കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയേയും രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനേയും നേരിടും. ഇത്തവണ എല്ലാവരേയും ഞെട്ടിച്ച് സെമി ടിക്കറ്റെടുത്തത് അഫ്ഗാനിസ്ഥാനാണ്. ഓരോ വര്‍ഷം കഴിയുന്തോറും പ്രകടനം മെച്ചപ്പെടുത്താന്‍ അഫ്ഗാന് സാധിക്കുന്നു. ഇത്തവണ സൂപ്പര്‍ എട്ടില്‍ ഇന്ത്യയോട് തോറ്റെങ്കിലും ഓസ്‌ട്രേലിയയെ അട്ടിമറിക്കാന്‍ അഫ്ഗാനായി.
സെമിയില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ചരിത്ര ഫൈനലും കടന്ന് കിരീടത്തിലേക്കെത്താന്‍ അഫ്ഗാനിസ്ഥാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്നാല്‍ അഫ്ഗാനെ കാത്ത് ഒരു ദുര്‍വിധിയുണ്ട്. ഭാഗ്യം തുണക്കാത്ത പക്ഷം സെമി പോലും കളിക്കാതെ അഫ്ഗാനിസ്ഥാന്‍ പുറത്തായേക്കും. വില്ലനായേക്കാവുന്നത് മഴയാണ്. നാളെ ടറൗബയിലാണ് അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍. നിലവിലെ കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം 47% മഴ സാധ്യതയാണ് നിലനില്‍ക്കുന്നത്.
അതുകൊണ്ടുതന്നെ ആദ്യത്തെ ദിവസം മഴമൂലം മത്സരം മുടങ്ങാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ സെമി ഫൈനലില്‍ റിസര്‍വ് ഡേ ഉണ്ടായിരിക്കും. എന്നാല്‍ ഈ മത്സരവും മഴമൂലം ഉപേക്ഷിക്കാനുള്ള സാധ്യതയാണുള്ളത്. രണ്ട് ദിവസവും മഴകാരണം മത്സരം മുടങ്ങിയാല്‍ അഫ്ഗാനിസ്ഥാന്‍ സെമി കാണാതെ പുറത്താവുകയും ദക്ഷിണാഫ്രിക്ക ഫൈനലിലേക്കെത്തുകയും ചെയ്യും. കാരണം ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക തോല്‍വി അറിഞ്ഞിട്ടില്ല.
സൂപ്പര്‍ എട്ടിലും എല്ലാ മത്സരങ്ങളും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. ഈ കാരണത്താല്‍ത്തന്നെ മഴമൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ അഫ്ഗാനിസ്ഥാന്‍ സെമി കളിക്കാനാവാതെ പുറത്താവും. അതുകൊണ്ടുതന്നെ മഴ പെയ്യാതിരിക്കാന്‍ അഫ്ഗാനിസ്ഥാന്‍ പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. പൊതുവേ ദക്ഷിണാഫ്രിക്ക കരുത്തരുടെ നിരയാണെങ്കിലും ഭാഗ്യമില്ലാത്തവരാണ്.

ഇത്തവണയും ഭാഗ്യക്കേട് ദക്ഷിണാഫ്രിക്കയെ വേട്ടയാടുമോയെന്നതാണ് കണ്ടറിയേണ്ടത്. വെസ്റ്റ് ഇന്‍ഡീസിനോട് പൊരുതി ജയിച്ച് സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇത്തവണ ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടാവുമെന്ന് കരുതാം. മറുവശത്ത് അഫ്ഗാനിസ്ഥാനെ എല്ലാവരും ഭയക്കണം. ഒരു താരത്തെ ആശ്രയിക്കാതെ ടീമെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്താന്‍ അഫ്ഗാന് സാധിക്കുന്നുണ്ട്. ഇത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു.
അഫ്ഗാനിസ്ഥാന്റെ ഇബ്രാഹം സദ്രാന്‍, റഹ്‌മാനുല്ല ഗുര്‍ബാസ്, റാഷിദ് ഖാന്‍ എന്നിവരെല്ലാം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്. ഇവരുടെ ഫോം അഫ്ഗാന് ശക്തി പകരുന്നു. മറുവശത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് പവര്‍പ്ലേയിലെ ക്വിന്റന്‍ ഡീകോക്കിന്റെ പ്രകടനം നിര്‍ണ്ണായകമാവും. താരം തകര്‍ത്തടിക്കേണ്ടത് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. നായകന്‍ എയ്ഡന്‍ മാര്‍ക്രം സ്ഥിരതയോടെ കളിക്കുന്നില്ല.
ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്ക് മധ്യനിരയില്‍ നിര്‍ണ്ണായക റോളാണുള്ളത്. അതുകൊണ്ടുതന്നെ ഇവരെ പൂട്ടേണ്ടത് അഫ്ഗാനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇവര്‍ക്ക് കഴിവുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ ഇവര്‍ക്കാവുന്നില്ലെന്നത് ദക്ഷിണാഫ്രിക്കയെ ആശങ്കപ്പെടുത്തുന്നു. തബ്രൈസ് ഷംസി സ്പിന്‍ നിരയില്‍ തിളങ്ങുമ്പോള്‍ ആന്‍ റിച്ച് നോക്കിയേ, കഗിസോ റബാഡ എന്നിവരുടെ പേസ് ബൗളിങ്ങും നിര്‍ണ്ണായകം.
ഇത്തവണ ദക്ഷിണാഫ്രിക്ക എല്ലാ മത്സരങ്ങളും ജയിച്ചാണ് സെമിയിലെത്തുന്നതെങ്കിലും ടീമിന്റെ പ്രകടനം ശരാശരി മാത്രമാണ്. അഫ്ഗാനിസ്ഥാന് നിലവില്‍ മുന്‍തൂക്കമുണ്ട്. എന്നാല്‍ അനുഭവസമ്പന്നരായ നിരയാണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം പ്രതീക്ഷിക്കാം. അഫ്ഗാനിസ്ഥാന്‍ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് ജയിച്ചെങ്കിലും ഈ മത്സരത്തില്‍ പല തവണ മഴ വില്ലനായിരുന്നു. എന്നാല്‍ ഇത് അഫ്ഗാന് അനുകൂലമായി മാറി.
സെമിയിലും മഴ അഫ്ഗാന് അനുകൂലമായി നില്‍ക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മഴ ചതിച്ചാല്‍ സെമി പോലും കളിക്കാനാവാതെ അഫ്ഗാനിസ്ഥാന്‍ പുറത്തുപോകേണ്ടി വരും. എന്തായാലും എന്താവും മത്സരഫലമെന്നത് കാത്തിരുന്ന് കണ്ടറിയാം.