Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ദുബെയെ എങ്ങനെ ഇന്ത്യന്‍ ടീമിലെടുക്കാം? ഇതാ മൂന്നു വഴികള്‍

അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനത്തിലൂടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് വമ്പനടിക്കാരനായ ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ശിവം ദുബെ. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും റണ്‍ചേസില്‍ അദ്ദേഹം അപരാജിത ഫിഫ്റ്റികള്‍ കുറിച്ചിരുന്നു. കൂടാതെ രണ്ടു വിക്കറ്റുകളും പിഴുതു. ഇതോടെയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി മാറാന്‍ തനിക്കു സാധിക്കുമെന്നു അദ്ദേഹം കാണിച്ചു തന്നിരിക്കുന്നത്.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ദുബെയ്ക്കു പക്ഷെ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനായില്ല. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ വന്നതോടെ അദ്ദേഹത്തിനു ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു.

SHIVAM DUBE

എന്നാല്‍ കഴിഞ്ഞ രണ്ടു സീസുകളിലെയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങൾ ദുബെയുടെ കരിയറിനു പുതുജീവന്‍ നല്‍കുകയായിരുന്നു. ഇതു അദ്ദേഹത്തിനു ടീമിലേക്കു രണ്ടാം വരവിനു വഴിയൊരുക്കുകയും ചെയ്തു. ഇത്തവണ തനിക്കു ലഭിച്ച അവസരങ്ങള്‍ നന്നായി മുതലെടുക്കുകയും ചെയ്തിരിക്കുകയാണ് ദുബെ.

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ദുബെയെ എങ്ങനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താമെന്നു നമുക്കു പരിശോധിക്കാം. സീം ബൗളിങ് ഓള്‍റൗണ്ടറുടെ റോളാണ് ആദ്യത്തെ ഓപ്ഷന്‍. നിലവില്‍ ഈ റോളിലെ ഫേവറിറ്റ് വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയാണ്. പക്ഷെ തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്ത നിരന്തരം വേട്ടയാടുകയാണ്. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിന്റെ ബാക്കപ്പായി ദുബെയെ ഇന്ത്യക്കു ലോകകപ്പ് ടീമിന്റെ ഭാഗമാക്കാം.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കു കാരണം ഹാര്‍ദിക് ഇപ്പോഴും കളത്തിനു പുറത്താണ്. അദ്ദേഹത്തിന്റെ അഭാവം തനിക്കു നികത്താന്‍ കഴിയുമെന്നു അഫ്ഗാനെതിരേ ദുബെ കാണിച്ചുതന്നിരിക്കുകയാണ്. ബാറ്റിങില്‍ ഹാര്‍ദിക്കിനേക്കള്‍ അപകടകാരിയാണെങ്കിലും ബൗളിങില്‍ അത്രത്തോളമെത്തില്ലെന്നതാണ് ഏക പോരായ്മ.

എങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിലൂടെ ബൗളിങിലും കൂടുതല്‍ മെച്ചപ്പെടാന്‍ ദുബെയ്ക്കു കഴിയും. വരാനിരിക്കുന്ന ഐപിഎല്ലില്‍ ദുബെയുടെയും ഹാര്‍ദിക്കിന്റെയും പ്രകടനം എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

രണ്ടാമത്തെ ഓപ്ഷന്‍ ഓള്‍റൗണ്ടറായല്ല, മറിച്ച് ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ദുബെയെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്തുകയെന്നതാണ്. തിലക് വര്‍മ, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് മധ്യനിരയില്‍ ടി20 ലോകകപ്പിലെ സ്ഥാനത്തിനായി പ്രധാനമായും പോരടിക്കുന്നത്. പക്ഷെ സമീപകാലത്തു ലഭിച്ച അവസരങ്ങള്‍ വേണ്ടത്ര മുതലാക്കാന്‍ തിലകിനായിട്ടില്ല. ശ്രേയസാവട്ടെ ടി20യില്‍ നിരന്തരം ബാറ്റിങില്‍ പതറുകയും ചെയ്യുന്നു. രാഹുല്‍ കുറച്ചു കാലമായി ടി20 പ്ലാനിന്റെ ഭാഗവുമല്ല.

ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരാവട്ടെ ഇന്ത്യന്‍ മധ്യനിരയില്‍ ഇപ്പോഴും സ്ഥാനമുറപ്പിക്കാനാവാതെ പാടുപെടുകയാണ്. ഇവയെല്ലാം മധ്യനിരയില്‍ ദുബെയ്ക്കു നല്ലൊരു അവസരമാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ടോപ്പ് സിക്‌സില്‍ ഒരു ഇടംകൈയന്‍ ബാറ്ററുടെ കൂടി സാന്നിധ്യം ദുബെയിലൂടെ ലഭിക്കുമെന്നതും പ്ലസ് പോയിന്റാണ്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ നേരിടാന്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരു ബാറ്ററും ഇപ്പോള്‍ ഇന്ത്യക്കില്ല.

SHIVAM DUBE

വ്യത്യസ്ത പൊസിഷനുകളിലേക്കു ബാക്കപ്പായി ദുബെയെ ഉള്‍പ്പെടുത്താമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള മൂന്നാമത്തെ ഓപ്ഷന്‍. ടോപ് ഓര്‍ഡറില്‍ ഇന്ത്യന്‍ പ്ലാന്‍ എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചാവും ദുബെയുടെ പ്ലെയിങ് ഇലവനിലെ സ്ഥാനം.

രോഹിത് ശര്‍മയും വിരാട് കോലിയും ടീം പ്ലാനിന്റെ ഭാഗമാണെങ്കില്‍ ഒരു ഓള്‍റൗണ്ടറെക്കൂടി പ്ലെയിങ് ഇവനില്‍ ഉള്‍പ്പെടുത്തുക ഇന്ത്യക്കു കടുപ്പമായിരിക്കും. കാരണം മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ തുടങ്ങിയവരെല്ലാമുണ്ടാവും.

കോലി മൂന്നാം നമ്പറില്‍ കളിക്കാതിരിക്കുകയും ഈ പൊസിഷനില്‍ സൂര്യ ഇറങ്ങുകയും ചെയ്താല്‍ നാലാം നമ്പര്‍ ദുബെയ്ക്കു നല്‍കാം. പക്ഷെ ഇതു സംഭവിച്ചില്ലെങ്കില്‍ ദുബെയ്ക്കു സൈഡ് ബെഞ്ചിലായിരിക്കും സ്ഥാനം. അങ്ങനെ വന്നാല്‍ ടീമിലെ ഏതെങ്കിലുമൊരു താരത്തിനു പരിക്കേല്‍ക്കുകയാണെങ്കില്‍ ആ പൊസിഷനില്‍ ദുബെയെ ഇന്ത്യക്കു കളിപ്പിക്കേണ്ടതായി വരും.

Story first published: Tuesday, January 16, 2024, 7:22 [IST]
Other articles published on Jan 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+