ലോക ക്രിക്കറ്റില്‍ ചുരുങ്ങിയ കാലം കൊണ്ട് അത്ഭുതമായി മാറിയ ടീമാണ് അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശ്, സിംബാബ്‌വെ, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നിവര്‍ക്കെല്ലാം മുകളിലേക്ക് അതിവേഗത്തില്‍ വളരാന്‍ അഫ്ഗാന്‍ ടീമിനായി. കുഞ്ഞന്മാരെന്ന വിശേഷണത്തില്‍ നിന്ന് ക്രിക്കറ്റിലെ കറുത്ത കുതിരകളാവാന്‍ അഫ്ഗാന്‍ ടീമിന് സാധിച്ചു. ഇപ്പോഴിതാ ടി20 ലോകകപ്പ് സെമിയിലേക്ക് അഫ്്ഗാന്‍ എത്തിയിരിക്കുകയാണ്. ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് എല്ലാവരേയും ഞെട്ടിക്കാന്‍ അഫ്ഗാനായി.
ചുരുങ്ങിയ കാലംകൊണ്ട് നിരവധി പ്രതിഭകളെ സൃഷ്ടിക്കാന്‍ അഫ്ഗാന്‍ ടീമിനായി. അഫ്ഗാന്റെ ടീമിന്റെ വളര്‍ച്ചക്ക് പിന്നില്‍ പലരുടേയും പേര് ഉയര്‍ന്ന് കേള്‍ക്കാം. എന്നാല്‍ ന്യൂസീലന്‍ഡിനേയും ഓസ്‌ട്രേലിയയേയുമടക്കം തോല്‍പ്പിക്കുന്ന തരത്തിലേക്ക് വളരാന്‍ അഫ്ഗാന് സാധിച്ചതിന് പിന്നില്‍ ചില ഇന്ത്യക്കാരുടെ മികവ് കൂടിയുണ്ട്. അഫ്ഗാന്റെ വളര്‍ച്ചയില്‍ കരുത്തായ ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ബിസിസി ഐയോടാണ് അഫ്ഗാന്‍ ക്രിക്കറ്റ് കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്. 2015ല്‍ അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ട് ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്‌പോര്‍ട്‌സ് കോംബ്ലക്‌സായിരുന്നു. 2017ല്‍ അയര്‍ലന്‍ഡിനെതിരേ പരമ്പര കളിച്ചതും പിന്നീട് ബംഗ്ലാദേശ് പരമ്പര കളിച്ചതുമെല്ലാം ഇന്ത്യയില്‍ ഹോം ഗ്രൗണ്ടാക്കിയാണ്. ഇന്ത്യയില്‍ അഫ്ഗാന് താല്‍ക്കാലികമായി ഹോം ഗ്രൗണ്ട് അനുവദിച്ച്‌കൊടുക്കാന്‍ ബിസിസി ഐ മനസുകാട്ടി.
അന്ന് ബിസിസി ഐ കാട്ടിയ സഹായമാണ് ടീമെന്ന നിലയില്‍ വളരാന്‍ അഫ്ഗാന്റെ ഊര്‍ജ്ജം നല്‍കിയതെന്ന് പറയാം. ഇവിടെ നിന്ന് ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കി അഫ്ഗാന്‍ കത്തിക്കയറുകയായിരുന്നു. ഇന്ത്യ ഹോം ഗ്രൗണ്ട് നല്‍കിയതുകൂടാതെ ഇന്ത്യക്കാരായ ചില താരങ്ങള്‍ അഫ്ഗാന്റെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങളുടെ അനുഭവസമ്പത്തില്‍ നിന്ന് പാഠം പഠിച്ച് വളരാന്‍ അഫ്ഗാനിസ്ഥാനായി.

ലാല്‍ചന്ദ് രജ്പുത്, മനോജ് പ്രഭാകര്‍, അജയ് ജഡേജ എന്നിവരെല്ലാം അഫ്ഗാന്റെ വളര്‍ച്ചയില്‍ ചവിട്ട് പടി ആയവരാണ്. അവസാന ഏകദിന ലോകകപ്പില്‍ അഫ്ഗാന്റെ ടീമിന്റെ ഉപദേഷ്ടാവായിരുന്നു അജയ് ജഡേജ. അജയ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പിന്തുണയും ഉപദേശങ്ങളും ടീമെന്ന നിലയില്‍ വളരാന്‍ അഫ്ഗാന് കരുത്ത് പകര്‍ന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചയെ പിന്തുണക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമാണ്.
അഫ്ഗാന്റെ ജയത്തിന്റെ സന്തോഷത്തില്‍ ഇര്‍ഫാന്‍ പഠാന്‍ റാഷിദ് ഖാനൊപ്പം നൃത്തം ചെയ്തതെല്ലാം ഇന്ത്യന്‍ താരങ്ങള്‍ അഫ്ഗാന്‍ ടീമിന് നല്‍കുന്ന പിന്തുണ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ പരമ്പര കളിക്കാനുള്ള അവസരവും ബിസിസിഐ അഫ്ഗാനിസ്ഥാന് നല്‍കിയിരുന്നു. ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ അഫ്ഗാനുമായി ടി20 പരമ്പര കളിച്ചിരുന്നു. മറ്റൊരു കാര്യം അഫ്ഗാന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ നല്‍കുന്ന പിന്തുണയാണ്.
രാഷ്ട്രീയ കാരണങ്ങളാല്‍ പാകിസ്താന്‍ ടീമിനെ ഇന്ത്യ മാറ്റിനിര്‍ത്തുന്നു. എന്നാല്‍ അഫ്ഗാന്‍ ടീമിലെ മിക്ക പ്രമുഖ താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നവരാണ്. ഇത് ലോക ക്രിക്കറ്റിലെ പ്രമുഖ താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം അഫ്ഗാന്‍ താരങ്ങള്‍ക്ക് നല്‍കുന്നു. ഇത് താരങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. റാഷിദ് ഖാന്‍, മുഹമ്മദ് നബി, ഗുല്‍ബാഡിന്‍ നയ്ബ്, മുജീബുര്‍ റഹ്‌മാന്‍, റഹ്‌മാനുല്ല ഗുര്‍ബാസ് തുടങ്ങി പേരെടുത്ത പല താരങ്ങളേയും വളര്‍ത്താന്‍ അഫ്ഗാന്‍ ടീമിന് സാധിച്ചിട്ടുണ്ട്.
ഇവരെല്ലാം ലോക ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് കൈയടി നേടുന്നവരാണ്. എന്തായാലും ഇപ്പോള്‍ ഏത് വമ്പന്മാരേയും അട്ടിമറിക്കാന്‍ കഴിവുള്ള നിരയായി അഫ്ഗാന്‍ ടീം മാറിയിട്ടുണ്ട്. സെമിയില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറാന്‍ അഫ്ഗാന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.