Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സൂപ്പര്‍ സ്റ്റാറല്ല, ഹാര്‍ദിക് ആഭ്യന്തര ക്രിക്കറ്റ് കളിക്കണം! ജയ് ഷാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ വലിയ വിമര്‍ശനം നേരിടുകയാണ് ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയെ മാറ്റി മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് എത്തിയതുമുതല്‍ വലിയ വിമര്‍ശനമാണ് താരം നേരിടുന്നത്. ഇത്തവണ പ്ലേ ഓഫ് കാണാതെ മുംബൈ പുറത്തായതോടെ ഹാര്‍ദിക്കിനെതിരായ വിമര്‍ശനം കൂടുതല്‍ ശക്തമായി മാറിയിരിക്കുകയാണ്. ഇനി ടി20 ലോകകപ്പാണ് കാത്തിരിക്കുന്നത്.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായാണ് ഹാര്‍ദിക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോശം ഫോമിലും എന്തിനാണ് ഹാര്‍ദിക്കിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. എന്നിട്ടും താരത്തിന് എ ഗ്രേഡ് കരാറടക്കം നല്‍കി വലിയ പിന്തുണയാണ് ബിസിസി ഐ താരത്തിന് നല്‍കുന്നത്.

ഇപ്പോഴിതാ ഹാര്‍ദിക്കിന്റെ ഭാവിയെക്കുറിച്ചും എ ഗ്രേഡ് കരാര്‍ നല്‍കിയത് എന്തുകൊണ്ടാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസി ഐ സെക്രട്ടറി ജയ് ഷാ. ഹാര്‍ദിക് ആഭ്യന്തര ക്രിക്കറ്റ് കളിക്കുമെന്നും അതിന് സമ്മതിച്ചതിനാലാണ് അദ്ദേഹത്തിന് എ ഗ്രേഡ് കരാര്‍ നല്‍കിയതെന്നുമാണ് ജയ് ഷാ തുറന്ന് പറഞ്ഞിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തിയത് സീനിയര്‍ താരങ്ങളും പങ്കെടുക്കുന്നതിനായാണെന്നാണ് ജയ് ഷാ പറയുന്നത്.

ഹാര്‍ദിക്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ ഉള്‍പ്പെടെ പല പ്രമുഖ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായിരുന്നില്ല. ഇവരെല്ലാം മോശം ഫോമിലായിരുന്നപ്പോഴും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായില്ല. ബിസിസി ഐയും ടീം മാനേജ്‌മെന്റും ആവശ്യപ്പെട്ടിട്ടും ശ്രേയസും ഇഷാനും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവാത്തതാണ് ഇവരുടെ കരാര്‍ നഷ്ടമാക്കിയത്. എന്തായാലും ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ പൂട്ടുമെന്ന സൂചനയാണ് ജയ് ഷാ നല്‍കുന്നത്.

hardik pandya

ഹാര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പേരില്‍ പല തവണ പ്രധാന ടൂര്‍ണമെന്റുകള്‍ നഷ്ടപ്പെടുത്തിയ താരമാണ്. 55 ശതമാനത്തോളം മത്സരങ്ങളാണ് പരിക്കിന്റെ പേരില്‍ ഹാര്‍ദിക് നഷ്ടപ്പെടുത്തിയത്. ഇതില്‍ അവസാന ഏകദിന ലോകകപ്പും ഉള്‍പ്പെടും. എന്നാല്‍ ഐപിഎല്ലില്‍ 10 ശതമാനത്തോളം മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് പരിക്ക് മൂലം നഷ്ടമായത്. ചെറിയ പരിക്കിന്റെ പേരില്‍പ്പോലും ഹാര്‍ദിക് പ്രധാന മത്സരങ്ങള്‍ നഷ്ടപ്പെടുത്തി.

പരിക്കിന്റെ ഇടവേളക്ക് ശേഷം ഹാര്‍ദിക് നേരിട്ട് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍ ഇതിന് മാറ്റമുണ്ടാവുമെന്നും പരിക്കേറ്റ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിച്ച് തിരിച്ചെത്തണമെന്നുമാണ് ജയ് ഷാ വ്യക്തമാക്കിയത്. പല സീനിയര്‍ താരങ്ങള്‍ക്കും ഈ തീരുമാനം തിരിച്ചടിയാവും. ദേശീയ ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പിച്ചാല്‍ പലരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവില്ല. ഇതിന് മാറ്റം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിസിസി ഐ.

ഹാര്‍ദിക്കിന് വരുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് നായകനായത് വലിയ വിവാദമായിരുന്നു. രോഹിത്തിനെ ഒതുക്കാന്‍ ഹാര്‍ദിക് ശ്രമിച്ചുവെന്ന ആരോപണം ശക്തമാണ്. ഇപ്പോഴുള്ള ബിസിസി ഐയുടെ നീക്കം ഹാര്‍ദിക്കിന് മൂക്കുകയറിടുക എന്ന ഉദ്ദേശത്തോടെയാണെന്നാണ് ആരാധകര്‍ പറയുന്നത്. സൂപ്പര്‍ താരമെന്ന ചിന്ത ഹാര്‍ദിക്കിനുണ്ട്. ഇതിന്റെ അഹങ്കാരം പലപ്പോഴും താരം കളത്തില്‍ കാട്ടുന്നുമുണ്ട്.

എന്നാല്‍ ഇനി ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ല. പരിക്കേല്‍ക്കുകയോ മോശം ഫോമിലേക്ക് പോവുകയോ ചെയ്താല്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് കാട്ടേണ്ടതായി വരും. അല്ലാത്ത പക്ഷം ദേശീയ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന ശക്തമായ സന്ദേശം കൂടിയാണ് ജയ് ഷാ ഇപ്പോള്‍ നല്‍കുന്നത്. എന്തായാലും ഹാര്‍ദിക്കുള്‍പ്പെടെയുള്ള പല താരങ്ങള്‍ക്കും മൂക്കുകയറിടാനാണ് ബിസിസി ഐയുടെ പദ്ധതിയെന്ന് നിസംശയം പറയാം.

Story first published: Friday, May 10, 2024, 14:13 [IST]
Other articles published on May 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+