ന്യൂയോര്‍ക്ക്: ഹാട്രിക്ക് വിജയവുമായി ടീം ഇന്ത്യ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലേക്കു മുന്നേറിയിരിക്കുകയാണ്. ഗ്രൂപ്പ് എയിലെ മൂന്നംറൗണ്ട് പോരാട്ടത്തില്‍ അമേരിക്കയെ ഏഴു വിക്കറ്റിനു തകര്‍ത്തതോടെയാണ് രോഹിത് ശര്‍മയും സംഘവും അടുത്ത റൗണ്ടില്‍ സ്ഥാനമുറപ്പിച്ചത്. ഇന്ത്യയുടെ വിജയം കാരണം രക്ഷപ്പെട്ടിരിക്കുന്നത് ചിരവൈരികളായ പാകിസ്താനാണ്. സൂപ്പര്‍ എട്ടില്‍ കടക്കാനുള്ള അവരുടെ സാധ്യതകള്‍ ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. പാകിസ്താന്‍ സൂപ്പര്‍ എട്ടിലെത്തിയാല്‍ സെമി ഫൈനലിലോ, ഫൈനലിലോ ഇന്ത്യ- പാക് പോര് വീണ്ടും സംഭവിച്ചേക്കുമെന്നതാണ് ആവേശകരമായ കാര്യം.
10 ബോളുകള്‍ ബാക്കിനില്‍ക്കെയാണ് അമേരിക്കയെ ഇന്ത്യ തീര്‍ത്തത്. ഇതു നെറ്റ് റണ്‍റേറ്റിലും വലിയ ഇംപാക്ടുണ്ടാക്കിയിരിക്കുകയാണ്. ഈ മല്‍സരത്തിനു മുമ്പ് നെറ്റ് റണ്‍റേറ്റില്‍ അമേരിക്കയ്ക്കു പിറകിലായിരുന്നു പാക് പട. എന്നാല്‍ ഇന്ത്യന്‍ വിജയത്തിനു ശേഷം അവര്‍ നെറ്റ് റണ്‍റേറ്റില്‍ അമേരിക്കയെ മറികടന്നിരിക്കുകയാണ്. +0.127 ആണ് അമേരിക്കയുടെ നെറ്റ് റണ്‍റേറ്റെങ്കില്‍ പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് +0.191 ആണ്. ഇതു തീര്‍ച്ചയായും ബാബര്‍ ആസമിനെയും ടീമിനെയും സന്തോഷിപ്പിക്കുന്നുണ്ട്.

കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച് ആറു പോയിന്റുമായി ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നുകഴിഞ്ഞു. ഗ്രൂപ്പ് എയില്‍ നിന്നും ഇനി സൂപ്പര്‍ എട്ടിലെത്തുന്ന രണ്ടാമത്തെ ടീം ആരാണെന്നു മാത്രമാണ് അറിയേണ്ടത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റുമായി അമേരിക്കയാണ് രണ്ടാംസ്ഥാനത്ത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ടു തോല്‍വികളുമടക്കം രണ്ടു പോയിന്റോടെ പാകിസ്താന്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. രണ്ടു പോയിന്റ് തന്നെയുള്ള കാനഡയാണ് നാലാമത്.
പാകിസ്താന്റെ അതേ പോയിന്റാണുള്ളതെങ്കിലും നെറ്റ് റണ്‍റേറ്റില്‍ കാനഡ (-0.493) ഏറെ പിന്നിലാണ്. കളിച്ച രണ്ടു മല്‍സരും തോറ്റ അയര്‍ലാന്‍ഡാണ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത്. ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ എട്ടിനായുള്ള പോരാട്ടം ഇപ്പോള്‍ അമേരിക്കയും പാകിസ്താനും തമ്മില്‍ മാത്രമായിരിക്കുകയാണ്. ഇന്ത്യയുടെ സഹായം കൂടി ലഭിച്ചതോടെ പാകിസ്താന്‍ ഡ്രൈവിങ് സീറ്റിലാവുകയും ചെയ്തു. ഇനി അവര്‍ക്കു കണക്കുകള്‍ വളരെ സിംപിളാണ്. അവസാന മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെതിരേ വിജയമാണ് പാകിസ്താന് ആവശ്യം.
അതോടൊപ്പം മറ്റൊരൂ കളിയില്‍ അയര്‍ലാന്‍ഡിനോടു അമേരിക്ക പരാജയപ്പെടുകയും വേണം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കു പിന്നാലെ പാകിസ്താനും സൂപ്പര്‍ എട്ടിലേക്കു മുന്നേറും. പക്ഷെ മഴ വില്ലനായി മാറുകയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും. അമേരിക്കയും അയര്‍ലാന്‍ തമ്മിലുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടാല്‍ അമേരിക്കയ്ക്കു അഞ്ചു പോയിന്റാവും. അങ്ങനെ സംഭവിച്ചാല്‍ ഐറിഷ് ടീമിനെതിരേ ജയിച്ചാലും പാകിസ്താന്‍ (4 പോയിന്റ്) സൂപ്പര്‍ എട്ടിലെത്തില്ല.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഏറ്റവും പിറകിലാണെങ്കിലും അയര്‍ലാന്‍ഡിന്റെ സൂപ്പര്‍ എട്ട് സാധ്യത പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നതാണ് മറ്റൊരു എടുത്തുപറയേണ്ട മറ്റൊരു കാര്യം. അമേരിക്ക, പാകിസ്താന്‍ എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ വലിയൊരു മാര്‍ജിനില്‍ വിജയിക്കാനായാല്‍ ഐറിഷ് ടീമിനും സൂപ്പര്‍ 8 സാധ്യതയുണ്ട്.
അങ്ങനെ സംഭവിച്ചാല്‍ അമേരിക്കയ്ക്കും അയര്‍ലാന്‍ഡിനും നാലു പോയിന്റ് വീതമാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരെ നിശ്ചയിക്കുക. നിലവില്‍ ഐറിഷ് ടീമിന്റെ നെറ്റ് റണ്‍റേറ്റ് -1.712 മാത്രമണ്. ഇതു പോസിറ്റീവിലേക്കു എത്തിച്ച് അമേരിക്കയ്ക്കു മുകളില്‍ കയറണമെങ്കില്‍ വലിയ മാര്‍ജിനില്‍ അയര്‍ലാന്‍ഡിനു ശേഷിച്ച മല്‍സരങ്ങളില്‍ ജയിക്കേണ്ടതുണ്ട്.