For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രോഹിത് കിടിലന്‍, ആ നീക്കം അഫ്ഗാനെ തകര്‍ത്തു; ക്യാപ്റ്റന്‍സിക്ക് കൈയടിക്കാം

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ തകര്‍ത്തിരിക്കുകയാണ്. 47 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന് 134 റണ്‍സാണ് നേടാനായത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കിടിലന്‍ പ്രകടനവും സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയെ രക്ഷിച്ചത്. ന്യൂസീലന്‍ഡിനെ തകര്‍ത്ത ആത്മവിശ്വാസത്തിലെത്തിയ അഫ്ഗാനെ ഇന്ത്യ തകര്‍ത്തുവിടുകയായിരുന്നു.

ഇന്ത്യയുടെ വമ്പന്‍ ജയത്തില്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മികവ് എടുത്തു പറയേണ്ടതാണ്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിച്ച് അഫ്ഗാനെ തകര്‍ക്കാന്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവാണ് നിര്‍ണ്ണായകമായത്. അര്‍ഷ്ദീപ് സിങ് ആദ്യ ഓവറില്‍ 13 റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ടാം ഓവറില്‍ ബുംറ രണ്ടാം പന്തില്‍ത്തന്നെ വിക്കറ്റ് നേടി. വെറും 1 റണ്‍സാണ് ബുംറ ഈ ഓവറില്‍ വഴങ്ങിയത്. മൂന്നാം ഓവറില്‍ അര്‍ഷ്ദീപിനെ വീണ്ടുംകൊണ്ടുവന്നപ്പോള്‍ 9 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്.

നാലാം ഓവറില്‍ ബുംറയെ പ്രതീക്ഷിച്ചിരിക്കവെ അക്ഷര്‍ പട്ടേലിനെ രോഹിത് പ്രയോഗിച്ചത് നിര്‍ണ്ണായകമായി. നാലാം പന്തില്‍ അപകടകാരിയായ ഇബ്രാഹിം സദ്രാനെ അക്ഷര്‍ പുറത്താക്കി. അപ്രതീക്ഷിതമായി സ്പിന്നിനെ കൊണ്ടുവരാനുള്ള രോഹിത്തിന്റെ തീരുമാനം ഫലം കണ്ടു. അദ്ദേഹത്തിന്റെ അനുഭവസമ്പത്താണ് ഇത്തരമൊരു തീരുമാനത്തിന് കരുത്തായത്. അഞ്ചാം ഓവറില്‍ വീണ്ടും ബുംറയെ കൊണ്ടുവന്നപ്പോള്‍ ആദ്യ പന്തില്‍ത്തന്നെ അദ്ദേഹം വിക്കറ്റ് നേടി. ഹസ്‌റത്തുല്ല സസായിയെയാണ് ബുംറ പുറത്താക്കിയത്.

ഇതോടെ പവര്‍പ്ലേയില്‍ അഫ്ഗാന്റെ മൂന്ന് വിക്കറ്റുകള്‍ നേടിയെടുക്കാനും അവരെ സമ്മര്‍ദ്ദത്തിലാക്കാനും ഇന്ത്യക്ക് സാധിച്ചു. പവര്‍പ്ലേയില്‍ 3 വിക്കറ്റിന് 35 റണ്‍സായിരുന്നു അഫ്ഗാന്റെ സമ്പാദ്യം. മധ്യ ഓവറുകളില്‍ കുല്‍ദീപ് യാദവിന്റെ പ്രകടനം നിര്‍ണ്ണായകമായി. കുല്‍ദീപും ജഡേജയും മധ്യ ഓവറുകളില്‍ കളി നിയന്ത്രിച്ചു. 16ാം ഓവറില്‍ ബുംറയെ തിരികെ വിളിച്ച രോഹിത്തിന്റെ തീരുമാനവും നിര്‍ണ്ണായകമായി. നജീബുല്ല സദ്രാനെ പുറത്താക്കി അഫ്ഗാന്റെ അവസാന പ്രതീക്ഷയും അവസാനിപ്പിക്കാന്‍ ബുംറക്കായി.

rohit sharma

ബുംറയെറിഞ്ഞ നാല് ഓവറുകള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായി. ഒരു മെയ്ഡനടക്കം 7 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ബുംറ നേടിയത്. ബുംറയെ കൃത്യമായി ഉപയോഗിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ബാറ്റിങ്ങില്‍ ഫോമിലല്ലെങ്കിലും നായകനെന്ന നിലയില്‍ മികച്ച ബൗളിങ് ചെയ്ഞ്ചും ഫീല്‍ഡിങ് വിന്യാസവുമായി രോഹിത് കൈയടി നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഓപ്പണിങ് ക്ലിക്കാവുന്നില്ല.

അഫ്ഗാനെതിരേ 11 റണ്‍സാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്. 13 പന്തില്‍ 8 റണ്‍സെടുത്ത രോഹിത്താണ് ആദ്യം മടങ്ങിയത്. വിരാട് കോലി 24 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. റിഷഭ് പന്ത് 11 പന്തില്‍ 20 റണ്‍സാണ് നേടിയത്.

സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. 28 പന്തില്‍ 53 റണ്‍സോടെ സൂര്യകുമാര്‍ കസറി. 5 ഫോറും 3 സിക്‌സും സൂര്യകുമാര്‍ പറത്തി. ശിവം ദുബെ 10 റണ്‍സ് നേടി മടങ്ങിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ നിര്‍ണ്ണായകമായ 32 റണ്‍സ് നേടി കൈയടി നേടി.

ഫസല്‍ഹഖ് ഫറൂഖിയും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീതം നേടി അഫ്ഗാന്‍ നിരയില്‍ തിളങ്ങി. ബാറ്റിങ്ങില്‍ അഫ്ഗാന്റെ ഒരു താരത്തിനും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. 26 റണ്‍സെടുത്ത അസ്മത്തുല്ല ഒമര്‍സായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ബൗളര്‍മാര്‍ സ്ഥിരതയോടെ തിളങ്ങുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുന്നു. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ അവര്‍ക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Friday, June 21, 2024, 8:02 [IST]
Other articles published on Jun 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+