ടി20 ലോകകപ്പിനു കച്ച മുറുക്കുന്ന ടീം ഇന്ത്യക്കു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 2007ലെ പ്രഥമ സീസണിലെ ജേതാക്കളായ ഇന്ത്യ രണ്ടാം ലോക കിരീടം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇത്തവണയിറങ്ങുക. അഞ്ചിനു അയര്‍ലാന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ടൂര്‍ണമെന്റില്‍ ബൗളിങിന്റെ കാര്യത്തില്‍ ഇന്ത്യന്‍ കോമ്പിനേഷന്‍ എങ്ങനെയാവണമെന്നാണ് മഞ്ജരേക്കര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയെ അഞ്ചാമത്തെ ബൗളിങ് ഓപ്‌ഷനാക്കിയുള്ള കോമ്പിനേഷന്‍ ഇന്ത്യ പരീക്ഷിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലാണ് ഇന്ത്യയുടെ ഗ്രൂപ്പു ഘട്ടത്തിലെ മല്‍സരങ്ങള്‍. ഇവിടുടെ പിച്ച് അല്‍പ്പം സ്ലോയാണെന്നും അതുകൊണ്ടു തന്നെ സ്പിന്നര്‍മാരെ തുണച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ കാരണത്താല്‍ സ്പിന്നര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീമാണ് ബെസ്റ്റെന്നാണ് മഞ്ജരേക്കറുടെ നിര്‍ദേശം.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രസ് റൂമില്‍ സംസാരിക്കവെയാണ് ലോകകപ്പില്‍ ഹാര്‍ദിക്കിനു അഞ്ചാം ബൗളറുടെ റോള്‍ നല്‍കരുതെന്നു മഞ്ജരേക്കര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ അഞ്ചാം ബൗളറാവാന്‍ പാടില്ല. ഇന്ത്യക്കു ഒരു ആറാമത്തെ ബൗളര്‍ തീര്‍ച്ചയായും വേണമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഹാര്‍ദിക് അധികം ബൗള്‍ ചെയ്തിട്ടില്ലെന്നതും ഫിറ്റ്‌നസുമെല്ലാം ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.
ലോകകപ്പില്‍ സ്പിന്‍ ബൗളിങിനു ആധിപത്യമുള്ള ലൈനപ്പുമായി ഇറങ്ങണമെന്നാണ് ഞാന്‍ നിര്‍ദേശിക്കുക. കാരണം നിങ്ങള്‍ ഇന്ത്യയുടെ സീം ബൗളിങ് നോക്കൂ. അതിനു ആധികം ആഴമില്ലെന്നു കാണാന്‍ സാധിക്കുമെന്നും മഞ്ജരേക്കര്‍ പറയുന്നു.
നാലു സ്പിന്നര്‍മാരുള്‍പ്പെട്ട സംഘത്തെയാണ് ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരുമാണ് സ്‌ക്വാഡിലുള്ളത്.
പ്രമുഖ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാവുമായിരുന്നെന്നും പക്ഷെ പരിക്ക് ടീമിനു തിരിച്ചടിയായി മാറിയെന്നും മഞ്ജരേക്കര്‍ പറയുന്നു. കാല്‍മുട്ടിനു ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമത്തിലാണ് ഷമി. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയും അദ്ദേഹം കളിച്ചിരുന്നില്ല. ഐപിഎല്ലിനു പിന്നാലെയാണ് ഷമിക്കു ടി20 ലോകകപ്പും നഷ്ടമായത്.

മുഹമ്മദ് ഷമിയില്ലാത്തത് ഇന്ത്യക്കു വലിയ ക്ഷീണം തന്നെയാണ്. അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന്റെ ലുക്ക് തന്നെ മാറുമായിരുന്നു. ഇന്ത്യക്കു ചില മികച്ച സ്പിന്‍ ബൗളിങ് ഓപ്ഷനുകളുണ്ട്. അതുകൊണ്ടു തന്നെ പ്ലെയിങ് ഇലവനില്‍ ഒരു അധിക സ്പിന്നറെ കൂടി ഉള്‍പ്പെടുത്താനായിരിക്കും താന്‍ ശ്രമിക്കുകയെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
അതേസമയം, ഹാര്‍ദിക് അത്ര മികച്ച ഫോമിലല്ല ഈ ലോകകപ്പിനെത്തിയിരിക്കുന്നത്. സമാപിച്ച ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. നായകന്റെ റോളില്‍ മാത്രമല്ല ബാറ്റിങ്, ബൗളിങ് എന്നിവയിലും തിളങ്ങാന്‍ അദ്ദേഹത്തിനായില്ല.
13 ഇന്നിങ്‌സുകളില്‍ നിന്നും 216 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ബൗളിങിലാവട്ടെ 12 ഇന്നിങ്‌സുകളിലായി 11 വിക്കറ്റുകളാണ് മുംബൈ ക്യാപ്റ്റന്‍ വീഴ്ത്തിയത്. ഇതിന്റെയെല്ലാം ക്ഷീണം ഇന്ത്യന്‍ ജഴ്‌സിയില്‍ ലോകകപ്പില്‍ തീര്‍ക്കാനായിരിക്കും ഇനി ഹാര്‍ദിക്കിന്റെ ശ്രമം.