Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ് ഇന്ത്യ നേടി, പയറ്റിയ തന്ത്രം എന്തായിരുന്നു? വിജയ രഹസ്യം വെളിപ്പെടുത്തി ദ്രാവിഡ്

മുംബൈ: ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടിരിക്കുകയാണ്. ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. ഇന്ത്യ ലോകകപ്പ് നേടിയതിന് പിന്നാലെ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. രാഹുല്‍ ദ്രാവിഡിന്റെ ഇന്ത്യന്‍ പരിശീലകനെന്ന നിലയിലെ അവസാന മത്സരമായിരുന്നു ഇത്. കരിയറില്‍ കിരീടം നേടാന്‍ സാധിക്കാതെ പോയ ദ്രാവിഡിന് പരിശീലകനെന്ന നിലയില്‍ കിരീടത്തോടെ പടിയിറങ്ങാനായി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി, സ്വന്തം തട്ടകത്തില്‍ ലോകകപ്പ് ഫൈനലിലെ തോല്‍വി എന്നിവയെല്ലാം ദ്രാവിഡിനെതിരേ വിമര്‍ശനത്തിന് കാരണമായിരുന്നെങ്കിലും ഇപ്പോള്‍ ടി20 ലോകകപ്പില്‍ ഇന്ത്യയെ കപ്പിലേക്കെത്തിച്ച് എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാന്‍ ദ്രാവിഡിന് സാധിച്ചിരിക്കുകയാണ്. അവസാന ഏകദിന ലോകകപ്പില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ ഇന്ത്യ തിരിച്ചുപിടിച്ചത് എങ്ങനെയാണ്?.

ഇത്തവണത്തെ വിജയ രഹസ്യം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. അനാവശ്യ പരീക്ഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും ശ്രമിക്കാതെ ഒരു പ്ലേയിങ് 11 വിശ്വസിച്ച് മുന്നോട്ട് പോയതാണ് വിജയത്തിന് കാരണമെന്നാണ് ദ്രാവിഡ് പറയുന്നത്. 'തുടര്‍ച്ച ഇഷ്ടപ്പെടുന്ന ആളുകളിലൊരാളാണ് ഞാന്‍. അധികം പരീക്ഷണങ്ങളോടും മാറ്റങ്ങളോടും എനിക്ക് താല്‍പര്യമില്ല. കാരണം അങ്ങനെ ചെയ്താല്‍ ടീമിനുള്ളിലെ സ്ഥിരത നഷ്ടമാവും.

മികച്ച അന്തരീക്ഷം ടീമിനുള്ളില്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ വരും. കൃത്യമായ പ്രൊഫഷനല്‍ രീതിയിലേക്ക് ടീമിനെ കൊണ്ടുവന്നതില്‍ ഞാനും ഭാഗമാണെന്നാണ് കരുതുന്നത്. മികച്ച ടീം അന്തരീക്ഷമുണ്ടെങ്കില്‍ തോല്‍വി ഭയം ബാധിക്കില്ല. എന്നാല്‍ വെല്ലുവിളിയെന്നത് താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി പ്രചോദിപ്പിക്കുകയെന്നതാണ്. ഇന്ത്യയുടെ പരിശീലകനായി ഒരു കാര്യമാണ് വളരെ പ്രയാസപ്പെടുത്തിയത്. പ്രത്യേകിച്ച് കരിയറിന്റെ തുടക്ക സമയത്ത്.

india cricket

കോവിഡിന്റെ നിയന്ത്രണമുള്ള സമയമായിരുന്നു അത്. അന്ന് താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കുകയെന്നത് പ്രയാസമുള്ള കാര്യമായിരുന്നു. എന്നാല്‍ പിന്നീടത് സ്വാഭാവികമായി സംഭവിച്ചു പോയി' ദ്രാവിഡ് പറഞ്ഞു. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച ദ്രാവിഡ് ഏറെ നാളുകള്‍ ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ദ്രാവിഡ് വളര്‍ന്നുവന്നത്. ദ്രാവിഡിന് മികച്ച താരനിരയെ ഇന്ത്യന്‍ ടീമിനൊപ്പം ലഭിച്ചു.

വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ശക്തമായ നിര ഇന്ത്യക്കുണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ആവശ്യ ഘട്ടങ്ങളില്‍ നല്‍കുകയെന്നത് മാത്രമായിരുന്നു ദ്രാവിഡിന്റെ ഉത്തരവാദിത്തം. കാരണം അനുഭവസമ്പത്തുള്ള താരനിര ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. ടി20 ലോകകപ്പില്‍ ദ്രാവിഡ് ചില നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുകയും ഫൈനല്‍ വരെ ഈ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു.

വിരാട് കോലിയെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്ന് ഫോമിലുള്ള യശ്വസി ജയ്‌സ്വാളിനെ പുറത്തിരുത്തുകയെന്നത് എളുപ്പമുള്ള തീരുമാനമല്ല. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനവും ദ്രാവിഡ് നേരിട്ടു. മധ്യനിരയില്‍ ശിവം ദുബെയെ കളിപ്പിച്ചതാണ് മറ്റൊരു കാര്യം. മോശം ഫോമിലായപ്പോഴും ദുബെയെ മാറ്റാന്‍ തയ്യാറായില്ല. സഞ്ജു സാംസണിനായി ആരാധകര്‍ മുറവിളി കൂട്ടുമ്പോഴും ദുബെയില്‍ ദ്രാവിഡ് ഉറച്ചുനിന്നു. രവീന്ദ്ര ജഡേജ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോഴും അദ്ദേഹത്തേയും പിന്തുണച്ചു.

താരങ്ങളുടെ കരുത്ത് മനസിലാക്കി പിന്തുണ കൊടുക്കാന്‍ ദ്രാവിഡിന് സാധിച്ചു. വിരാട് കോലി ആത്മവിശ്വാസം നഷ്ടപ്പെട്ട് നിരാശപ്പെട്ടപ്പോള്‍ ദ്രാവിഡ് നല്‍കിയ പ്രചോദനമാണ് കരുത്തായത്. ഇന്ത്യയ്‌ക്കൊപ്പം ലോകകപ്പ് കിരീടം ദ്രാവിഡ് നേടിയത് കാലത്തിന്റെ കാവ്യനീതിയാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് പടിയിറങ്ങിയെങ്കിലും ദ്രാവിഡ് ഐപിഎല്ലില്‍ പരിശീലകന്റെ റോളിലുണ്ടാവുമെന്നാണ് പുറത്തുവരുന്ന വിവരം.

Story first published: Saturday, July 6, 2024, 18:08 [IST]
Other articles published on Jul 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+