ടി20 ലോകകപ്പില്‍ അയര്‍ലാന്‍ഡുമായുള്ള ആദ്യ മല്‍സരത്തില്‍ ശിവം ദുബെയ്ക്കു പകരം ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിച്ചത് സഞ്ജു സാംസണാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ബംഗ്ലാദേശുമായി നേരത്തേ നടന്ന സന്നാഹ മല്‍സരത്തില്‍ ഫ്‌ളോപ്പായിരുന്നെങ്കിലും ഐറിഷ് ടീമിനെതിരേ സഞ്ജുവിനു പ്ലെയിങ് ഇലവനിലേക്കു നറുക്കു വീഴുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. ഐപിഎല്ലിലെ മിന്നുന്ന പ്രകടനവും അയര്‍ലാന്‍ഡിനെതിരേയുള്ള മികച്ച റെക്കോര്‍ഡുമെല്ലാം പ്ലസ് പോയിന്റുകളായിരുന്നു.
പക്ഷെ ഇതൊന്നും സഞ്ജുവിനെ തുണച്ചില്ല. റിഷഭ് പന്ത് വിക്കറ്റ് കീപ്പറുടെ റോളിലേക്കു വന്നപ്പോള്‍ മധ്യനിരയില്‍ ദുബെയും കളിക്കാനിറങ്ങുകയായിരുന്നു. പക്ഷെ ദുബെയെക്കൊണ്ട് മല്‍സരത്തില്‍ ഒരോവര്‍ പോലും നായകന്‍ രോഹിത് ശര്‍മ ബൗള്‍ ചെയ്യിച്ചില്ല. ബാറ്റിങിലാവട്ടെ രണ്ടു ബോള്‍ മാത്രം നേരിട്ട അദ്ദേഹം റണ്ണൊന്നുമെടുക്കാതെ പുറത്താവാതെ നില്‍ക്കുകയുമായിരുന്നു.

ബൗളിങില്‍ ടീമിനു ആവശ്യമില്ലെങ്കില്‍ ദുബെയ്ക്കു പകരം സഞ്ജുവാണ് പ്ലെയിങ് ഇലനവില്‍ വേണ്ടതെന്നാണ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോയില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായിട്ടാണ് സഞ്ജുവിനെ പിന്തുണച്ച് മഞ്ജരേക്കര്‍ സംസാരിച്ചത്.
സഞ്ജു സാംസണാണ് ശിവം ദുബെയേക്കാള്‍ മികച്ച ബാറ്റര്‍. അതുകൊണ്ടു തന്നെ ദുബെ ബൗള്‍ ചെയ്യുന്നില്ലെങ്കില്‍ തീര്‍ച്ചയായും സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കേണ്ടതുണ്ട്. സഞ്ജു ഒരു ബാറ്ററെന്ന നിലയില്‍ ഇപ്പോള്‍ വളരെയേറെ പക്വത നേടിക്കഴിഞ്ഞുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച സഞ്ജുവാണ് ഇപ്പോഴുള്ളതെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.
ഇതേ ഷോയില്‍ പങ്കെടുത്ത സിംബാബ്‌വെയുടെ മുന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായിരുന്ന ആന്‍ഡി ഫ്‌ളവറും ഇതേ അഭിപ്രായം തന്നെയാണ് സഞ്ജുവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ശിവം ദുബെയുടെ ബൗളിങ് ഈ ലോകകപ്പില്‍ ഇന്ത്യ അധികം ഉപയോഗിക്കുമെന്നു ഞാന്‍ കരുതുന്നില്ല. അതുകൊണ്ടു തന്നെ ബാറ്റിങിലെ ക്ലാസിന്റെ കാര്യത്തില്‍ നേരിട്ടൊരു ഷൂട്ടൗട്ട് നടത്തിയാല്‍ സഞ്ജുവാണ് മുന്നിലെത്തുക.
കാരണം ബാറ്റിങില്‍ കൂടുതല്‍ കഴിവുറ്റ താരം തീര്‍ച്ചയായും അദ്ദേഹം തന്നെയാണ്. സഞ്ജു വളരെ ലേറ്റായി ഷോട്ടുകള്‍ കളിക്കുന്ന ബാറ്ററാണ്, മനോഹരമായ ടൈമിങുമുണ്ട്. പുള്‍ ഷോട്ടുകളും നന്നായി കളിക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ പാകിസ്താനെതിരേ ഇന്ത്യക്കു ഉപയോഗിക്കാവുന്ന ബാറ്ററും സഞ്ജുവാണെന്നു ഫ്‌ളവര്‍ ചൂണ്ടിക്കാട്ടി.

നേരത്തേ അയര്‍ലാന്‍ഡുമായുള്ള ഏക സന്നാഹ മല്‍സരത്തില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ സഞ്ജുവിനു അവസരം ലഭിച്ചിരുന്നു. പക്ഷെ ഇതു വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായില്ല. ആറു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത സഞ്ജു സംശയാസ്പദമായ രീതിയില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.
നേരത്തേ രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ 15 ഇന്നിങ്‌സുകളില്‍ നിന്നും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം അദ്ദേഹം 531 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിലേക്കു സഞ്ജുവിനു വഴി തുറന്നതും ഇതായിരുന്നു.
സന്നാഹത്തിലെ മോശം പ്രകടനം സഞ്ജുവിനു ദോഷം ചെയ്തിട്ടുണ്ടെന്നു മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. വിക്കറ്റ് കീപ്പിങ് മാത്രമടുത്താല്‍ റിഷഭ് പന്താണ് കേമന്‍. ഇക്കാര്യം അംഗീകരിച്ചേ തീരൂ. കാരണം അവന്‍ ഇന്ത്യുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ കൂടിയാണ്. ഈ റോളിലേക്കു ഒരിക്കലും അവകാശവാദമുന്നയിക്കാന്‍ സഞ്ജുവിനായിട്ടില്ല. ആദ്യ സന്നാഹ മല്‍സരം സഞ്ജുവിനു ദോഷം ചെയ്തിട്ടുണ്ട്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്ററായി ഞാന്‍ അവനെയാണ് കണ്ടുവച്ചിരുന്നത്. റിഷഭിനു അഞ്ചാം നമ്പറുമായിരുന്നുവെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.