ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടിരിക്കുകയാണ്. ആവേശ ഫൈനലില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റിന് 169 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനമാണ് ഫൈനലില്‍ ഗംഭീര ജയവും കപ്പും ഇന്ത്യക്ക് സമ്മാനിച്ചിരിക്കുന്നത്.
ഇന്ത്യന്‍ താരങ്ങളില്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ കൈയടി നേടിയത് ഹാര്‍ദിക് പാണ്ഡ്യയാണ്. അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് ത്രില്ലിങ് ജയം നേടിക്കൊടുത്തത് ഹാര്‍ദിക് പാണ്ഡ്യയാണ്. ഡേവിഡ് മില്ലറെ പുറത്താക്കി ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ ഹാര്‍ദിക്കിന് സാധിച്ചു. ഫൈനലില്‍ ഹെന്റിച്ച് ക്ലാസന്റെ നിര്‍ണ്ണായക വിക്കറ്റും നേടിയെടുക്കാന്‍ ഹാര്‍ദിക്കിനായി. അവസാന ഓവര്‍ എറിഞ്ഞ് ഹാര്‍ദിക് ഇന്ത്യയുടെ രക്ഷകനായി മാറുമ്പോള്‍ അദ്ദേഹത്തിനത് വിരോധികളോടുള്ള മധുര പ്രതികാരമാണ്.
സമീപകാലത്തായി വലിയ തിരിച്ചടികള്‍ നേരിട്ടിട്ടും തളരാതെ മുന്നോട്ട് പോയാണ് ഹാര്‍ദിക് ഇപ്പോള്‍ ഇന്ത്യയുടെ ഹീറോയായിരിക്കുന്നത്. അവസാന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് എത്തിയത് ഹാര്‍ദിക്കിന്റെ കരിയര്‍ മാറ്റിമറിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിക്കുകയും റണ്ണറപ്പുകളാക്കുകയും ചെയ്ത ഹാര്‍ദിക്കിന് ഈ മികവ് മുംബൈക്കൊപ്പം ആവര്‍ത്തിക്കാനായില്ല. ഇതോടെ ഹാര്‍ദിക് പാണ്ഡ്യ ആരാധകരുടെ ശത്രുവായി.
രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാണ് ഹാര്‍ദിക് നായകസ്ഥാനത്തേക്കെത്തിയത്. ഇതോടെ ആരാധകരെല്ലാം ഹാര്‍ദിക്കിനെതിരേ തിരിഞ്ഞു. നേരത്തെ തന്നെ അഹങ്കാരിയെന്ന് മുദ്ര ചാര്‍ത്തപ്പെട്ട താരമാണ് ഹാര്‍ദിക് പാണ്ഡ്യ. അതോടൊപ്പം രോഹിത്തിനെ തഴഞ്ഞ് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ ഹാര്‍ദിക്കിനെതിരേ വലിയ ആരാധക പ്രതിഷേധമുണ്ടായി. രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തു.

ഇരുവരും പരസ്പരം പകപോക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ടി20 ലോകകപ്പിലേക്കെത്തിയപ്പോള്‍ ഹാര്‍ദിക്, രോഹിത് ബന്ധം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക പോലും ഉണ്ടായിരുന്നു. എന്നാല്‍ നിര്‍ണ്ണായക പ്രകടനത്തോടെ ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറാന്‍ ഹാര്‍ദിക്കിനായി. ടി20 ലോകകപ്പിന് തൊട്ട് മുമ്പാണ് ഹാര്‍ദിക്കിന്റെ കുടുംബ ബന്ധത്തിന് വിള്ളലേറ്റതായുള്ള റിപ്പോര്‍ട്ടുകളെത്തിയത്. ഭാര്യ നഡാഷ സ്റ്റാന്‍കോവിച്ചുമായി ഹാര്‍ദിക് വേര്‍പിരിഞ്ഞുവെന്നതായിരുന്നു റിപ്പോര്‍ട്ട്.
ഈ സമ്മര്‍ദ്ദങ്ങള്‍ക്കെല്ലാം ഇടയിലാണ് ഹാര്‍ദിക് ലോകകപ്പ് കളിച്ചത്. നിര്‍ണ്ണായക ഫൈനലിന്റെ നിര്‍ണ്ണായകമായ അവസാന ഓവര്‍ രോഹിത് ഹാര്‍ദിക് പാണ്ഡ്യക്ക് നല്‍കിയപ്പോള്‍ ആശങ്കകളേറെയായിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ത്തന്നെ ഡേവിഡ് മില്ലറെ പുറത്താക്കി മത്സരം ഇന്ത്യക്ക് അനുകൂലമാക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചു. പിന്നീടുള്ള അഞ്ച് പന്തുകള്‍ക്കപ്പുറം ഇന്ത്യയെ വിശ്വകിരീടത്തിലേക്കെത്താനും ഹാര്‍ദിക് പാണ്ഡ്യക്കായി.
കണ്ണീരണിഞ്ഞ ഹാര്‍ദിക്കിനെ രോഹിത് ശര്‍മ ആശ്ലേഷിക്കുമ്പോള്‍ നിരവധി അഭ്യൂഹങ്ങള്‍ക്കുകൂടിയാണ് വിരാമമായിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ അഹങ്കാരിയെന്ന് വിളിക്കുന്നവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇപ്പോള്‍ അദ്ദേഹത്തിന് സാധിക്കുന്നു. എല്ലാ ടീമുകളും ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ് ഹാര്‍ദിക് പാണ്ഡ്യയെന്ന് പറയാം. വിമര്‍ശനങ്ങള്‍ക്ക് പ്രകടനം കൊണ്ട് മറുപടി പറയാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നു.
ഇനി ഹാര്‍ദിക്കിന്റെ കാലമാണ് വരാനിരിക്കുന്നത്. രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ഇന്ത്യയുടെ അടുത്ത ടി20 നായകന്‍ എന്ന ബഹുമതി ഹാര്‍ദിക്കിനാണ്. അടുത്ത ലോകകപ്പിലേക്കായി ഇന്ത്യന്‍ ടീമിനെ വളര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്തം ഹാര്‍ദിക്കിനാണ്.
ഏകദിനവും രോഹിത് മതിയാക്കുമ്പോള്‍ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ തന്നെ എത്തും. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ഹാര്‍ദിക്കിന്റെ കാലമാണെന്ന് പറയാം.ക്യാപ്റ്റനായി ലോകകപ്പ് നേടാന്‍ ഹാര്‍ദിക്കിനാവുമോയെന്ന് കണ്ടറിയാം.