗംഭീറാണ് ഈ റോളിലേക്കു ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്ന്. നിലവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുഖ്യ ഉപദേശകന്റെ റോളില്‍ കസറുകയാണ് ഗംഭീര്‍. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായ ടീമാണ് കെകെആര്‍. എന്നാല്‍ ഈ സീസണിനു മുമ്പ് ഗംഭീര്‍ വന്നതോടെ കെകെആറിന്റെ തലവര മാറിയിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള കെകെആര്‍ പ്ലേഓഫിനു ഒരു ജയം മാത്രമകലെയാണ്.
ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി വന്നാല്‍ അതു ഏറെ ഗുണം ചെയ്‌തേക്കും. കാരണം വളരെ അഗ്രസീവായ, കളിക്കാരെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു ഏറ്റവും നന്നായി അറിയാവുന്ന വ്യക്തിയാണ്. സുനില്‍ നരെയ്‌നെ ഈ സീസണില്‍ കെകെആറിന്റെ ഓപ്പണറായി തിരിച്ചുവിളിക്കാനുള്ള ഗംഭീറിന്റെ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറിയിരുന്നു. ഇന്ത്യന്‍ ടീമിനും ഇങ്ങനെയൊരാളെയാണ് ആവശ്യം. അതുകൊണ്ടു തന്നെ അദ്ദേഹം വളരെ നല്ലൊരു ഓപ്ഷനാണെന്നു ഉറപ്പിച്ചു പറയാം.
ഗുജറാത്ത് ടൈറ്റന്‍സ് മുഖ്യ കോച്ചും ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളറുമായ ആശിഷ് നെഹ്‌റയാണ് ദ്രാവിഡിന്റെ പകരക്കാരനായി പരിഗണിക്കാവുന്ന രണ്ടാമത്തെയാള്‍. ജിടിക്കൊപ്പം കഴിഞ്ഞ രണ്ടു സീസണുകളിലും തന്റെ പരിശീലക മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 2022ല്‍ ജിടിയെ ചാംപ്യന്‍മാരാക്കിയ നെഹ്‌റ കഴിഞ്ഞ തവണ ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു. ഇത്തവണ ജിടിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും നെഹ്‌റയുടെ കഴിവില്‍ ആര്‍ക്കും സംശയം കാണില്ല.

ഫുട്‌ബോള്‍ കോച്ചുമാരെപ്പോലെ എല്ലായ്‌പ്പോഴും കളിയില്‍ ഇടപെടുകയും നിര്‍ദേശങ്ങള്‍ നല്‍കുകകയും ചെയ്തുകൊണ്ടിരിക്കുന്നയാളാണ് നെഹ്‌റ. വലിയ താരങ്ങളൊന്നുമില്ലാതെയാണ് ജിടിയുടെ യുവനിരയെ വച്ച് കഴിഞ്ഞ രണ്ടു ഐപിഎല്ലുകളിലും നെഹ്‌റ എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. പരിശീലകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെയും വലിയ നേട്ടങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു തീര്‍ച്ചയായും സാധിക്കും.
മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് മുഖ്യ കോച്ചിന്റെ റോളിലേക്കു ഇന്ത്യക്കു കൊണ്ടുവരാവുന്ന മറ്റൊരാള്‍. ഈ സീസണിലെ ഐപിഎല്ലിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കാനുള്ള ഒരുക്കത്തിലാണ്.
അതുകൊണ്ടു തന്നെ ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്കു ധോണിയെ തീര്‍ച്ചായും പരിഗണിക്കാവുന്നതാണ്. നേരത്തേ 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ ഉപദേശകനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഈ നീക്കം വിജയിച്ചില്ലെങ്കിലും മുഖ്യ കോച്ചിന്റെ റോളിലേക്കു അവസരം ലഭിച്ചാല്‍ ധോണി തള്ളിക്കളയാന്‍ സാധ്യത കുറവാണ്.