ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ അയര്‍ലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ഇത്തവണ ശക്തമായ താരനിരയോടെ ഇറങ്ങുന്ന ഇന്ത്യക്ക് വലിയ കിരീട സാധ്യതയാണ് കല്‍പ്പിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ സംതുലിതമായ നിരയാണ്. അതുകൊണ്ടുതന്നെ കിരീടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ നാല് സ്പിന്നര്‍മാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പേസ് നിരയില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങുമാണുള്ളത്. ഇന്ത്യ ഇത്തവണ എല്ലാ തരത്തിലും സംതുലിതമാണെങ്കിലും പേസ് കരുത്തില്‍ അല്‍പ്പം ദുര്‍ബലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ബുംറക്കൊപ്പം അതേ നിലവാരത്തോടെ നില്‍ക്കാന്‍ ആര്‍ക്ക് സാധിക്കുമെന്നതാണ് പ്രധാന ചോദ്യം. ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന ദൗര്‍ബല്യം പേസ് ബൗളിങ് നിരയിലാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് പേസറും ഇതിഹാസവുമായ ഗ്ലെന്‍ മഗ്രാത്ത്.
'സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നടത്തിയ പ്രകടനം എല്ലാവരും കണ്ടതാണ്. നിര്‍ണ്ണായക സമയത്ത് കൃത്യമായി ഉയരാന്‍ ഇന്ത്യക്ക് സാധിച്ചു. ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരിടാന്‍ പ്രയാസമുള്ള ബൗളര്‍മാരിലൊരാളാണ് ബുംറ. എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയയുടെ ബൗളിങ് കരുത്ത് അതി ശക്തമാണ്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയ കിരീടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ഇന്ത്യക്ക് ബുംറയുണ്ടെങ്കിലും അവന് ചുറ്റും ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം' മഗ്രാത്ത് പറഞ്ഞു.
ഇന്ത്യ ഇത്തവണ സ്പിന്നര്‍മാരെ ഉപയോഗിച്ച് തന്ത്രം മെനയാനാണ് പദ്ധതിയിടുന്നത്. അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സാഹചര്യം സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ സ്പിന്നിന് കൂടുതല്‍ പ്രാധാന്യം നല്‍കി. എന്നാല്‍ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന പേസറില്ലെന്നത് വസ്തുതയാണ്. അര്‍ഷ്ദീപ് സിങ് ഇടം കൈയന്‍ പേസറാണ്. സന്നാഹ മത്സരത്തില്‍ 2 വിക്കറ്റുമായി തിളങ്ങിയിരുന്നു.

എന്നാല്‍ വലിയ അനുഭവസമ്പത്തുള്ള പേസറല്ല അര്‍ഷ്ദീപ്. അവസാന ടി20 ലോകകപ്പടക്കം കളിച്ച അര്‍ഷ്ദീപിന്റെ ഇക്കോണമി പ്രശ്‌നമാണ്. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ മിടുക്കുണ്ടെങ്കിലും റണ്ണൊഴുക്ക് തടുക്കാനുള്ള കഴിവില്ല. മുഹമ്മദ് സിറാജ് തന്റേതായ ദിവസം തിളങ്ങുമെങ്കിലും ടി20യില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിവുള്ള താരമല്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പേസ് കരുത്ത് അതി ശക്തമാണെന്ന് പറയുക പ്രയാസമാണ്.
ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും ബാറ്റിങ്ങിലാണ്. കടന്നാക്രമിക്കാന്‍ ശേഷിയുള്ള ശക്തമായ ബാറ്റിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ശിവം ദുബെ എന്നിവരെല്ലാം അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ടി20യില്‍ മികച്ച റെക്കോഡുള്ള താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഇത്തവണത്തെ കുതിപ്പ് ബാറ്റിങ് നിരയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും.
ഐപിഎല്ലിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല എന്നതാണ് വസ്തുത. നായകന്‍ രോഹിത് ശര്‍മ മോശം ഫോമിലാണ് ഐപിഎല്‍ കളിച്ചത്. ഒരു സെഞ്ച്വറി പ്രകടനം നടത്തിയത് മാറ്റി നിര്‍ത്തിയാല്‍ ദുരന്തമായിരുന്നു. വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഹാര്‍ദിക്കിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ ഹാര്‍ദിക് ഫോമിലേക്കെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ തകര്‍ത്തടിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതേ മികവ് വരുന്ന മത്സരങ്ങളിലും അദ്ദേഹം തുടരുമെന്നാണ് ടീമിന്റെ പ്രതീക്ഷ. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവിന്റെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. കൈക്കുഴ സ്പിന്നര്‍മാര്‍ തിളങ്ങുന്നതാണ് സന്നാഹ മത്സരത്തില്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ കുല്‍ദീപിന്റെ പ്രകടനത്തില്‍ വലിയ പ്രതീക്ഷവെക്കുന്നു.