ഐപിഎല്ലിനിടെ ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങിയ ഹാര്‍ദിക് പാണ്ഡ്യ ഈ ലോകകപ്പില്‍ ഇന്ത്യക്കായി കസറുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പ്. ഇത്ര മാത്രം വിമര്‍ശനങ്ങള്‍ അദ്ദേഹം അര്‍ഹിച്ചിരുന്നില്ലെന്നും മാനസികമായി ഏറെ കരുത്തനായതിനാല്‍ എല്ലാത്തിനെയും മറികടക്കാനുള്ള ശേഷി ഹാര്‍ദിക്കിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഹിത് ശര്‍മയെ പുറത്താക്കി മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനമേറ്റേടുത്തതു മുതല്‍ ആരാധകര്‍ക്കു വെറുക്കപ്പെട്ടവനായി ഹാര്‍ദിക്ക് മാറിയിരുന്നു. സീസണില്‍ മുംബൈ വിവിധ വേദികളില്‍ കളിച്ചപ്പോഴെല്ലാം കാണികളുടെ ഭാഗത്തു നിന്നും കൂവലും അധിക്ഷേപവുമെല്ലാം അദ്ദേഹം നേരിടുകയും ചെയ്തിരുന്നു. ഇവയെല്ലാം ഹാര്‍ദിക്കിന്റെ പ്രകടനത്തെയും സാരമായി ബാധിക്കുകയും ചെയ്തു.

ഹാര്‍ദിക് പാണ്ഡ്യ വളരെ ശക്തമായ വ്യക്തിത്വത്തിനു ഉടമയാണ്. ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാര്‍ പിന്തുണയുമായി അദ്ദേഹത്തിനു ചുറ്റും നില്‍ക്കുമെന്നും ഞാന്‍ കരുതുന്നു. ഐപിഎല്ലിനിടെ ഹാര്‍ദിക്കിനു പല മോശം അനുഭവങ്ങളും നേരിടേണ്ടതായി വന്നിരുന്നു, ഇവയില്‍ ചിലതൊന്നും അദ്ദേഹം സ്വയം സൃഷ്ടിച്ചതുമല്ല.
ആരാധകര്‍ക്കു കുറച്ചു കൂടി വ്യത്യസ്തമായ രീതിയില്‍ ഇതിനെ സമീപിക്കാമായിരുന്നുവെന്നു ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. പക്ഷെ തങ്ങള്‍ക്കു ഉചിതമെന്നു തോന്നുന്ന രീതിയില്‍ സ്വന്തം കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള അവകാശവും അവര്‍ക്കുണ്ടെന്നു ബിഷപ്പ് വ്യക്തമാക്കി.
ബംഗ്ലാദേശുമായി നടന്ന ലോകകപ്പിലെ സന്നാഹ മല്‍സരത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിനു കഴിഞ്ഞിരുന്നു. 23 ബോളില്‍ പുറത്താവാതെ 40 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഹാട്രിക്ക് സിക്‌സറുകളും ഇതിലുള്‍പ്പെടുന്നു. ബൗളിങില്‍ ഒരു വിക്കറ്റും ഹാര്‍ദിക്ക് വീഴ്ത്തി. മല്‍സരത്തില്‍ 60 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് ഇന്ത്യ ആഘോഷിച്ചത്.

അതേസമയം, മുംബൈ ഇന്ത്യന്‍സിനൊപ്പം നായകനെന്ന നിലയിലും താരമെന്ന നിലയിലും ഇംപാക്ടുണ്ടാക്കാന്‍ ഹാര്‍ദിക്കിനു സാധിച്ചില്ല. വെറും 216 റണ്‍സാണ് സീസണില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെടുന്നില്ല. ബൗളിങിലാവട്ടെ 10.75 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകളായിരുന്നു ഹാര്‍ദിക്കിനു ലഭിച്ചത്. കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നു പോയതിനെക്കുറിച്ച് ഹാര്‍ദിക്ക് പിന്നീട് തുറന്നു പറയുകയും ചെയ്തിരുന്നു.
ചില സമയങ്ങളില്‍ ജീവിതം നിങ്ങള വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലേക്കു എത്തിക്കും. പക്ഷെ നിങ്ങള്‍ ഗെയിമോ, ഫീല്‍ഡോ വിടുകയാണെങ്കില്‍ നിങ്ങള്‍ ഈ സ്‌പോര്‍ട്ടില്‍ നിന്നും ആഗ്രഹിക്കുന്ന പോരാട്ടമോ, ഫലമോ ലഭിക്കില്ല.
ഞാന്‍ വിജയങ്ങളെ വളരെ ഗൗരവത്തോടെ എടുക്കുന്നയാളല്ല. ഞാന്‍ എന്തൊക്കെ നല്ലതു ചെയ്താലും പെട്ടെന്നു തന്നെ അവയെക്കുറിച്ചെല്ലാം മറക്കുകയും മുന്നോട്ടു പോവുകയും ചെയ്യും. ബുദ്ധിമുട്ടേറിയ സമയങ്ങളിലും ഞാന്‍ ഇങ്ങനെ തന്നെയാണ്. മുഖമുയര്‍ത്തി തന്നെയാണ് താന്‍ എല്ലാത്തിനെയും നേരിടാറുള്ളതെന്നും ഹാര്‍ദിക് തുറന്നു പറഞ്ഞിരുന്നു.