ടറൗബ: ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്റെ മാജിക് നടന്നില്ല. ദക്ഷിണാഫ്രിക്കയോട് നാണംകെട്ട തോല്‍വി ടീം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഒമ്പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക അഫ്ഗാനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 11.5 ഓവറില്‍ 56 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 9 വിക്കറ്റും 67 പന്തും ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. അഫ്ഗാന്റെ പോരാട്ടവീര്യം സെമിയില്‍ കാണാനായില്ല.
അഫ്ഗാന്റെ തോല്‍വിക്ക് കാരണമായി പലതും ചൂണ്ടിക്കാട്ടാം. എന്നാല്‍ പ്രധാനമായും രണ്ട് പിഴവുകളാണ് അഫ്ഗാന്‍ കാട്ടിയത്. അതില്‍ ഒന്നാമത്തേത് പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ സാധിക്കാതെ പോയതാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള അഫ്ഗാന്റെ തീരുമാനം മണ്ടത്തരമായി. എക്‌സ്ട്രാ ബൗണ്‍സും നല്ല സ്വിങ്ങും വേഗവും പിച്ചിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല.
എന്നാല്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കാതെ ബൗളിങ് നിരയുടെ കരുത്ത് മാത്രം ചിന്തിച്ച് അഫ്ഗാന്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. പിച്ചിലെ സ്വിങ്ങില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ ആദ്യ ഓവര്‍ മുതല്‍ അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഡ്രസിങ് റൂമിലേക്ക് ഘോഷയാത്ര നടത്തി. അഫ്ഗാന്‍ നിരയില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. അത് 10 റണ്‍സെടുത്ത അസ്മത്തുല്ല ഒമര്‍സായിയാണ്. റഹ്‌മാനുല്ല ഗുര്‍ബാസ് ഡെക്കിന് മടങ്ങിയപ്പോള്‍ ഇബ്രാഹിം സദ്രാന്‍ 2 റണ്‍സുമെടുത്ത് പുറത്തായി.
ഗുല്‍ബാഡിന്‍ നയ്ബ് 9 റണ്‍സാണെടുത്തത്. മുഹമ്മദ് നബി അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ റാഷിദ് ഖാന്‍ നേടിയത് 8 റണ്‍സാണ്. വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെയാണ് 56 റണ്‍സില്‍ അഫ്ഗാന്‍ കൂടാരം കയറിയത്. അഫ്ഗാന്റെ ടി20യിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. കൂടാതെ ടി20 ലോകകപ്പ് സെമിയിലെ ഏറ്റവും ചെറിയ ടീം ടോട്ടലെന്ന നാണക്കേടും അഫ്ഗാന് സ്വന്തം. അഫ്ഗാന് പറ്റിയ പിഴവിനെ നന്നായി മുതലാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി.

ദക്ഷിണാഫ്രിക്കയുടെ പേസര്‍ മാര്‍ക്കോ യാന്‍സനും ഇടം കൈയന്‍ സ്പിന്നര്‍ തബ്രൈസ് ഷംസിയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ കഗിസോ റബാഡയും ആന്‍ റിച്ച് നോക്കിയേയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഫ്ഗാനില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ ബാറ്റിങ് നിരക്ക് സാധിച്ചില്ല. അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന് മറ്റൊരു വലിയ അബദ്ധവും പറ്റി. ബൗളിങ്ങിനിറങ്ങിയ അഫ്ഗാന്‍ അഞ്ച് റണ്‍സെടുത്ത ക്വിന്റന്‍ ഡീകോക്കിനെ തുടക്കത്തിലേ പുറത്താക്കി.
ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള സുവര്‍ണ്ണാവസരം അഫ്ഗാന് ലഭിച്ചിരുന്നു. രണ്ടാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രമിന്റെ ക്യാച്ച് വിക്കറ്റ് കീപ്പര്‍ക്ക് ലഭിച്ചതാണ്. നവീന്‍ ഉല്‍ ഹഖിന്റെ ഓവറിലായിരുന്നു സംഭവം. എന്നാല്‍ നവീനും വിക്കറ്റ് കീപ്പര്‍ റഹ്‌മാനുല്ല ഗുര്‍ബാസും അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് വിളിച്ചില്ല. റിവ്യൂ നല്‍കാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും നായകന്‍ റാഷിദ് ഖാന്‍ ഇതിന് തയ്യാറായില്ല. റാഷിദ് റിവ്യൂവിനോട് വലിയ താല്‍പര്യം കാട്ടാതെ നവീനോട് പന്തെറിയാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ വീഡിയോയില്‍ ഇത് വിക്കറ്റാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ റാഷിദ് ഖാന്റെ പിഴവ് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്തു. ഈ വിക്കറ്റ് കൂടി വീണിരുന്നെങ്കില്‍ സമ്മര്‍ദ്ദം നിലനിര്‍ത്തി ദക്ഷിണാഫ്രിക്കയെ അല്‍പ്പം വിറപ്പിക്കാനെങ്കിലും അഫ്ഗാന് സാധിക്കുമായിരുന്നു. എന്നാല്‍ റാഷിദിന്റെ പിഴവ് അഫ്ഗാനെ ചെറുത്ത് നില്‍ക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള നാണംകെട്ട തോല്‍വിയിലേക്ക് നയിച്ചു. റീസ ഹെന്‍ഡ്രിക്‌സും (29) എയ്ഡന്‍ മാര്‍ക്രമും (23) ചേര്‍ന്ന് അനായാസം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു.