ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കവെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ബിസിസിഐ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. യുവ ഫിനിഷര്‍ റിങ്കു സിങിനെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴഞ്ഞതിനു പിന്നിലെ കാരണം എന്തായിരിക്കുമെന്നും ദാദ വിശദീകരിക്കുകയും ചെയ്തിരിക്കുകയാണ്. ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായാണ് റിങ്കു തഴയപ്പെട്ടത്. റിസര്‍വ് താരങ്ങളുടെ ലിസ്റ്റില്‍ മാത്രമേ അദ്ദേഹത്തിനു ഇടം പിടിക്കാന്‍ സാധിച്ചുള്ളൂ.
പ്രഥമ സീസണിലെ ജേതാക്കളായ ഇന്ത്യയും മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമാണ് ടി20 ലോകകപ്പില്‍ എല്ലാവരും ഭയക്കേണ്ട ടീമുകളെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ മുഖാമുഖം വന്ന ടീമുകള്‍ കൂടിയാണ് ഇരുവരും. അന്നു രോഹിത് ശര്‍മയെയും സംഘത്തെും വീഴ്ത്തി പാറ്റ് കമ്മിന്‍സിന്റെ കംഗാരുപ്പട വീണ്ടുമൊരു ലോകകിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

ടി20 ലോകകപ്പിലെ ബെസ്റ്റ് ടീമുകള്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ നമ്മള്‍ ഇതു കാണുകയും ചെയ്തിട്ടുള്ളതാണ്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും ഈ ടീമുകള്‍ ആധിപത്യം തുടരുമെന്നു തനിക്കുറപ്പുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.
20 ടീമുകളാണ് ഇത്തവണത്തെ ടി20 ലോകപ്പില്‍ അണിനിരക്കുന്നത്. ഇത്രയുമധികം ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായതും ഇതാദ്യമായിട്ടാണ്. അഞ്ചു ടീമുകളെ വീതം നാലു ഗ്രൂപ്പുകളിലായിട്ടാണ് ലോകകപ്പില്‍ വേര്‍തിരിച്ചിട്ടുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ വീതം സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടും. അവരില്‍ നിന്നും നാലു പേര്‍ സെമി ഫൈനലിലും കടക്കും.
നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനോടൊപ്പം ഗ്രൂപ്പ് ബിയിലാണ് ഓസ്‌ട്രേലിയ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍ നമീബിയ, സ്‌കോട്ട്‌ലാന്‍ഡ്, ഒമാന്‍ എന്നിവരാണ്. ഇന്ത്യയാവട്ടെ ഗ്രൂപ്പ് എയിലുമാണുള്ളത്. ചിരവൈരികളായ പാകിസ്താനും ഇതേ ഗ്രൂപ്പില്‍ തന്നെയാണ്. അമേരിക്ക, അയര്‍ലാന്‍ഡ്, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ജൂണ്‍ അഞ്ചിനു അമേരിക്കയുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം.

ലോകകപ്പിനായി വളരെ മികച്ച സ്‌ക്വാഡിനെയാണ് ഇന്ത്യ ഇത്തവണ തിരഞ്ഞെടുത്തിട്ടുള്ളതെന്നു ഗാംഗുലി അഭിപ്രായപ്പെട്ടു. വളരെ മികച്ച സ്‌ക്വാഡാണ് നമ്മുടേത്. അവരെല്ലാം മാച്ച് വിന്നര്‍മാരാണ്. ടീമിലെ 15 പേരും സ്‌ക്വാഡില്‍ സ്ഥാനമര്‍ഹിക്കുന്നവരാണ്. രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ഏറ്റവും മികച്ചവരെ തന്നെ തിരഞ്ഞെടുക്കുമെന്നു തനിക്കുറപ്പുണ്ടായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.
റിങ്കുവിനു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കിട്ടായതെ പോയതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ലോകകപ്പ് നടക്കുന്നത് വെസ്റ്റ് ഇന്‍ഡീസിലാണ്. അവിടെയുള്ള വിക്കറ്റ് സ്ലോയും സ്പിന്നര്‍മാരെ തുണയ്ക്കുന്നതുമായിരിക്കും. അതുകൊണ്ടായിരിക്കാം ഒരു അധിക സ്പിന്നറെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. ഈ കാരണത്താല്‍ തന്നെയാവും റിങ്കുവിനു അവസരം ലഭിക്കാതെ പോയത്. പക്ഷെ റിങ്കുവിനെ സംബന്ധിച്ച് ഇതു വെറുമൊരു തുടക്കം മാത്രമാണെന്നും ദാദ കൂട്ടിച്ചേര്‍ത്തു.