ഇന്ത്യയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനെ ടി20 ലോകകപ്പിനിടെ നാട്ടിലേക്കു തിരികെ അയച്ചത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സൂപ്പര്‍ എട്ട് മല്‍സരങ്ങള്‍ അടുത്തയാഴ്ച നടക്കാനിരിക്കവെയാണ് റിസര്‍വ് സംഘത്തിലുണ്ടായിരുന്ന ഗില്ലിനെയും പേസര്‍ ആവേശ് ഖാനെയും മടക്കി അയച്ചത്.
ടീമില്‍ ഇവരെ ആവശ്യമില്ലാത്തതിനാല്‍ സ്വാഭാവികമായുള്ള ഒരു നടപടി മാത്രമാണെന്നായിരുന്നു കരുതപ്പെട്ടത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇന്ത്യന്‍ ടീമുമായി അധികം സഹകരിക്കാതെ മാറിനിന്ന ഗില്‍ പലപ്പോഴും പരിശീലന സെഷനുകളിലും പങ്കെടുത്തിരുന്നില്ല. മാത്രമല്ല സുഹൃത്തുക്കള്‍ക്കൊപ്പം താരം അമേരിക്കയില്‍ കറങ്ങി നടക്കുകയും ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട ചില അടുത്ത വൃത്തങ്ങളാണ് ഗില്ലിനെ തിരികെ അയ്യച്ചത് അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം സത്യമാണെങ്കില്‍ മറ്റൊരു യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ വിധിയായിരിക്കും ഗില്ലിനെയും കാത്തിരിക്കുന്നത്. നേരത്തേ ഈ തരത്തില്‍ ടീം മാനേജ്‌മെന്റിനെ ധിക്കരിക്കുകയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാതെ മാറിനില്‍ക്കുകയും ചെയ്തത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നു ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും താരം ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.
അതിനു ശേഷം രോഹിത്തുമായുള്ള ഇഷാന്റെ ബന്ധത്തിലും വിള്ളല്‍ വീണിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ ടീമിലെ ഭൂരിഭാഗം പേരും രോഹിത്തിനൊപ്പം നിന്നപ്പോള്‍ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ അനുകൂലിച്ചവരുടെ നിരയില്‍ ഇഷാനുമുണ്ടായിരുന്നു.
ഇപ്പോള്‍ ഗില്ലും ഇഷാന്റെ പാതയിലാണോയെന്നു സംശയിക്കേണ്ടി വരും. സോഷ്യല്‍ മീഡിയയില്‍ രോഹിത്തിനെ ഗില്‍ അണ്‍ഫോളോ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ നേരത്തേ രോഹിത്തിനെ അദ്ദേഹം ഫോളോ ചെയ്തിരുന്നോയെന്ന കാര്യത്തിലും വ്യക്തതയില്ല.
ടി20 ലോകകപ്പിനു വേണ്ടി ഇന്ത്യന്‍ ടീമിനൊപ്പം അമേരിക്കയിലെത്തിയതിനു ശേഷം വ്യക്തിപരമായ ചില കാര്യങ്ങളിലാണ് ഗില്‍ കൂടുതലായും ശ്രദ്ധിച്ചത്. ചില ബിസിനസ് സംരഭങ്ങളില്‍ പങ്കാളിയാവാനും താരം ശ്രമിച്ചതായി വാര്‍ത്തകളും വന്നിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യാനോ, പരിശീലനം നടത്താനോ ഗില്‍ അധികം താല്‍പ്പര്യവും കാണിച്ചിരുന്നില്ല.
ചിരവൈരികളായ പാകിസ്താനുമായി നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് റിസര്‍വ്വ് കളിക്കാരായ റിങ്കു സിങ്, ആവേശ്, ഖലീല്‍ അഹമ്മദ് എന്നിവരെല്ലാം ഉണ്ടായിരുന്നു. പക്ഷെ ഗില്ലിനെ അവരുടെ കൂട്ടത്തില്‍ കണ്ടിരുന്നില്ല.

ലോകകപ്പിനുള്ള പ്രധാന സ്‌ക്വാഡില്‍ നിന്നും തന്നെ തഴഞ്ഞതില്‍ ഗില്ലിനു നിരാശയും രോഷവുമുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായിട്ടാണ് ടീമിനൊപ്പം കൂടാതെ താരം വഴിമാറി നടക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. നിലവിലെ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ മൂന്നു പേരാണ് ഓപ്പണര്‍മാരായിട്ടുള്ളത്. നായകന്‍ രോഹിത്തിനെക്കൂടാതെ വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണിത്.
രോഹിത്തും ജയ്‌സ്വാളുമായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുകയെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ 700ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ കോലിയെ ഇന്ത്യ ഈ റോളിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു.
പക്ഷെ രോഹിത്- കോലി ഓപ്പണിങ് ജോടി ടൂര്‍ണമെന്റില്‍ ഇനിയും ക്ലിക്കായിട്ടില്ല. ഇതുവരെ കളിച്ച മൂന്നു ഇന്നിങ്‌സുകളിലും രണ്ടക്കം തികയ്ക്കാന്‍ കോലിക്കായിട്ടില്ല. അമേരിക്കയുമായുള്ള അവസാന കളിയില്‍ ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്.