ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ കളിക്കുകയെന്ന നേരിയ സാധ്യത ജയത്തോടെ കാത്തുസൂക്ഷിച്ചിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് എയിലെ നിര്‍ണായകമായ മൂന്നാം റൗണ്ട് മല്‍സരത്തില്‍ കാനഡയെ ഏഴു വിക്കറ്റിനു തകര്‍ത്താണ് ബാബര്‍ ആസവും സംഘവും ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ഈ മല്‍സരത്തില്‍ പരാജയപ്പെടുകയോ, മഴ കാരണം കളി ഉപേക്ഷിക്കപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ പാക് ടീമിന്റെ വഴി അടയുമായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ തന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തിയിരിക്കുകയാണ് പാക്പട.

സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റെടുക്കണമെങ്കില്‍ പാകിസ്താന് ഇനി എന്താണ് വേണ്ടതെന്നു നമുക്കു പരിശോധിക്കാം. പ്രധാനമായും മൂന്നു കാര്യങ്ങളാണ് പാക് ടീമിനു അനുകൂലമായി വരേണ്ടത്. ഇന്ത്യ കൂടി കനിഞ്ഞെങ്കില്‍ മാത്രമേ പാകിസ്താന്റെ സൂപ്പര്‍ എട്ട് മോഹം പൂവണിയുകയുള്ളൂ. അതോടൊപ്പം അയര്‍ലാന്‍ഡിന്റെയും സഹായം അവര്‍ക്കു ആവശ്യമാണ്. ഈ രണ്ടു കാര്യങ്ങള്‍ക്കൊപ്പം അവസാന മല്‍സത്തില്‍ പാക് ടീം അയര്‍ലാന്‍ഡിനെ തകര്‍ക്കുകയും വേണം.
കാനഡക്കെതിരേ നേടിയ ജയം ഗ്രൂപ്പ് എയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ പാകിസ്താനെ സഹായിച്ചിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ നേരത്തേ നാലാംസ്ഥാനത്തായിരുന്ന അവര്‍ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ടു തോല്‍വിയമടക്കം രണ്ടു പോയിന്റാണ് പാകിസ്താനുള്ളത്. നേരത്തേ നെഗറ്റീവായിരുന്ന നെറ്റ് റണ്‍റേറ്റ് ഇപ്പോള്‍ +0.191 എത്തിക്കാനും അവര്‍ക്കു കഴിഞ്ഞു.
എങ്കിലും ഇപ്പോഴും ഇന്ത്യയും അമേരിക്കയും തന്നെയാണ് സൂപ്പര്‍ എട്ടിലേക്കു ഡ്രൈവിങ് സീറ്റിലുള്ളത്. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ഇരുടീമുകളും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. ഇന്ത്യയുടെ നെറ്റ്‌റണ്‍റേറ്റ് +1.455ഉം അമേരിക്കയുടേത് +0.626ഉം ആണ്.
പാകിസ്താന്‍ ആദ്യം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അവസാന മല്‍സരത്തില്‍ വലിയൊരു മാര്‍ജിനില്‍ ജയിക്കുകയെന്നതാണ്. അകടകാരികളായ അയര്‍ലാന്‍ഡ് അവരുടെ അടുത്ത എതിരാളികള്‍. മികച്ചൊരു മാര്‍ജിനില്‍ അയര്‍ലാന്‍ഡിനെ തകര്‍ത്തുവിടാനായാല്‍ മാത്രമേ മറ്റു മല്‍സരഫലങ്ങള്‍ പാക് ടീമിനെ സഹായിക്കുകയുള്ളൂ.
അമേരിക്കയുടെ അടുത്ത രണ്ടു മല്‍സരഫലങ്ങളും പാകിസ്താനെ സബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഏതെങ്കിലുമൊന്നില്‍ അവര്‍ ജയിക്കുകയാണെങ്കില്‍ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും. അമേരിക്ക അടുത്ത രണ്ടു കളിയും തോല്‍ക്കുന്നതോടൊപ്പം നെറ്റ് റണ്‍റേറ്റില്‍ അവരെ പിന്തള്ളുകയും ചെയ്താല്‍ മാത്രമേ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി പാക് ടീം സൂപ്പര്‍ എട്ടിലേക്കു മുന്നേറുകയുള്ളൂ.

അമേരിക്കയുടെ ശേഷിച്ച മല്‍സരങ്ങള്‍ ഇന്ത്യ, അയര്‍ലാന്‍ഡ് എന്നിവരുമായിട്ടാണ്. ഇന്ത്യയോടു അമേരിക്ക 10 റണ്‍സിനും അയര്‍ലാന്‍ഡിനോടു അഞ്ചു റണ്‍സിനുമാണ് പരാജയപ്പെടുന്നതെന്നു കരുതുക. അങ്ങനെ സംഭിച്ചാല്‍ അയര്‍ലാന്‍ഡിനെ 40 റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ അമേരിക്കയെ പിന്തള്ളി പാക് ടീമിനു സൂപ്പര്‍ എട്ടില്‍ കളിക്കാം.
അതേസമയം, കാനഡയ്‌ക്കെതിരേ കാര്യമായി വിയര്‍ക്കാതെയാണ് പാകിസ്താന്‍ ജയിച്ചുകയറിയത്. ടോസ് മുതല്‍ കാര്യങ്ങളെല്ലാം പാകിസ്താന് ഈ മല്‍സരത്തില്‍ അനുകൂലമായി വരികയും ചെയ്തു. ടോസിനു ശേഷം പാക് നായകന്‍ ബാബര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണര്‍ ആരോണ്‍ ജോണ്‍സന്‍ (52) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരും ക്രീസില്‍ അധികനേരം നിന്നില്ല. ഏഴു വിക്കറ്റിനു 106 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. മറുപടിയില്‍ മുഹമ്മദ് റിസ്വാന്റെ (53*) ഫിഫ്റ്റിയും ബാബറിന്റെ (33) ഇന്നിങ്‌സും 17.3 ഓവറില്‍ മൂന്നു വിക്കറ്റിനു പാക് ടീമിനെ വിജയത്തിലെത്തിച്ചു.