ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറുകയെന്ന മോഹം പൊലിഞ്ഞെങ്കിലും ടീമിനൊപ്പം കിരീടമുയര്‍ത്താന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ എട്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ടീമില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്താതെ ഒരേ ടീമിനെ തന്നെ ഫൈനല്‍ വരെ ഇന്ത്യ ഇറക്കിയതോടെ സഞ്ജു സ്ഥിരമായി ബെഞ്ചിലൊതുങ്ങുകയും ചെയ്തു.
ഇപ്പോഴിതാ ഫൈനല്‍ വിജയത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ലോക കിരീടത്തിനുമൊപ്പമുള്ള ഫോട്ടോസിനൊപ്പം കിരീടനേട്ടത്തെക്കുറിച്ച് സഞ്ജു പോസ്റ്റുമിട്ടത്.

ഒരു ലോകകപ്പ് എളുപ്പത്തില്‍ സംഭവിക്കുന്നതല്ല... ഈയൊരു നിമിഷം ആസ്വദിക്കുന്നതിനു വേണ്ടി ഞങ്ങള്‍ക്കു 13 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വന്നു..!! എന്തൊരു ടീമാണിത്, എന്തൊരു ഫൈനല്‍... ഞങ്ങള്‍ ഇതു ശരിക്കു അര്‍ഹിച്ചിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഇന്ത്യന്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന പാഷനേറ്റായ ആരാധകര്‍ക്കു വലിയ നന്ദി! ആഘോഷങ്ങള്‍ തുടങ്ങട്ടെയെന്നായിരുന്നു സഞ്ജുവിന്റെ പോസ്റ്റ്
സെലിബ്രിറ്റികളും അതോടൊപ്പം ആരാധകരുമെല്ലാം അദ്ദേഹത്തെ പോസ്റ്റിനു താഴെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഗായകരായ കെഎസ് ഹരിശങ്കര്‍, വിധു പ്രതാപ്, നടിമാരായ തന്‍വിറാം, അര്‍ഷ ബൈജു തുടങ്ങിയവരെല്ലാം സഞ്ജുവിന്റെ പോസ്റ്റിനു താഴെ പ്രതികരിച്ചിട്ടുണ്ട്. ഒറ്റയ്ക്കു വഴിവെട്ടി വന്നവെന്നും ലോകകപ്പിലെ തിരുവനന്തപുരത്തിന്‍ സാന്നിധ്യമെന്നും ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെന്നുമെല്ലാമാണ് ആരാധകര്‍ പോസ്റ്റിനു താഴെ കമന്റിട്ടിരിക്കുന്നത്.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് കരിയറിലാദ്യമായി സഞ്ജുവിനു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിക്കൊടുത്തത്. 500ന് മുകളില്‍ റണ്‍സ് റോയല്‍സിനായി അദ്ദേഹം അടിച്ചെടുത്തു. ഐപിഎല്‍ കരിയറില്‍ ഒരു സീസണില്‍ സഞ്ജു 500റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തതും ഇതാദ്യമായിട്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്‍സെടുത്തതും സഞ്ജുവാണ്.
സഞ്ജുവും റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ലോകകപ്പ് സ്‌ക്വാഡിലെത്തിയപ്പോള്‍ കെഎല്‍ രാഹുല്‍ തഴയപ്പെടുകയായിരുന്നു. ടൂര്‍ണമെന്റിനു മുന്നോടിയായി അമേരിക്കയില്‍ ആദ്യ സന്നാഹ മല്‍സരം കളിച്ചപ്പോള്‍ സഞ്ജു ഇലവനിലുണ്ടായിരുന്നു. ബംഗ്ലാദേശുമായുള്ള സന്നാഹത്തില്‍ നായകന്‍ രോഹിത്തിനൊപ്പം ഓപ്പണറായാണ് അദ്ദേഹം കളിച്ചത്. പക്ഷെ ഒരു റണ്‍സ് മാത്രമെടുത്ത് സഞ്ജുവിനു പുറത്താവേണ്ടി വന്നു. ഈ കളിയില്‍ മൂന്നാം നമ്പറില്‍ കളിച്ച റിഷഭാവട്ടെ ഫിഫ്റ്റിയോടെ മിന്നിക്കുകയും ചെയ്തു.

ഇതോടെ ലോകകപ്പിലെ മല്‍സരങ്ങളിലും റിഷഭിനു മൂന്നാം നമ്പറില്‍ കളിക്കാന്‍ അവസരം ലഭിക്കുകയും സഞ്ജു തഴയപ്പെടുകയുമായിരുന്നു. പക്ഷെ റിഷഭിനു എട്ടു മല്‍സരങ്ങളില്‍ ഒരു ഫിഫ്റ്റി പോലും നേടാനായില്ല. 24.42 ശരാശരിയില്‍ വെറും 171 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 42 റണ്‍സുമായിരുന്നു. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ഒറ്റയക്ക സ്‌കോറിനു ക്രീസ് വിട്ട റിഷഭ് ഫൈനലില്‍ ഡെക്കാവുകയും ചെയ്തിരുന്നു.
ഗ്രൂപ്പുഘട്ടത്തിലെ ചില മല്‍സരങ്ങളില്‍ സഞ്ജുവിനെ ടീം മാനേജ്‌മെന്റ് പരീക്ഷിക്കുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല. അഞ്ചാം നമ്പറില്‍ ശിവം ദുബെ തുടരെ ഫ്‌ളോപ്പായി കൊണ്ടിരുന്നപ്പോള്‍ പകരം സഞ്ജുവിനെ ഇറക്കണമെന്നു ചില മുന്‍ താരങ്ങളും ആരാധകരുമെല്ലാം ആവശ്യപ്പെട്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇവയൊന്നും മുഖവിലയ്‌ക്കെടുത്തില്ല.