ഗയാന: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്ത് ഇന്ത്യന്‍ ടീം ഫൈനലിലേക്കു കുതിച്ചതിനു പിന്നില്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി എടുത്തു പറയേണ്ടതാണ്. ടൂര്‍ണമെന്റിലെ മുന്‍ മല്‍സരങ്ങളിലേതു പോലെ ഈ കളിയിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കു 100ല്‍ 100 തന്നെ കൊടുക്കാം. കാരണം അത്ര ഗംഭീരമായിട്ടാണ് രോഹിത് തന്റെ ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുകയും ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കു കെണിയൊരുക്കുകയും ചെയ്തത്. ഈ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ ബാക്ക്ഫൂട്ടിലാക്കി കളിയുടെ നിയന്ത്രണമേറ്റെടുക്കാന്‍ വെറും മൂന്നോവര്‍ മാത്രമേ രോഹിത്തിനു ആവശ്യമായുള്ളൂ.
റണ്‍ചേസില്‍ ഇംഗ്ലണ്ടിന്റെ മുനയൊടിച്ച രോഹിത്തിന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയെക്കുറിച്ചറിയാം. പതിവു പോലെ അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവരെ വച്ചാണ് രോഹിത് ബൗളിങ് ആക്രമണത്തിനു തുടക്കമിട്ടത്. ആദ്യ ഓവറില്‍ അര്‍ഷ്ദീപ് വിട്ടുകൊടുത്തത് അഞ്ചു റണ്‍സാണെങ്കില്‍ അടുത്ത ഓവറില്‍ ഒരു ഫോറുള്‍പ്പെടെ ബുംറ എട്ടു റണ്‍സും വഴങ്ങി. മൂന്നാം ഓവറില്‍ അര്‍ഷ്ദീപിനെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ കടന്നാക്രമിക്കുകയും ചെയ്തു. മൂന്നു ഫോറുകളടക്കം 13 റണ്‍സാണ് ഈ ഓവറില്‍ ബട്‌ലര്‍ വാരിക്കൂട്ടിയത്.

മൂന്നോവര്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 26 റണ്‍സ്. 14 ബോളില്‍ 23 റണ്‍സുമായി ബട്‌ലറും നാലു ബോളില്‍ രണ്ടു റണ്‍സുമായി ഫില്‍ സാള്‍ട്ടും ക്രീസില്‍. ആക്രമണോത്സുകതയോടെ ബാറ്റ് വീശിയ ബട്‌ലര്‍ തുടക്കത്തില്‍ തന്നെ നയം വ്യക്തമാക്കിയിരുന്നു. ഇതു മനസ്സിലാക്കിയ രോഹിത് വളരെ പെട്ടെന്നാണ് തന്ത്രത്തില്‍ മാറ്റം വരുത്തിയത്. ബുംറയ്ക്കു നാലാം ഓവര്‍ നല്‍കാതെ ഇടംകൈയന്‍ സ്പിന്നറായ അക്ഷര്‍ പട്ടേലിനെ അദ്ദേഹം കൊണ്ടുവരികയായിരുന്നു. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു.
നാലാം ഓവറിലെ ആദ്യ ബോളില്‍ തന്നെ ബട്‌ലര്‍ പുറത്ത്. ഓഫ് സ്റ്റംപിനു പുറത്തു പോയ ലെങ്ത് ബോളില്‍ റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച അദ്ദേഹത്തിനു പാളി. ബാറ്റിന്റെ മുനമ്പില്‍ തട്ടി മുകളിലേക്കുയര്‍ന്ന ബോള്‍ റിഷഭ് പന്ത് അനായാസം പിടികൂടി. ഈ ഓവറില്‍ ഇംഗ്ലണ്ടിനു ലഭിച്ചത് ഏഴു റണ്‍സാണ്. പക്ഷെ ബട്‌ലര്‍ മടങ്ങിയെങ്കിലും ക്രീസിന്റെ മറുഭാഗത്തു മറ്റൊരു വമ്പനടിക്കാരനായ ഫില്‍ സാള്‍ട്ടുള്ളത് ഇന്ത്യക്കു ഭീഷണിയായിരുന്നു. അതുകൊണ്ടു തന്നെ ബുംറയെ അടുത്ത ഓവറില്‍ രോഹിത് തിരികെ വിളിച്ചു.
ഈ നീക്കവും ക്ലിക്കായി. നാലാമത്തെ ബോളില്‍ സാള്‍ട്ടും (എട്ടു ബോളില്‍ 5) പുറത്ത്. പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കുകയെന്ന ലക്ഷ്യത്തോടെ ബുംറയ്‌ക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി സാള്‍ട്ട് ആഞ്ഞടിക്കാന്‍ തുനിയുകയായിരുന്നു. പക്ഷെ ഈ നീക്കം ദയനീയമായി പരാജയപ്പെട്ടു. ഓഫ് സ്റ്റംപ് ലക്ഷ്യമിട്ട് ഓഫ് കട്ടറാണ് ബുംറയെറിഞ്ഞത്. അതു കണക്ട് ചെയ്യാല്‍ സാള്‍ട്ടിനു സാധിക്കാതെ പോയപ്പോള്‍ ബോള്‍ നേരെ ലെഗ്‌സ്റ്റംപില്‍ പതിക്കുകയും ചെയ്തു.

അക്ഷറിനു പവര്‍പ്ലേയില്‍ ഒരോവര്‍ കൂടി രോഹിത് നല്‍കുകയയിരുന്നു. ഈ നീക്കവും ഫലം കണ്ടു. ആദ്യ ഓവറിനു സമാനമായി ഈ ഓവറിലും ആദ്യബോളില്‍ തന്നെ അക്ഷര്‍ വിക്കറ്റ് പിഴുതു. സ്പിന്നര്‍മാര്‍ക്കെതിരേ പലപ്പോഴും പതറിയിട്ടുള്ള ജോണി ബെയര്‍സ്‌റ്റോയെ പൂജ്യത്തിനു അക്ഷര്‍ ബൗള്‍ഡാക്കുകയായിരുന്നു. ഈ ഓവറില്‍ വന്നത് നാലു റണ്‍സ് മാത്രം. ഇതോടെ ഇംഗ്ലണ്ട് ആറോവറില്‍ മൂന്നിനു 36ലേക്കും വീണു. വെറും മൂന്നോവര്‍ കൊണ്ടു തന്നെ ഇംഗ്ലണ്ട് സമ്മര്‍ദ്ദിലാവുകയും അതോടെ റണ്‍ചേസ് ദുഷ്‌കരമായി തീരുകയും ചെയ്തു.
പേസര്‍മാരേക്കാള്‍ പിച്ച് സ്പിന്നര്‍മാരെയാണ് തുണയ്ക്കുന്നതെന്നു ബോധ്യമായതോടെ രോഹിത് രണ്ടു എന്‍ഡുകളിലും സ്പിന്‍ കൊണ്ടുവന്ന് ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി. അക്ഷറിനു കൂട്ടായി കുല്‍ദീപ് യാദവും പിന്നീട് രവീന്ദ്ര ജഡേജയുമെത്തി. 15ാം ഓവര്‍ വരെ സ്പിന്നര്‍മാരാണ് ബൗളിങ് കൈകാര്യം ചെയ്തത്.
16ാം ഓവര്‍ വരെ ഹാര്‍ദിക് പാണ്ഡ്യയെ ബൗളിങില്‍ രോഹിത് പരീക്ഷിച്ചതുമില്ല. അപ്പോഴേക്കും എട്ടു വിക്കറ്റിനു 86ലേക്കു കൂപ്പുകുത്തിയ ഇംഗ്ലണ്ട് പരാജയവുമുറപ്പിച്ചിരുന്നു. മൂന്നു സ്ലോ ബൗളര്‍മാരും കൂടി എറിഞ്ഞത് 11 ഓവറുകളാണ്. ആറു വിക്കറ്റുകള്‍ ഇവര്‍ വീഴ്ത്തുകയും ചെയ്തു.