കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ ആവേശ ജയം നേടിയ അഫ്ഗാനിസ്ഥാന്‍ സെമി ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനേയും സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ച അഫ്ഗാന്‍ അവസാന മത്സരത്തില്‍ നാടകീയമായാണ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ആവേശകരമായ മത്സരത്തില്‍ ജയ പരാജയങ്ങള്‍ മാറി മറിഞ്ഞതിനൊടുവില്‍ ബംഗ്ലാദേശിനെ എട്ട് റണ്‍സിന് അഫ്ഗാന്‍ തോല്‍പ്പിക്കുകയായിരുന്നു.
ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു അഫ്ഗാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 5 വിക്കറ്റിന് 115 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സിലേക്കൊതുങ്ങുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ മഴ പെയ്യാനൊരുങ്ങവെ മനപ്പൂര്‍വ്വം കളി വൈകിപ്പിക്കാന്‍ അഫ്ഗാന്‍ താരം ഗുല്‍ബാഡിന്‍ നയ്ബ് പരിക്ക് അഭിനയിച്ചിരുന്നു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരം യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു.
താരത്തെ സഹതാരങ്ങള്‍ ചേര്‍ന്ന് ഗ്രൗണ്ടിന് പുറത്തേക്കെത്തിക്കുകയായിരുന്നു. മനപ്പൂര്‍വ്വം മത്സരം വൈകിപ്പിക്കാനുള്ള ശ്രമമായിരുന്നു ഗുല്‍ബാഡിന്‍ നടത്തിയതെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. അഫ്ഗാന്‍ ടീമിനെതിരേയും ഗുല്‍ബാഡിനെതിരേയും ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ഓസ്‌ട്രേലിയയുടെ സെമി പ്രതീക്ഷകള്‍ക്ക് വിരാമമിട്ടാണ് അഫ്ഗാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ഇതോടെ ഓസീസ് ആരാധകരും അഫ്ഗാനെതിരേ തിരിഞ്ഞു.
പ്രതിഷേധം കടുത്തതോടെ അഫ്ഗാന്‍ പേസറായ നയ്ബിനെ വിലക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങി. അഫ്ഗാന്‍ പരിശീലകനായ ജൊനാദന്‍ ട്രോട്ട് താരങ്ങളോടെ മത്സരം വൈകിപ്പിക്കാന്‍ ആവശ്യപ്പെടുന്നതും പിന്നാലെ ഗുല്‍ബാഡിന്‍ വീഴുന്നതുമടക്കമുള്ള വീഡിയോ പുറത്തുവന്നതോടെ താരം ഇത് മനപ്പൂര്‍വ്വം ചെയ്തതാണെന്ന് വ്യക്തം. എന്നാല്‍ ഗുല്‍ബാഡിനെ ഇതിന്റെ പേരില്‍ വിലക്കാന്‍ സാധിക്കുമോ?. ഇല്ലെന്നാണ് ഐസിസി നിയമം വ്യക്തമാക്കുന്നത്.

മത്സരം വൈകിപ്പിക്കുന്നത് ഐസിസി നിയമപ്രകാരം ലെവല്‍ 1, 2 വിഭാഗം കുറ്റങ്ങളാണ്. ഇത് പ്രകാരം പരമാവതി നല്‍കാവുന്നത് മത്സര പ്രതിഫലത്തിന്റെ 100% പിഴയാണ്. കൂടാതെ രണ്ട് സസ്‌പെന്‍ഷന്‍ പോയിന്റും നല്‍കാം. ഒരു വര്‍ഷം നാല് സസ്‌പെന്‍ഷന്‍ പോയിന്റ് നല്‍കാതെ ഒരു താരത്തെ വിലക്കാനാവില്ല. നാല് സസ്‌പെന്‍ഷന്‍ പോയിന്റ് ലഭിച്ച് വിലക്ക് നേരിട്ടാന്‍ ഒരു ടെസ്റ്റ്, രണ്ട് ഏകദിനം, ഒരു ടി20 എന്നിവയില്‍ ഏതെങ്കിലും ഒന്നാവും നഷ്ടമാവുക.
ടീമിന്റെ അറിവോടെയാണ് ഇത്തരമൊരു കരുതിക്കൂട്ടി സമയം കളയാനുള്ള നീക്കം നടന്നതെന്ന് വ്യക്തമായാല്‍ 50% പിഴയാണ് നല്‍കാനാവുക. കൂടാതെ സമയം പാഴാക്കിയതിന്റെ പേരില്‍ ഫീല്‍ഡ് അംപയര്‍ക്ക് അഞ്ച് റണ്‍സ് പെനല്‍റ്റി വിധിക്കാം. അല്ലാതെ നേരിട്ട് താരത്തെ വിലക്കാന്‍ ഇത് മൂലം സാധിക്കില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം നയ്ബിന് കളിക്കാന്‍ സാധിക്കാതെ പോയാല്‍ ടീമിനത് വലിയ തിരിച്ചടിയായി മാറുമായിരുന്നു.
എന്നാല്‍ ഐസിസി നിയമപ്രകാരം താരത്തെ വിലക്കാനാവാത്തതിനാല്‍ ഇത് ചര്‍ച്ചയിലൊതുങ്ങുകയല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടാകില്ലെന്നുറപ്പാണ്. ദക്ഷിണാഫ്രിക്കയെ വിറപ്പിക്കാന്‍ അഫ്ഗാന്‍ നിരയില്‍ നയ്ബുണ്ടാവും. അഫ്ഗാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. ന്യൂസീലന്‍ഡിനേയും ഓസ്‌ട്രേലിയയേയും തോല്‍പ്പിക്കാന്‍ അഫ്ഗാന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയോടും ആത്മവിശ്വാസത്തോടെയാവും അഫ്ഗാന്‍ ഇറങ്ങുക.
അഫ്ഗാന്‍ താരങ്ങള്‍ക്ക് ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിക്കുന്നുണ്ട്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോമില്‍. മഴ വില്ലനായാല്‍ അഫ്ഗാന് പണികിട്ടും. അഫ്ഗാന്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യയോട് തോറ്റിരുന്നു. പക്ഷെ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരവും ജയിച്ചു. മത്സരം നടക്കാതെ പോയാല്‍ ദക്ഷിണാഫ്രിക്ക ഫൈനലിലേക്കെത്തും. അതുകൊണ്ടുതന്നെ അഫ്ഗാന്‍ മഴയെ ഭയക്കണം. ഈ സെമിക്ക് റിസര്‍വ് ഡേ ഉള്ളത് അഫ്ഗാന് ഗുണം ചെയ്യും.