മുംബൈ: ടി20 ലോകകപ്പിനായുള്ള പടയൊരുക്കം ടീമുകളെല്ലാം ശക്തമാക്കുകയാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ ഷെഡ്യൂളടക്കം പുറത്തുവന്നിട്ടുണ്ട്. ഇനി ടീമുകളെല്ലാം തന്ത്രങ്ങള്‍ മെനയുന്ന സമയമാണ്. ഇന്ത്യയെ സംബന്ധിച്ച് ടീം തിരഞ്ഞെടുപ്പാണ് പ്രധാന പ്രശ്‌നം. 30ലധികം താരങ്ങള്‍ ടീമില്‍ അവസരത്തിനായി കാത്ത് നില്‍ക്കുന്നു. ഇതില്‍ 13 താരങ്ങള്‍ക്ക് ഏറെക്കുറെ സീറ്റുറപ്പാണ് മറ്റ് പല സ്ഥാനങ്ങളിലും അരുവേണമെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്.
ഹാര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായി ഇന്ത്യക്കൊപ്പം ഉണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി അറിയേണ്ടത് താരത്തിന്റെ ബാക്കപ്പായി ശിവം ദുബെ വേണമോയെന്നതാണ്. അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറിയും ഓരോ വിക്കറ്റും നേടാന്‍ ദുബെക്കായിരുന്നു. ഇതോടെ ഹാര്‍ദിക്കിന്റെ ബാക്കപ്പായി ദുബെ വേണമെന്ന ആവശ്യമാണ് പൊതുവേ എല്ലാവരും പറയുന്നത്. എന്നാല്‍ അഫ്ഗാനെതിരായ പ്രകടനം വിലയിരുത്തി ദുബെയെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കണോ?
ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര ഇതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ്. 'ശിവം ദുബെയുടെ ബാറ്റിങ് പവര്‍ എടുത്തു പറയേണ്ടതാണ്. മൂന്നാം മത്സരത്തിലെ അവനെ അല്‍പ്പം നേരത്തെ ഇറക്കിയെന്നാണ് കരുതുന്നത്. അവന് മുമ്പ് സഞ്ജു സാംസണെയോ റിങ്കു സിങ്ങിനെയോ കളിപ്പിക്കണമായിരുന്നു. ആക്രമിച്ച് കളിക്കാന്‍ കഴിവുള്ളവനാണ്. അവന്റെ പ്രകടനം കാണുമ്പോള്‍ യുവരാജ് സിങ്ങിനെയാണ് ഓര്‍മ വരുന്നത്.
ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ശിവം ദുബെയും ടി20 ലോകകപ്പ് കളിക്കണം. ആദ്യ രണ്ട് മത്സരത്തിലും അവന്‍ പറത്തിയ സിക്‌സുകള്‍ എത്രത്തോളം കരുത്ത് അവനുണ്ടെന്ന് തെളിയിക്കുന്നതാണ്. ചില ആളുകള്‍ ഹാര്‍ദിക്കിനെ ഒഴിവാക്കി ശിവം ദുബെയെ ടീമിലെടുക്കാനും പറയുന്നു. രണ്ട് പേരും കളിക്കണം. എന്നാല്‍ അഫ്ഗാന്‍ പരമ്പര വിലയിരുത്തിയാണ് ശിവം ദുബെ കളിക്കണമെന്ന് പറയുന്നത്. ഐപിഎല്ലിലും അവന്‍ മികവ് തുടരേണ്ടതായുണ്ട്'-യുട്യൂബ് ചാനലില്‍ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.

ശിവം ദുബെ ഉയര്‍ന്ന കായിക ക്ഷമതയുള്ള താരമാണ്. അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്കെതിരേയെല്ലാം അനായാസം സിക്‌സര്‍ പറത്താന്‍ സാധിക്കുന്നു. 2019ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് ടീമില്‍ നിന്ന് പുറത്തുപോവുകയും ചെയ്ത ദുബെ അവസാന സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം തിളങ്ങിയാണ് തിരിച്ചുവരവ് നടത്തിയത്. വരുന്ന സീസണിലും സിഎസ്‌കെയ്‌ക്കൊപ്പം തിളങ്ങാനായാല്‍ ദുബെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലുണ്ടാവും. അല്ലാത്ത പക്ഷം ഒഴിവാക്കപ്പെട്ടേക്കും.
നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം നികത്താന്‍ ശേഷിയുള്ള മറ്റൊരു ഓള്‍റൗണ്ടറും ഇന്ത്യന്‍ ടീമിനൊപ്പമില്ല. എന്നാല്‍ ദുബെയെ പരിഗണിച്ചാലും ബൗളിങ്ങില്‍ വിശ്വസ്തനാവുമെന്ന് പറയാനാവില്ല. കാരണം ഇക്കോണമി കാത്ത് പന്തെറിയാന്‍ ദുബെക്ക് കഴിവില്ല. മീഡിയം പേസറായ താരം തല്ലുകൊള്ളിയാണ്. പരമാവധി ഒന്നോ രണ്ടോ ഓവറാണ് ദുബെക്ക് എറിയാന്‍ സാധിക്കുന്നത്. അതും ഫലപ്രദമായിരിക്കുമെന്ന് പറയാനാവില്ല.
ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ ടാക്കൂറാണ്. എന്നാല്‍ ടി20യില്‍ ശാര്‍ദ്ദുലിനെ പരിഗണിച്ചാല്‍ ഇന്ത്യ കാട്ടുന്ന വലിയ മണ്ടത്തരമായി അത് മാറും. അതുകൊണ്ടുതന്നെ ഇന്ത്യ ദുബെയുമായി മുന്നോട്ട് പോകാനാണ് സാധ്യത. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജക്കൊപ്പം അക്ഷര്‍ പട്ടേല്‍ ഇടം പിടിച്ചേക്കും. രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ് എന്നിവരിലൊരാള്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി എത്തിയേക്കും.
ഇന്ത്യയെ സംബന്ധിച്ച് വിക്കറ്റ് കീപ്പര്‍ ആരെന്നതാണ് തലപുകയ്ക്കുന്ന ചോദ്യം. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെല്ലാം ഈ സ്ഥാനത്തിനായി മത്സരിക്കുന്നു. ഇതില്‍ ആരെന്നതിനും ഉത്തരം കിട്ടേണ്ടതായുണ്ട്. രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.