നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ബംഗ്ലാദേശിനെ 50 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 196 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. തുടക്കം മുതല്‍ രോഹിത് ശര്‍മയും വിരാട് കോലിയും ആക്രമിക്കാന്‍ ശ്രമിച്ചു. ഒന്നാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം രോഹിത് ശര്‍മ മടങ്ങി. 11 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സുമടക്കം 23 റണ്‍സുമായി മികവ് കാട്ടിയെങ്കിലും ഷക്കീബ് അല്‍ ഹസന്‍ രോഹിത്തിനെ മടക്കി. സിക്‌സറിന് ശ്രമിച്ച രോഹിത്തിന്റെ ടൈമിങ് പിഴച്ചപ്പോള്‍ ജാക്കര്‍ അലിക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
കോലി റിഷഭ് പന്തിനൊപ്പം റണ്‍സുയര്‍ത്തി. മോശം ഫോമിലായിരുന്ന കോലി പഴയ മികവിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ക്ലാസിക് സിക്‌സുകളടക്കം കാഴ്ചവെച്ച കോലി 28 പന്തില്‍ 1 ഫോറും 3 സിക്‌സുമടക്കം 37 റണ്‍സുമായി പുറത്തായി. തന്‍സിം ഹസന്‍ സക്കീബ് കോലിയെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. മികച്ച ഫോമിലായിരുന്ന സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി.
എന്നാല്‍ ഈ മികവ് തുടരാനായില്ല. സക്കീബിന്റെ തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ പുറത്തായി. എക്‌സ്ട്രാ ബൗണ്‍സ് പന്ത് സൂര്യയുടെ ഗ്ലൗസിലുരസി വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസിന്റെ കൈയിലെത്തുകയായിരുന്നു. ഒരോവറില്‍ രണ്ട് വമ്പന്മാര്‍ മടങ്ങിയതോടെ ഇന്ത്യ പരുങ്ങി. എന്നാല്‍ റിഷഭ് പന്ത് ശിവം ദുബെയെ കൂട്ടുപിടിച്ച് റണ്‍സുയര്‍ത്തി. 24 പന്തില്‍ 4 ഫോറും 2 സിക്‌സുമടക്കം 36 റണ്‍സെടുത്ത റിഷഭിനെ റിഷാദ് ഹൊസൈന്‍ മടക്കി. അനാവശ്യമായി റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച റിഷഭ് സാക്കിബിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
ശിവം ദുബെ നിര്‍ണ്ണായക സമയത്ത് മികവ് കാട്ടി. 24 പന്ത് നേരിട്ട് 3 സിക്‌സടക്കം 34 റണ്‍സാണ് ദുബെ നേടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ച ദുബെയെ റിഷാദ് ഹൊസൈന്‍ ക്ലീന്‍ബൗള്‍ഡാക്കി. വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഗംഭീര പ്രകടനമാണ് നടത്തിയത്. അതിവേഗം റണ്‍സുയര്‍ത്തിയ ഹാര്‍ദിക് 27 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സോടെ പുറത്താവാതെ നിന്നു. അക്ഷര്‍ പട്ടേല്‍ 5 പന്ത് നേരിട്ട് 3 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു.
ഇതോടെ 20 ഓവറില്‍ 5 വിക്കറ്റിന് 196 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്കായി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് ഇന്ത്യയെ വിറപ്പിക്കുന്ന തരത്തിലാണ് തുടങ്ങിയത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ഓപ്പണര്‍മാര്‍ ശ്രമിച്ചു. കൂട്ടുകെട്ട് 35ല്‍ നില്‍ക്കവെ ലിറ്റന്‍ ദാസിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. 10 പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 13 റണ്‍സാണ് ലിറ്റന്‍ ദാസ് നേടിയത്. തന്‍സിദ് ഹസന്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്.

ജസ്പ്രീത് ബുംറയുടെ പന്തില്‍ തന്‍സിദ് ഹസന്റെ അനായാസ ക്യാച്ച് റിഷഭ് പന്ത് നഷ്ടപ്പെടുത്തി. എന്നാല്‍ ഈ ലൈഫ് മുതലാക്കാന്‍ തന്‍സിദ് ഹസനായില്ല. 31 പന്ത് നേരിട്ട് 4 ഫോറടക്കം 29 റണ്‍സെടുത്ത തന്‍സിദിനെ കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുടുക്കി. തൗഹിദ് ഹൃദോയിയെ (4) നിലയുറപ്പിക്കും മുമ്പ് കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുരുക്കി. എന്നാല്‍ ഒരുവശത്ത് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ പൊരുതി. പക്ഷെ ഒരുവശത്ത് ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തി.
സീനിയര്‍ താരം ഷക്കീബ് അല്‍ഹസന്‍ 7 പന്തില്‍ 11 റണ്‍സോടെ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. ഓരോ സിക്‌സും ഫോറും പറത്തിയ താരം വലിയ ഭീഷണിയാവുമെന്ന് തോന്നിച്ചെങ്കില്‍ കുല്‍ദീപ് രോഹിത് ശര്‍മയുടെ കൈയിലെത്തിച്ചു. ജസ്പ്രീത് ബുംറയെ തിരികെ വിളിച്ച രോഹിത്തിന് തെറ്റിയില്ല. 32 പന്തില്‍ 1 ഫോറും 3 സിക്‌സുമടക്കം 40 റണ്‍സെടുത്ത ഷാന്റോയെ അര്‍ഷ്ദീപിന്റെ കൈയിലെത്തിച്ചു. ജാക്കര്‍ അലിയെ (1) അര്‍ഷ്ദീപും പുറത്താക്കി.
റിഷാദ് ഹൊസൈന്‍ കടന്നാക്രമിച്ചു. 10 പന്തില്‍ 1 ഫോറും 3 സിക്‌സുമടക്കം നേടി താരം ഞെട്ടിച്ചെങ്കിലും ബുംറ മടക്ക ടിക്കറ്റ് നല്‍കി. അവസാന ഓവറില്‍ മഹമ്മൂദുല്ലയെ (13) അര്‍ഷ്ദീപും പുറത്താക്കി. ഇതോടെ 8ന് 146ലേക്ക് ബംഗ്ലാദേശ് ഒതുങ്ങി. ഇന്ത്യക്കായി കുല്‍ദീപ് മൂന്നും ബുംറയും അര്‍ഷ്ദീപും രണ്ട് വിക്കറ്റും ഹാര്‍ദിക് ഒരു വിക്കറ്റും നേടി.
പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ
ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), തൗഹിദ് ഹൃദോയി, ഷക്കീബ് അല്‍ ഹസന്‍, മഹമ്മൂദുല്ല, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, മെഹതി ഹസന്‍, തന്‍സിം ഹസന്‍ സക്കീബ്, മുസ്തഫിസുര്‍ റഹ്‌മാന്‍