ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഈ മാസം അവസാനത്തോടെ ഔദ്യോഗികമായി ചുമതലയേറ്റെടുക്കുമെന്നു റിപ്പോര്‍ട്ട്. ടി20 ലോകകപ്പിനു ശേഷം നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുകയാണ്. തുടര്‍ന്നാണ് ഗംഭീര്‍ പകരക്കാരനായി എത്തുന്നത്. ടീമില്‍ ഗംഭീറിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ അഴിച്ചുപണികള്‍ തന്നെ ടീമില്‍ സംഭവിക്കാനാണ് സാധ്യത.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഗംഭീര്‍. കഴിഞ്ഞ സീസണിനു മുമ്പാണ് തന്റെ പഴയ തട്ടകത്തില്‍ പുതിയ റോളില്‍ അദ്ദേഹമെത്തിയത്. 2022ല്‍ പ്ലേഓഫില്‍ പോലുമെത്താതെ പുറത്തായ കെകെആറിനെ ചാംപ്യന്‍മാരാക്കിയാണ് ഗംഭീര്‍ മടങ്ങിവരവ് ആഘോഷിച്ചത്. ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കു അദ്ദേഹത്തിനു നറുക്കുവീഴാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.

ഐപിഎല്‍ ഫൈനലിനു പിന്നാലെയാണ് ഇന്ത്യയുടെ കോച്ച് സ്ഥാനവുമായി ബന്ധപ്പെട്ട് ഗംഭീറുമായി ബിസിസിഐ ചര്‍ച്ച നടത്തിയത്. ബിസിസിഐയുടെ ഓഫറിനോടു ഗംഭീര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ടി20 ലോകകപ്പിനു ശേഷം മതിയെന്നു ബിസിസിഐ തീരുമാനിക്കുകയായിരുന്നു. 2027ലെ ഏകദിന ലോകകപ്പ് വരെയുള്ള കരാറിലാണ് ഗംഭീര്‍ ഇന്ത്യന്‍ ടീമുമായി ഒപ്പുവയ്ക്കുക.
കോച്ച് സ്ഥാനമേറ്റെടുക്കുന്നതിനു മുമ്പ് ഗംഭീര്‍ ബിസിസിഐയ്ക്കു മുന്നില്‍ ഒരു അപേക്ഷയും വച്ചിരുന്നു. തന്റെ സ്വന്തം സപ്പോര്‍ട്ട് സ്റ്റാഫുമാരെ കൊണ്ടുവരാന്‍ അനുമതി നല്‍കണമെന്നതായിരുന്നു ഇത്. ബിസിസിഐ ഇതിനു സമ്മതവും നല്‍കിക്കഴിഞ്ഞു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡും ബൗളിങ് കോച്ച് പരസ് മാംബ്രെയുമാണ്. ഫീല്‍ഡിങ് കോച്ചിന്റെ ചുമതല ടി ദിലീപിനുമാണ്.
മുന്‍ കോച്ച് രവി ശാസ്ത്രിയുടെ സംഘത്തിലും ബാറ്റിങ് പരിശീലകന്റെ റോളില്‍ റാത്തോഡായിരുന്നു. ദ്രാവിഡ് സ്ഥാനമേറ്റെടുത്ത ശേഷവും അദ്ദേഹത്തെ ഈ റോളില്‍ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ബൗളിങ് കോച്ച് സ്ഥാനത്തു നിന്നു ഭരത് അരുണിനെ മാറ്റിയ ദ്രാവിഡ് പകരം തനിക്കു വിശ്വസ്തനായ മാംബ്രെയെ കൊണ്ടു വന്നു.

എന്നാല്‍ ഗംഭീര്‍ പുതിയ കോച്ചായി വന്നാല്‍ ഇവരുടെയെല്ലാം സ്ഥാനം തെറിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പകരം ഗംഭീര്‍ തനിക്കു വേണ്ടപ്പട്ടവരെ ആയിരിക്കും ഈ റോളുകളിലേക്കു കൊണ്ടുവരുന്നത്. ഐപിഎല്ലില്‍ നേരത്തേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കെകെആര്‍ ടീമുകളില്‍ ഒപ്പം പ്രവര്‍ത്തിച്ച ചിലരെയാവും പരിശീലക സംഘത്തില്‍ ഗംഭീര്‍ ഉള്‍പ്പെടുത്തിയേക്കുക. ഇവര്‍ ആരൊക്കെയാവുമെന്നതു കാത്തിരുന്നു തന്നെ കാണാം.
കോച്ചിങ് സംഘത്തില്‍ മാത്രമല്ല ഇന്ത്യന്‍ ടീമിലും അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അനുവാദം ഗംഭീറിനു ബിസിസിഐ നല്‍കിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. അങ്ങനെയെങ്കില്‍ ടീമില്‍ പല പ്രധാനപ്പെട്ട മാറ്റങ്ങളും നമുക്കു തീര്‍ച്ചയായും പ്രതീക്ഷിക്കാം. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരടങ്ങുന്ന സീനിയര്‍ താരങ്ങളെയെല്ലാം ഒഴിവാക്കി പുതിയൊരു വൈറ്റ് ബോള്‍ ടീമിനെ ഗംഭീര്‍ കൊണ്ടുവന്നേക്കും.
വളരെ ബോള്‍ഡായിട്ടുള്ള തീരുമാനങ്ങളെടുക്കാന്‍ മടിയില്ലാത്ത അഗ്രസീവായ വ്യക്തിത്വത്തിനു ഉടമയാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ സുനില്‍ നരെയ്‌നെ വീണ്ടും ഓപ്പണിങിലേക്കു കൊണ്ടുവന്ന ഗംഭീറിന്റെ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള അപ്രതീക്ഷിത തീരമാനങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പവും കാണാന്‍ അദ്ദേഹത്തില്‍ നിന്നും കഴിഞ്ഞേക്കും.