ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം 9ന് നടക്കാന്‍ പോവുകയാണ്. ലോക ക്രിക്കറ്റിലെ രണ്ട് ചിരവൈരികള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. അവസാന ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പകരം വീട്ടാനുറച്ചാവും പാകിസ്താനിറങ്ങുക. ബാബര്‍ ആസം നയിക്കുന്ന പാകിസ്താന്‍ ടീം ഇത്തവണ ശക്തമായ ബൗളിങ് നിരയോടെയാണ് ഇറങ്ങുന്നത്.
അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. പാകിസ്താന്റെ ബൗളിങ് നിര ഇന്ത്യക്ക് വലിയ ഭീഷണിയാണ്. ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ പാകിസ്താന്‍ ഇത്തവണ കപ്പിലേക്കെത്താന്‍ പോലും സാധ്യതയുണ്ടെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഇയാന്‍ ബിഷോപ്പ്. ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും ഓപ്പണര്‍മാരായി ഇറങ്ങണമെന്നാണ് ബിഷോപ്പ് പറയുന്നത്.
'പാകിസ്താന്റെ അനുഭവസമ്പന്നരായ താരങ്ങളാണ് ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും. അവരെ ഓപ്പണിങ്ങിലേക്ക് പിന്തുണക്കണം. എന്നാല്‍ ഇവരുടെ ശൈലി മാറ്റേണ്ടതായുണ്ട്. ടി20 ലോകകപ്പിലെ പിച്ച് അല്‍പ്പം പ്രയാസമുള്ളതാണ്. അതുകൊണ്ടുതന്നെ ഇവര്‍ ഓപ്പണര്‍മാരാവുകയും ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തുകയും ആക്രമണോത്സകത കൊണ്ടുവരേണ്ടതുമാണ്. ബാറ്റിങ് നിരയില്‍ ഇവര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്' ബിഷോപ് പറഞ്ഞു.
ഇന്ത്യക്കെതിരേ ബാബറും റിസ്വാനും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യണമെന്നാണ് ബിഷോപ് പറയുന്നത്. ഇവര്‍ക്ക് ഇന്ത്യക്കെതിരേ മികച്ച റെക്കോഡാണുള്ള താരങ്ങളാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ 10 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അന്ന് കരുത്തായത് ബാബറിന്റേയും റിസ്വാന്റേയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ്. ഇത്തവണത്തെ പാകിസ്താന്റെ ബാറ്റിങ് കരുത്തിലെ എല്ലാ പ്രതീക്ഷയും ഈ രണ്ട് പേരില്‍ത്തന്നെയാണ്.

ബാബറിനും റിസ്വാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയും പാകിസ്താനെ മികച്ച സ്‌കോറിലേക്ക് എത്തിക്കാന്‍ സാധിക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം പാകിസ്താന്റെ നില പരുങ്ങലിലാവും. പാകിസ്താന്റെ ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ എറിഞ്ഞു പിടിക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കും. ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍ എന്നീ അനുഭവസമ്പന്നരായ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് ഇന്ത്യക്കെതിരേ മികച്ച റെക്കോഡാണുള്ളത്.
ഇവരുടെ പ്രകടനം ഇന്ത്യയുടെ ടോപ് ഓഡറിന് വലിയ ഭീഷണിയാണെന്ന് പറയാം. ഇത്തവണയും പതിവ് ആവര്‍ത്തിച്ചാല്‍ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യ പതറിയേക്കും. ഇന്ത്യയുടെ ടീം കരുത്ത് മോശമല്ല. എന്നാല്‍ ഫോമും സ്ഥിരതയുമാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. രോഹിത്തിന്റെ ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതേ സമയം കോലി റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയിരുന്നു.
കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. റിഷഭ് പന്ത് ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തി വലിയ ഇംപാക്ട് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കാന്‍ റിഷഭിന് സാധിച്ചിരുന്നു. ഇതേ മികവ് മധ്യനിരയില്‍ ഇന്ത്യക്കായി ആവര്‍ത്തിക്കാന്‍ റിഷഭിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ ദുരന്തമായിരുന്നു. എന്നാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.
സന്നാഹ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് നടത്തിയത്. പാകിസ്താനെതിരേ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യ ആ മികവ് പ്രതീക്ഷിക്കുന്നു. നാല് സ്പിന്നര്‍മാരെയാണ് ഇന്ത്യ ടീമിലെടുത്തിരിക്കുന്നത്. ഇതും ടീമിന് ഗുണകരമായി മാറാന്‍ സാധ്യതയുണ്ട്. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം ആരെ കളിപ്പിക്കുമെന്നതാണ് ചോദ്യം. ഇടം കൈയനെന്ന നിലയില്‍ അര്‍ഷ്ദീപ് സിങ് എത്താനാണ് സാധ്യത കൂടുതല്‍.