മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഏറ്റവും മുന്നിട്ട് നിന്നത് ജിതേഷ് ശര്‍മയായിരുന്നു. പഞ്ചാബ് കിങ്‌സിന്റെ ഫിനിഷറായ ജിതേഷ് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. കൂടാതെ മധ്യനിരയില്‍ ഫിനിഷര്‍ റോളിലും കളിപ്പിക്കാനാവും. ഇക്കാരണത്താല്‍ത്തന്നെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മുന്‍തൂക്കം ജിതേഷിനാണ് എല്ലാവരും നല്‍കിയിരുന്നത്.
എന്നാല്‍ ഐപിഎല്‍ 17ാം സീസണ്‍ പുരോഗമിക്കവെ ജിതേഷ് ശര്‍മയില്‍ സെലക്ടര്‍മാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 77 റണ്‍സാണ് ജിതേഷ് ആകെ നേടിയത്. 135 സ്‌ട്രൈക്ക് റേറ്റുള്ള താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 27 ആണ്. ക്രീസിലെത്തിയതിന് പിന്നാലെ ഒന്നോ രണ്ടോ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ജിതേഷിന് സാധിക്കാറുണ്ട്. എന്നാല്‍ വലിയ സ്‌കോറാക്കി ഇതിനെ മാറ്റാന്‍ ജിതേഷിന് സാധിക്കുന്നില്ല.
പ്രതിഭാശാലിയായ താരമാണ് ജിതേഷ്. കടന്നാക്രമിക്കാന്‍ പ്രതിഭയുള്ള ജിതേഷിന്റെ പ്രധാന സവിശേഷത ഭയമില്ലാതെ ബാറ്റു ചെയ്യുമെന്നതാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ് ജിതേഷ്. എന്നാല്‍ സ്ഥിരതയില്ലാത്തതാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ വിശ്വസ്തനെന്ന് പറയാനാവില്ല. ഇത്തവണത്തെ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നെങ്കില്‍ ജിതേഷ് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ വലിയ സാധ്യതയുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ജിതേഷ് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യത വളരെ കുറവാണെന്നതാണ് സത്യം. നിലവിലെ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ സഞ്ജു സാംസണും റിഷഭ് പന്തിനുമാണ് കൂടുതല്‍ സാധ്യത. രണ്ട് പേരും മധ്യനിരയില്‍ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്. സ്പിന്നിനെ നേരിടാന്‍ കെല്‍പ്പുള്ളവരും മധ്യനിരയില്‍ കസറാന്‍ കെല്‍പ്പുള്ളവരും വിക്കറ്റ് കീപ്പറായി വേണമെന്നതാണ് ഇന്ത്യയുടെ പദ്ധതി.

ഇത് പരിഗണിക്കുമ്പോള്‍ സഞ്ജുവും റിഷഭുമാണ് നിലവില്‍ മുന്നിലുള്ളത്. രണ്ട് പേരും രണ്ട് അര്‍ധ സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്. നാല് മത്സരത്തില്‍ നിന്ന് 2 ഫിഫ്റ്റി ഉള്‍പ്പെടെ 178 റണ്‍സ് സഞ്ജു സാംസണ്‍ നേടിക്കഴിഞ്ഞു. 59ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 150ന് മുകളിലാണ്. 17 ഫോറും 8 സിക്‌സും സഞ്ജു ഇതിനോടകം പറത്തി. ഡൈവിങ് ക്യാച്ചുകള്‍ ഉള്‍പ്പെടെ സ്റ്റംപിന് പിന്നിലും മിന്നല്‍ പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.
എന്നാല്‍ സഞ്ജുവിനെക്കാള്‍ പ്ലേയിങ് 11ല്‍ സാധ്യത റിഷഭ് പന്തിനാണ്. സഞ്ജു സാംസണ്‍ വലം കൈയന്‍ ബാറ്റ്‌സ്മാനാണ്. റിഷഭ് പന്ത് ഇടം കൈയനും. അതുകൊണ്ടുതന്നെ ഇടം കൈയന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. 5 മത്സരത്തില്‍ നിന്ന് 153 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. 154ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന റിഷഭ് 2 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കും റിഷഭിനെ ടീമിലെത്തിക്കുന്നതിനോടാവും കൂടുതല്‍ താല്‍പര്യം.
അതുകൊണ്ടുതന്നെ റിഷഭിന്റെ സീറ്റ് ഉറപ്പാണ്. സഞ്ജു ഐപിഎല്ലില്‍ തിളങ്ങുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടി20 ടീമിനൊപ്പമുള്ള പ്രകടനം അത്ര മികച്ചതല്ല. ഇന്ത്യക്കായി ടി20 കളിച്ചപ്പോഴൊന്നും പ്രതീക്ഷക്കൊത്തുയരാന്‍ സഞ്ജുവിനായിട്ടില്ല. അഫ്ഗാനിസ്ഥാനെതിരേ സഞ്ജുവിന് തിളങ്ങാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും സഞ്ജു അത് മുതലാക്കിയില്ല. ഐപിഎല്ലിലും സഞ്ജുവിന്റെ സ്ഥിരത ചോദ്യം ഉയര്‍ത്തുകയാണ്. എന്തായാലും വരുന്ന മത്സരങ്ങള്‍ സഞ്ജുവിന് നിര്‍ണ്ണായകമാണ്.
കെ എല്‍ രാഹുലിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്. സീനിയര്‍ താരമാണെങ്കിലും രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റാണ് പ്രശ്‌നം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രാഹുലിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ രാഹുലിന് ഇത്തവണ ടി20 ലോകകപ്പ് കരക്കിരുന്ന് കാണേണ്ടി വരും. ദ്രുവ് ജുറേല്‍ യുവതാരമായതിനാല്‍ ഇത്തവണ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ല.