ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകളുടെ തോല്‍വികള്‍ കാരണം ശരിക്കും കോളടിച്ചിരിക്കുന്നത് ഇന്ത്യക്കാണ്. സൂപ്പര്‍ എട്ടില്‍ നിന്നും സെമി ഫൈനലിലേക്കു മുന്നേറാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ കൂടിയാണ് ഇതോടെ വര്‍ധിച്ചിരിക്കുന്നത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ എതിരാളികളെക്കുറിച്ച് നേരത്തേയുണ്ടായിരുന്ന ചിത്രം ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇതു എങ്ങനെയാണെന്നു നോക്കാം.
ഗ്രൂപ്പ് സിയില്‍ ഇന്നു നടന്ന മല്‍സരത്തില്‍ കിരീട ഫേവറിറ്റുകളിലൊന്നായ ന്യൂസിലാന്‍ഡിനെ അഫ്ഗാനിസ്താന്‍ മുക്കിയിരുന്നു. ഗയാനയില്‍ നടന്ന തികച്ചും ഏകപക്ഷീയമായ കളിയില്‍ 84 റണ്‍സിനു അഫ്ഗാന്‍ അവരെ വാരിക്കളയുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ഗ്രൂപ്പ് ഡിയില്‍ ശ്രീലങ്കയെ രണ്ടു വിക്കറ്റിനു ബംഗ്ലാദേശും വീഴത്തുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തിയ അഫ്ഗാന്‍ സൂപ്പര്‍ എട്ടിനു തൊട്ടരികിലാണ്. ശേഷിച്ച രണ്ടു കളിയില്‍ ഒന്നില്‍ ജയിച്ചാല്‍ അവര്‍ സൂപ്പര്‍ എട്ടിലെത്തും.

എന്നാല്‍ ഗ്രൂപ്പ് ഡിയില്‍ തുടരെ രണ്ടാം തോല്‍വിയോടെ ശ്രീലങ്ക അവസാന സ്ഥാനത്തേക്കു വീണിരിക്കുകയാണ്. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ തോറ്റാല്‍ അവര്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്താവും. അടുത്ത രണ്ടു മല്‍സരം ജയിച്ചാലും ലങ്കയ്ക്കു സൂപ്പര്‍ എട്ട് ടിക്കറ്റ് ഉറപ്പില്ലെന്നതാണ് സത്യം.
അതേസമയം, ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. ഗ്രൂപ്പില്‍ നിന്നും ഒന്നാംസ്ഥാനക്കാരായി ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെ ഇന്ത്യ തുരത്തിയിരുന്നു. പാകിസ്താന്‍, അമേരിക്ക, കാനഡ എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ശേഷിച്ച മല്‍സരങ്ങള്‍.
പാക് ടീമിനോടു തോറ്റാലും ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ നല്ല മാര്‍ജിനില്‍ ജയിച്ചാല്‍ ഇന്ത്യക്കു ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കളിക്കാം. അങ്ങനെയെങ്കില്‍ സൂപ്പര്‍ എട്ടിലെ ആദ്യ ഗ്രൂപ്പിലായിരിക്കും ഇന്ത്യ. ഗ്രൂപ്പ് ബി രണ്ടാംസ്ഥാക്കാര്‍, ഗ്രൂപ്പ് സി ചാംപ്യന്‍മാര്‍, ഗ്രൂപ്പ് ഡി റണ്ണറപ്പ് എന്നിവരായിരിക്കും ഇന്ത്യക്കൊപ്പം സൂപ്പര്‍ എട്ട് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഗ്രൂപ്പ് ബി റണ്ണറപ്പായി ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളിലൊന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേയുള്ള കണക്കുകൂട്ടല്‍ പ്രകാരം ഗ്രൂപ്പ് സി ചാംപ്യന്‍മാരായി ന്യൂസിലാന്‍ഡ്, ഗ്രൂപ്പ് ഡി റണ്ണറപ്പായി ശ്രീലങ്ക എന്നിവര്‍ ഇന്ത്യയുള്‍പ്പെട്ട സൂപ്പര്‍ എട്ട് ഗ്രൂപ്പിലെത്തുമാണ് കണക്കുകൂട്ടിയത്. പക്ഷെ ന്യൂസിലാന്‍ഡിന്റെയും ലങ്കയുടെയും തോല്‍വികള്‍ ഇതു തെറ്റിച്ചിരിക്കുകയാണ്. ഇപ്പോള്‍ അഫ്ഗാനാണ് ഗ്രൂപ്പില്‍ തലപ്പത്ത്.

ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ അഫ്ഗാന്‍ ഗ്രൂപ്പ് ചാംപ്യന്മാരായി തന്നെ സൂപ്പര്‍ എട്ടിലേക്കു കുതിക്കും. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ സൂപ്പര്‍ എട്ട് ഗ്രൂപ്പിലെ ഒരു ടീം അവരായിരിക്കും. ഗ്രൂപ്പ് ഡിയുടെ കാര്യമെടുത്താല്‍ സൗത്താഫ്രിക്ക ഒന്നാമതും ശ്രീലങ്ക രണ്ടാമതും ആവുമെന്നായിരുന്നു നിഗമനം. എന്നാല്‍ തുടരെ രണ്ടു മല്‍സരങ്ങള്‍ തോറ്റ ലങ്ക ഇനി സൂപ്പര്‍ എട്ടിലുണ്ടാവുമോയെന്നത് സംശയമാണ്. ബംഗ്ലാദേശ് ഈ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്‌തേക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ സൂപ്പര്‍ 8 ഗ്രൂപ്പില്‍ അവര്‍ കൂടിയുണ്ടാവും.
ഇങ്ങനെ നോക്കിയാല്‍ ഇന്ത്യയുടെ സൂപ്പര്‍ എട്ട് ഗ്രൂപ്പിലെ എതിരാളികള്‍ ഓസ്‌ട്രേലിയ/ ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരായേക്കും. ഇതോടെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവും. ഓസീസ് / ഇംഗ്ലണ്ട് ഇവരില്‍ ആരാണോ ഗ്രൂപ്പിലെത്തുന്നത് അവരെ മാത്രം ഇന്ത്യക്കു പേടിച്ചാല്‍ മതിയാവും.
അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ ഇന്ത്യക്കു ജയം ഏറെക്കുറെ ഉറപ്പുമാണ്. ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലെത്തുക. അതുകൊണ്ടു തന്നെ ഇങ്ങനെയാണ് കാര്യങ്ങള്‍ വരുന്നതെങ്കില്‍ ഇന്ത്യക്കു സെമി ഫൈനലില്‍ ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്യാം.