ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇത്തവണ കിരീട ഫേവറിറ്റുകളിലൊന്നാണ് ഇന്ത്യന്‍ ടീമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ നായകനും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കോച്ചുമായ കുമാര്‍ സങ്കക്കാര. ചൊവ്വാഴ്ചയായിരുന്നു അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്.
വളരെ സന്തുലിതമായ സ്‌ക്വാഡിനെയാണ് ഈ ലോകകപ്പില്‍ ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നു സങ്കക്കാര ചൂണ്ടിക്കാട്ടി. ശക്തമായ ബാറ്റിങ് ലൈനപ്പും മികച്ച ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവും ഉയര്‍ന്ന നിലവാരമുള്ള സ്പിന്‍ ആക്രമണവുമെല്ലാം ഇന്ത്യക്കു കരുത്തേകുന്നതായി അദ്ദേഹം പറയുന്നു. വ്യത്യസ്ത സാഹചര്യങ്ങള്‍ക്കു അനുസരിച്ച് മാറ്റാന്‍ സാധിക്കുന്ന കോമ്പിനേഷനുകള്‍ ഇന്ത്യക്കുണ്ടെന്നും സങ്കക്കാര വിലയിരുത്തി.

അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യ എല്ലായ്‌പ്പോഴും വളരെ ശക്തരാണ്. ലോകകപ്പ് വേദിയായ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ച് അറിയുന്നതിനാല്‍ ലോകകപ്പ് നേടാന്‍ ഏതു ടീമിനെയാണ് ഇറക്കേണ്ടതെന്നു രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മയ്ക്കും വ്യക്തമായ ഐഡിയ ഉണ്ടായിരിക്കിമെന്നും എനിക്കുറപ്പുണ്ട്.
രണ്ട്- മൂന്ന് വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഇന്ത്യയെ ലോകകപ്പില്‍ കാണാന്‍ സാധിച്ചേക്കും. കൂടുതല്‍ ആഴമേറിയ ബാറ്റിങ് ലൈനപ്പാണോ, അതോ ബൗളിങ് കൂടുതല്‍ ശക്തമാക്കണോ എന്നു എന്നു വിലയിരുത്തിയാവും ടീം കോമ്പിനേഷന്‍ തിരഞ്ഞെടുക്കുക. വളരെ സന്തുലിതമായ സ്‌ക്വാഡ് തന്നെയാണ് ഇതെന്നു ഞാന്‍ കരുതുന്നു. ശക്തമായ സംഘം തന്നെയാണിത്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യ എല്ലായ്‌പ്പോഴും വളരെ കരുത്തരാണെന്നും സങ്കക്കാര നിരീക്ഷിച്ചു.
രാജസ്ഥാന്‍ റോയല്‍സിനും ഈ ലോകകപ്പ് ടീമില്‍ ശക്തമായ സാന്നിധ്യം ഇത്തവണയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതു കോച്ചെന്ന നിലയില്‍ സങ്കക്കാരയ്ക്കു സന്തോഷിക്കാനും അഭിമാനിക്കാനും വക നല്‍കുകയും ചെയ്യുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിലെ റോയല്‍സുകാര്‍. റിസര്‍വ് ലിസ്റ്റില്‍ റോയല്‍സ് ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ടീമിനെക്കുറിച്ച് സങ്കക്കാരയ്ക്കു തികഞ്ഞ മതിപ്പാണുള്ളതെങ്കിലും സ്‌ക്വാഡിനെക്കുറിച്ച് ചില വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു. ഫിനിഷര്‍ റിങ്കു സിങിനെ തഴഞ്ഞതാണ് ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യ കാണിച്ച ഏറ്റവും വലിയ അബദ്ധമായി പലരും ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യക്കായി ഇതുവരെ കളിച്ചിട്ടുള്ള ടി20കളിലെല്ലാം ഫിനിഷറായി മിന്നിച്ചിട്ടും തികച്ചും അപ്രതീക്ഷിതമായി റിങ്കു 15 അംഗ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.
കൂടാതെ മോശം ഫോമിലായിട്ടും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേയും വിമര്‍ശനം ശക്തമാണ്. മാത്രമല്ല പേസ് ബൗളിങില്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയതിനെയും പലരും ചോദ്യം ചെയ്തു കഴിഞ്ഞു. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തുന്ന സന്ദീപ് ശര്‍മ, ടി നടരാജന്‍ എന്നിവരെപ്പോലെയുള്ള ബൗളര്‍മാരുണ്ടായിട്ടും എന്തുകൊണ്ട് സിറാജിനെ ടീമിലെടുത്തുവെന്നതാണ് വിമര്‍ശകരുടെ ചോദ്യം.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശ്വസി ജയ്സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
സ്റ്റാന്റ്‌ബൈ താരങ്ങള്‍- ശുഭ്മന്‍ ഗില്‍, റിങ്കുസിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.