Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സൂപ്പര്‍ 8 കടക്കാം, ആ മല്‍സരം പേടിക്കണം! ഇന്ത്യയുടെ സെമി എതിരാളിയാര്?

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിനെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശാണ് ഏറ്റവും അവസാനമായി സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുന്നത്. ഇതോടെ സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ മല്‍സരങ്ങളെക്കുറിച്ചും വ്യക്തത കൈവന്നിട്ടുണ്ട്. മുന്‍ ചാംപ്യന്‍മാരായ ഓസ്ട്രലിയ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് വണ്ണിലാണ് ഇന്ത്യ പോരിനിറങ്ങുക.

ഗ്രൂപ്പ് രണ്ടില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, രണ്ടു തവണ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, കരുത്തരായ സൗത്താഫ്രിക്ക, ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ അമേരിക്ക എന്നിവരാണുള്ളത്. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.

INDIA

സെമിയില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യക്കു എത്ര മല്‍സരങ്ങളില്‍ ജയിക്കണം? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം. സൂപ്പര്‍ എട്ടിലെ 1, 2 ഗ്രൂപ്പുകളെ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും സിംപിളായ ഗ്രൂപ്പാണ് ഇന്ത്യക്കു ലഭിച്ചത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പലപ്പോഴും കരയിപ്പിച്ചിട്ടുള്ള ഓസീസിനെ മാത്രം പേടിച്ചാല്‍ മതിയാവും. അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരില്‍ നിന്നും ഇന്ത്യക്കു വലിയ വെല്ലുവിളിയുണ്ടാവാന്‍ സാധ്യതയില്ല.

സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം 20ന് അഫ്ഗാനുമായിട്ടാണ്. 22നു ബംഗ്ലാദേശുമായി പോരടിക്കുന്ന ഇന്ത്യ 24ന് അവസാന അങ്കത്തില്‍ ഓസ്‌ട്രേലിയയുമായും പോരടിക്കും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ കുറഞ്ഞത് രണ്ടു മല്‍സരമെങ്കിലും ഇന്ത്യക്കു ജയിച്ചേ തീരൂ. ഓസീസിനെ മറികടക്കുക ടീമിനു കടുപ്പമായിരിക്കും.

അതുകൊണ്ടു തന്നെ ഇന്ത്യ ലക്ഷ്യമിടുന്നത് അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരെയായിരിക്കും. ഇവര്‍ക്കെതിരേ എന്തു വില കൊടുത്തും ജയിച്ചേ തീരൂ. ഏതെങ്കിലുമൊന്നില്‍ തോറ്റാല്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ പിഴയ്ക്കും. അങ്ങനെ വന്നാല്‍ ഓസീസിനെ തോല്‍പ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി തീരും. ഗ്രൂപ്പുഘട്ടത്തിലെ പ്രകടനവും ഓസീസിന്റെ ഇപ്പോഴത്തെ ഫോമും പരിഗണിക്കുമ്പോള്‍ ഇന്ത്യക്കു അത് അസാധ്യം തന്നെയായിരിക്കും.

മാത്രമല്ല മറ്റൊരു കാര്യം കൂടി ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ അവസാന മല്‍സരത്തിനു മഴ ഭീഷണിയുണ്ട് എന്ന കാര്യമാണിത്. അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവയിലൊരു ടീമിനോടു തോല്‍ക്കുകയും ഓസീസുമായുള്ള മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്താല്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യക്കു നാട്ടിലേക്കു മടങ്ങേണ്ടതായി വരും. അത്തരമൊരു ദുരന്തം രോഹിത് ശര്‍മയും സംഘവും തീര്‍ച്ചയായും ആഗ്രഹിക്കില്ല.

ROHIT- DRAVID

അതുകൊണ്ടു തന്നെ അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരെ എങ്ങനെ പരാജയപ്പടുത്താമെന്നതാണ് ഇന്ത്യ ആദ്യം പ്ലാന്‍ ചെയ്യേണ്ടത്. ഇവ രണ്ടും മികച്ച മാര്‍ജിനില്‍ ജയിക്കുകയും ഓസ്‌ട്രേലിയയുമായുള്ള മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്താല്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായി ഇന്ത്യക്കു സെമി ഫൈനലില്‍ കടക്കാം.

ടൂര്‍ണമെന്റിലെ ടോപ് സീഡുകളായി ഇന്ത്യയെ നേരത്തേ തന്നെ ഐസിസി തിരഞ്ഞെടുത്തിരുന്നു. അതുകൊണ്ടു തന്നെ സെമിയില്‍ കടക്കുകയാണെങ്കില്‍ 27ന് ഗയാനയില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലിലാണ് ഇന്ത്യക്കു കളിക്കേണ്ടി വരിക.

സെമിയില്‍ ആരാവും ഇന്ത്യയുടെ എതിരാളികളായി വരികയെന്നതാണ് അടുത്ത ചോദ്യം. ഗ്രൂപ്പ് ഒന്നില്‍ തലപ്പത്താണ് ഇന്ത്യ ഫിനിഷ് ചെയ്യുന്നതെങ്കില്‍ ഗ്രൂപ്പ് രണ്ടിലെ റണ്ണറപ്പായിരിക്കും സെമിയിലെ എതിരാളികള്‍. എന്നാല്‍ ഓസ്‌ട്രേലിയക്കു പിന്നില്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനമാണ് ലഭിക്കുന്നതെങ്കില്‍ സെമിയില്‍ ഗ്രൂപ്പ് രണ്ടിലെ ജേതാക്കളുമായി ഇന്ത്യക്കു പോരടിക്കേണ്ടി വരും.

ഗ്രൂപ്പ് രണ്ടില്‍ കാര്യങ്ങള്‍ കടുപ്പമായതിനാല്‍ സെമി ഫൈനലിസ്റ്റുകളെ പ്രവചിക്കുന്നതും എളുപ്പമല്ല. എങ്കിലും ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനവും റെക്കോര്‍ഡുമെല്ലാം വിലയിരുത്തുമ്പോള്‍ ഇംഗ്ലണ്ടും വിന്‍ഡീസമാണ് ഗ്രൂപ്പിലെ ഫേവറിറ്റുകള്‍.

സൗത്താഫ്രിക്ക ഗ്രൂപ്പുഘട്ടത്തില്‍ തോല്‍വിയറിഞ്ഞിട്ടില്ലെങ്കിലും അവരുടെ ബാറ്റിങ് നിരയുടെ പ്രകടനം അത്ര മികവുറ്റതല്ല. ബാറ്റിങില്‍ ശരാശരി പ്രകനമാണ് അവര്‍ കാഴ്ചവച്ചത്. ഗ്രൂപ്പിലെ നാലാമത്തെ ടീമായ അമേരിക്ക അവസാന സ്ഥാനക്കാരാവാനാണ് സാധ്യത. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ട്, വിന്‍ഡീസ് ടീമുകളിലൊന്നായിരിക്കും ഇന്ത്യയുടെ എതിരാളികള്‍.

Story first published: Monday, June 17, 2024, 12:13 [IST]
Other articles published on Jun 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+