ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയില്‍ വിജയക്കുതിപ്പ് തുടരുകയാണ് ഇന്ത്യ. അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ പാകിസ്താനെ 6 റണ്‍സിനും തകര്‍ത്തിരിക്കുകയാണ്. ഇതോടെ സൂപ്പര്‍ 8 സാധ്യതയും ഇന്ത്യ സജീവമാക്കി. എന്നാല്‍ ഇന്ത്യ സൂപ്പര്‍ 8ല്‍ സീറ്റുറപ്പിച്ചോ?. അഹങ്കരിക്കാന്‍ വരട്ടെ, ഇന്ത്യ പുറത്താകാന്‍ ഇനിയും സാധ്യതയുണ്ട്. അത് എങ്ങനെയാണെന്ന് പരിശോധിക്കാം. നിലവില്‍ രണ്ട് മത്സരം ജയിച്ച ഇന്ത്യക്ക് 4 പോയിന്റാണുള്ളത്.
രണ്ട് മത്സരം ജയിച്ച അമേരിക്കയ്ക്കും നാല് പോയിന്റാണുള്ളത്. ഇന്ത്യക്ക് രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. കാനഡയും അമേരിക്കയുമാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതില്‍ ഏതെങ്കിലും ഒരു മത്സരം ജയിച്ചാല്‍ പോലും ഇന്ത്യക്ക് സൂപ്പര്‍ 8ലേക്കെത്താന്‍ സാധിക്കും. എന്നാല്‍ ഇന്ത്യ അമേരിക്കയോടും കാനഡയോടും തോറ്റാല്‍ ടീം പ്ലേ ഓഫ് കാണാതെ പുറത്താകാനും സാധ്യതയുണ്ട്. ഇന്ത്യയെയും പാകിസ്താനെയും തോല്‍പ്പിക്കാനായാല്‍ കാനഡ സൂപ്പര്‍ 8ലേക്കെത്തും.

ഇതോടെ അമേരിക്കയ്‌ക്കെതിരായ മത്സരത്തിലെ ഫലം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. പാകിസ്താനെ അട്ടിമറിച്ച അമേരിക്ക മികച്ച പോരാട്ടവീര്യമുള്ള താരങ്ങളാണ്. മുന്‍ ഇന്ത്യന്‍ താരങ്ങളാണ് അമേരിക്കന്‍ ടീമില്‍ കൂടുതല്‍. ഇവര്‍ക്ക് ഇന്ത്യയുടെ അതേ പോരാട്ടവീര്യം ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. ഇന്ത്യയെ അമേരിക്ക തോല്‍പ്പിച്ചാല്‍ 6 പോയിന്റോടെ അമേരിക്ക സൂപ്പര്‍ 8ലേക്കെത്തും. ഇന്ത്യ ശേഷിക്കുന്ന 2 മത്സരം തോല്‍ക്കുകയും കാനഡ ജയിക്കുകയും ചെയ്താല്‍ ഇന്ത്യ സൂപ്പര്‍ 8 കാണാതെ പുറത്താകാനുള്ള സാധ്യതയുണ്ട്.
എന്നാല്‍ ഇത്തരത്തിലൊരു തിരിച്ചടി ഇന്ത്യ നേരിടാന്‍ സാധ്യത കുറവാണെന്ന് പറയാം. അമേരിക്ക പാകിസ്താനെ ഞെട്ടിച്ചെങ്കിലും ഇന്ത്യയെ വീഴ്ത്തുക കടുപ്പമാവും. തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. ഈ സാഹചര്യത്തില്‍ അമേരിക്കയേയും ഇന്ത്യ തകര്‍ക്കാനാണ് സാധ്യത കൂടുതല്‍. കാനഡ ഇന്ത്യക്ക് യാതൊരു വെല്ലുവിളിയും ഉയര്‍ത്താന്‍ സാധ്യതയില്ല. ഇന്ത്യ കാനഡക്കെതിരേ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കാനും സാധ്യതയുണ്ട്.
ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് പ്രകടനം മെച്ചപ്പെടാനുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായിട്ടില്ല. രണ്ട് മത്സരത്തിലും ഇവര്‍ ഫ്‌ളോപ്പായി. സൂപ്പര്‍ 8 ഉും കടന്ന് ഇന്ത്യ മുന്നോട്ട് പോയാല്‍ ഈ ബാറ്റിങ് നിര വലിയ തലവേദനയാകുമെന്നുറപ്പാണ്. രോഹിത് ശര്‍മക്ക് വലിയ സ്‌കോര്‍ നേടാന്‍ സാധിക്കേണ്ടതായുണ്ട്. പവര്‍പ്ലേ മുതലാക്കാന്‍ യശ്വസി ജയ്‌സ്വാള്‍ തിരിച്ചുവരണം. ഓപ്പണിങ്ങില്‍ വെടിക്കെട്ട് നടത്താന്‍ സാധിക്കേണ്ടത് വളരെ നിര്‍ണ്ണായകമാണ്.
മധ്യനിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നു. സൂര്യകുമാര്‍ യാദവിന് മികവിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. രണ്ട് കളിയിലും അദ്ദേഹം ഫ്‌ളോപ്പായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും ബാറ്റിങ്ങില്‍ മെച്ചപ്പെടേണ്ടതായുണ്ട്. നിലവിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം ശരാശരി മാത്രമാണെന്നതാണ് വസ്തുത. ദുബെക്ക് പകരം ഇന്ത്യ സഞ്ജു സാംസണെ പ്ലേയിങ് 11ലേക്ക് കൊണ്ടുവരേണ്ടതായുണ്ട്. അതേ സമയം ബൗളിങ് നിര ഫോമിലാണ്. ജസ്പ്രീത് ബുംറ ഉത്തരവാദിത്തമേറ്റെടുത്ത് പന്തെറിയുന്നു.
അര്‍ഷ്ദീപ് സിങ് ന്യൂബോളില്‍ ഭേദപ്പെട്ട് പന്തെറിയുമ്പോള്‍ മുഹമ്മദ് സിറാജ് ഇക്കോണമി കാത്ത് പന്തെറിയുന്നു. എന്നാല്‍ രവീന്ദ്ര ജഡേജയില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായിട്ടില്ല. ജഡേജ ഓള്‍റൗണ്ടറെന്ന നിലയില്‍ മികവ് കാട്ടേണ്ടതായുണ്ട്. സ്പിന്‍ നിരയില്‍ ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിക്കുന്നില്ല.
കൈക്കുഴ സ്പിന്നര്‍മാര്‍ക്ക് അമേരിക്കയിലെ പിച്ചില്‍ കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ഇതാണ് ഇന്ത്യ കുല്‍ദീപിനെ മാറ്റിനിര്‍ത്താന്‍ കാരണം. എന്തായാലും ഇന്ത്യ സൂപ്പര്‍ 8ലെത്താന്‍ സാധ്യത വളരെ കൂടുതലാണെന്ന് നിസംശയം പറയാം.