ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം അവഗണന നേരിട്ടു കൊണ്ടിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടിരുന്നു. പകരം റിഷഭ് പന്തിനെയാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇന്ത്യ കളിപ്പിച്ചത്. സഞ്ജു അവസരം കിട്ടാതെ പുറത്തിരിക്കുന്നത് വലിയ സര്‍പ്രൈസാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം.
ഇന്ത്യയും പാകിസ്താനും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ പോരാട്ടത്തിലെ കമന്ററിക്കിടിയെയാണ് സഞ്ജുവിനെ അക്രം പുകഴ്ത്തിയത്. ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജുവിനു ഇനിയും അവസരം ലഭിക്കാത്തതില്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. പേസ്- സ്പിന്‍ ബൗളിങിനെ ഒരുപോലെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ബാറ്ററാണ് സഞ്ജു സാംസണ്‍. എന്നിട്ടും അദ്ദേഹം അവസരം കിട്ടാതെ ബെഞ്ചിലിരിക്കുന്നത് ആശ്ചര്യപ്പടുത്തുന്നു.

ശിവം ദുബെ, റിഷഭ് പന്ത് എന്നിവരിലൊരാള്‍ക്കു പകരം ഞാന്‍ കളിപ്പിക്കുക സഞ്ജു സാംസണിനെയാണ്. കാരണം ബാറ്ററെന്ന നിലയില്‍ രണ്ടു പേരേക്കാളും പ്രതിഭാശാലിയാണ് അദ്ദേഹം. സ്പിന്നര്‍മാര്‍ക്കെതിരേ മാത്രമേ ദുബെയ്ക്കു ആധിപത്യമുള്ളൂ. റിഷഭാവിനാവട്ടെ ലെഗ് സൈഡില്‍ മാത്രമേ ബാറ്റിങില്‍ മേധാവിത്വമുള്ളൂയെന്നും അക്രം വ്യക്തമാക്കി.
ടി20 ലോകകപ്പിലെ ഇന്ത്യന്‍ സംഘത്തില്‍ റിഷഭിനൊപ്പം ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് സഞ്ജു. ലോകകപ്പിനുള്ള പ്ലെയിങ് ഇലവനിലേക്കു അവകാശവാദമുന്നയിക്കാന്‍ ടൂര്‍ണമെന്റിനു തൊട്ടുമുമ്പ് അദ്ദേഹത്തിനൊരു സുവര്‍ണാവസരം ലഭിച്ചിരുന്നു. പക്ഷെ മലയാളി താരം ഇതു പാഴാക്കുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ ഏക സന്നാഹ മല്‍സരത്തില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ സഞ്ജുവിനു അവസരം ലഭിച്ചിരുന്നു. പക്ഷെ ഒരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. ഈ കളിയില്‍ മികച്ചൊരു സ്‌കോര്‍ കണ്ടെത്തിയിരുന്നെങ്കില്‍ ലോകകപ്പിലും സഞ്ജുവിനു അവസരം കിട്ടുമായിരുന്നു. ബംഗ്ലാദേശുമായുള്ള ഇതേ മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയതോടെ റിഷഭ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളും തന്റെ പേരില്‍ ഭദ്രമാക്കി.

ലോകകപ്പില്‍ ഇതിനകം ഇന്ത്യ കളിച്ച രണ്ടു മല്‍സരങ്ങളിലും റിഷഭ് ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. അയര്‍ലാന്‍ഡിനെതിരേ 36 റണ്‍സുമായി പുറത്താവാതെ നിന്ന അദ്ദേഹം പാകിസ്താനെതിരേ 42 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ മധ്യനിരയില്‍ പരീക്ഷിക്കപ്പെട്ട ദുബെ ബാറ്റിങില്‍ വന്‍ ദുരന്തമായ മാറിയിരിക്കുകയാണ്. ആദ്യ കളിയില്‍ റണ്ണൊന്നുമെടുക്കാന്‍ സാധിക്കാതെ പോയ അദ്ദേഹം പാകിസ്താനെതിരേ മൂന്നു റണ്‍സിനും പുറത്തായിരുന്നു.
ബുധനാഴ്ച അമേരിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മല്‍സരം. ഈ മല്‍സരത്തില്‍ ദുബെയ്ക്കു പകരം സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടുവരാനിടയുണ്ട്. അങ്ങനെയെങ്കില്‍ സൂര്യകുമാര്‍ യാദവിനു ശേഷം അഞ്ചാം നമ്പറിലായിരിക്കും അദ്ദേഹം ബാറ്റ് ചെയ്‌തേക്കുക.
ഇന്ത്യക്കു ഇനി രണ്ടു കളികളിലാണ് ഗ്രൂപ്പുഘട്ടത്തില്‍ ബാക്കിയുള്ളത്. അമേരിക്കയ്‌ക്കെതിരായ മല്‍സരത്തിനു ശേഷം കാനഡയുമായും ഇന്ത്യ ഏറ്റുമുട്ടും. ഇവയില്‍ ദുബെയ്ക്കു പകരം സഞ്ജു കളിക്കാനാണ് സാധ്യത. സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കു സ്ഥാനം ഇനിയും ഉറപ്പായിട്ടില്ല. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റെടുക്കും,