ഐസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുകയാണ്. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായിട്ടാണ് ഒരു മാസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റ്. ഐസിസി കിരീട വരള്‍ച്ചയ്ക്കു അറുതിയിടാന്‍ ഇന്ത്യക്കു ലഭിക്കുന്ന മറ്റൊരു മികച്ച അവസരമായിരിക്കും ഈ ടൂര്‍ണമെന്റ്. 2013നു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കായിട്ടില്ല. കഴിഞ്ഞ മാസം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഈ നേട്ടത്തിനു കൈയെത്തുംദൂരത്ത് ഇന്ത്യ എത്തിയിരുന്നെങ്കിലും ഫൈനലില്‍ അടിതെറ്റുകയായിരുന്നു.
ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കു അധികം ടി20 പരമ്പകളൊന്നും തന്നെയില്ല. ഒരേയൊരു ടി20 പരമ്പരയിലാണ് ടൂര്‍ണമെന്റിനു മുമ്പ് ഇന്ത്യ ഇനി കളിക്കുന്നത്. അഫ്ഗാനിസ്താനുമായിട്ടാണ് മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര. അതുകൊണ്ടു ന്നെ മാര്‍ച്ച് മുതല്‍ മേയ് വരെ നീളുന്ന ഐപിഎല്ലിലെ പ്രകടനമായിരിക്കും ലോകകപ്പ് ടീം സെലക്ഷനില്‍ മാനദണ്ഡമാക്കുകയെന്നു ഉറപ്പായിരിക്കുകയാണ്.

ഐപിഎല്ലിന്റെ ആദ്യത്തെ ഒരു മാസത്തെ പ്രകടനമായിരിക്കും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുക. ടൂര്‍ണമെന്റില്‍ മികച്ച ഫോമും ഫിറ്റ്‌നസും പുലര്‍ത്തുന്നവര്‍ക്കു ലോകകപ്പ് ടീമിലേക്കു വിളിയെത്തും. രോഹിത് ശര്‍മ തന്നെയായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുകയെന്നു ഉറപ്പായിരിക്കുകയാണ്.
അഫ്ഗാനിസ്താനായുള്ള പരമ്പരയിലേക്കു അദ്ദേഹത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നു. രോഹിത് മാത്രമല്ല മറ്റൊരു സീനിയര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്നാണ് വിവരം.
ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടംപിടിക്കുക? ചില താരങ്ങള്‍ ഇതിനകം ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ചുരുക്കം ചിലരുടെ കാര്യത്തില്‍ മാത്രമേ സംശയം നിലനില്‍ക്കുന്നുള്ളൂ. ലോകകപ്പില്‍ ഇന്ത്യക്കു പരീക്ഷിക്കാന്‍ സാധിക്കുന്ന മൂന്നു മികച്ച പ്ലെയിങ് ഇലവനുകള്‍ ഏതൊക്കെയാണെന്നു നോക്കാം. ഇതില്‍ ഏതാണ് ബെസ്‌റ്റെന്നും നിങ്ങള്‍ക്കു തീരുമാനിക്കാം.

ടീം എ, ടീം ബി, ടീം സി എന്നിങ്ങനെ ഈ മൂന്ന് ഇന്ത്യന്‍ പ്ലെയിങ് ഇലവനുകളെ നമുക്കു വേര്‍തിരിക്കാം. രണ്ടു ടീമുകളെ രോഹിത് നയിക്കുമ്പോള്‍ മൂന്നാമത്തെ ടീമിന്റെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ്. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്, റിങ്കു സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് മൂന്നു ടീമുകളിലും ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ബാക്കിയുള്ളവര്‍ ഓരോ ടീമിലും മാറി മാറി വരികയും ചെയ്യുന്നു. ഒരു ടീമിന്റെ വിക്കറ്റ് കീപ്പര്‍ മലയാളി താരം സഞ്ജു സാംസണാണ്.
ടീം എയ്ക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക രോഹിത്തും യശസ്വി ജയ്‌സ്വാളുമാണ്. ടീം ബിയുടെ ഓപ്പണര്‍മാര്‍ രോഹിത്തും കോലിയുമാണ്. ടീം സിക്കായി ശുഭ്മന്‍ ഗില്ലും ജയ്‌സ്വാളും ഓപ്പണ്‍ ചെയ്യും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീം എയില്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. ടീ ബിയില്‍ കുല്‍ദീപ് യാദവും ടീം സിയില്‍ അക്ഷര്‍ പട്ടേലുമാണുള്ളത്. ടീം എയ്ക്കായി വിക്കറ്റ് കാക്കുക ജിതേഷ് ശര്‍മയാണ്. ടീം ബിയ്ക്കായി സഞ്ജുവും ടീം സിക്കായി ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറാവും.
ടീം എ
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ടീം ബി
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
ടീം സി
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.