ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ കൈയടിക്കേണ്ടത് രോഹിത് ശര്‍മയെന്ന നായകനാണ്. കപില്‍ ദേവിനും എംഎസ് ധോണിക്കും ശേഷം ഇന്ത്യയുടെ അലമാരയിലേക്ക് കിരീടമെത്തിക്കാന്‍ രോഹിത്തിന് സാധിച്ചിരിക്കുന്നു. അവസാന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഉടഞ്ഞുവീണ ഇന്ത്യയുടെ മോഹങ്ങള്‍ക്ക് ടി20 ലോകകപ്പിലൂടെ പകരം തീര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.
ഇന്ത്യ കിരീടം സ്വന്തമാക്കുമ്പോള്‍ രോഹിത് ശര്‍മക്ക് ഇത് പ്രതികാരം കൂടിയാണ്. അഞ്ച് തവണ കപ്പിലേക്കെത്തിച്ച് മുംബൈ ഇന്ത്യന്‍സിനെ ചാമ്പ്യന്‍ നിരയാക്കി മാറ്റിയിട്ടും ഒടുവില്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ മുംബൈ ടീം മാനേജ്‌മെന്റിനുള്ള രോഹിത്തിന്റെ സന്ദേശമാണ് ഈ ലോകകപ്പ് കിരീടം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രോഹിത് ശര്‍മക്ക് കീഴില്‍ മുംബൈക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അപ്രതീക്ഷിതമായി മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റി.
വേണ്ടത്ര ചര്‍ച്ചകളും മുന്നറിയിപ്പുകളുമില്ലാതെയാണ് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ആ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയെ എത്തിച്ചത്. മുംബൈ ടീമിനെ വളര്‍ത്തുന്നതിന് പിന്നില്‍ രോഹിത്തിന്റെ അത്യധ്വാനമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് അദ്ദേഹത്തെ ടീം ഒഴിവാക്കിയത്. അന്ന് തന്നെ മുംബൈ മാനേജ്‌മെന്റിനെതിരേ ശക്തമായി വിമര്‍ശനം ഉയരുകയും ടീം അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണിലൂടെത്തന്നെ മുംബൈക്ക് രോഹിത്തിനെ മാറ്റിയതിന്റെ തിരിച്ചടി ലഭിച്ചതാണ്. ഇപ്പോള്‍ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച് ഒരിക്കല്‍ക്കൂടി തന്റെ നായക മികവ് തെളിയിക്കാന്‍ രോഹിത്തിനായി. ഇപ്പോഴിതാ മുംബൈ ടീമിനെതിരേയാണ് ആരാധകര്‍ ട്രോളുകള്‍ ഉയര്‍ത്തുന്നത്. രോഹിത്തിന്റെ നേട്ടം കണ്ട് മുംബൈ ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവുമെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. രോഹിത്തിന്റെ വില മനസിലാക്കാന്‍ മുംബൈക്ക് സാധിക്കാതെ പോയി.

ലാഭം മാത്രം കാണുമ്പോള്‍ രോഹിത്തിന്റെ മൂല്യമെന്തെന്ന് തിരിച്ചറിയാന്‍ അവര്‍ക്കായില്ല. തന്നെ തഴഞ്ഞവര്‍ക്കെല്ലാം വിശ്വകിരീടം ചൂടി മറുപടി പറയാന്‍ ഇന്ത്യക്കായെന്നാണ് ട്രോളുകള്‍. രോഹിത് അവസാന സീസണോടെ മുംബൈ ഇന്ത്യന്‍സ് വിട്ടുവെന്ന അഭ്യൂഹം ശക്തമാണ്. മെഗാ ലേലം വരാന്‍ പോവുകയാണ്. മുംബൈ രോഹിത്തിനെ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. രോഹിത് അന്താരാഷ്ട്ര ടി20 മതിയാക്കിയെങ്കിലും ഐപിഎല്‍ കളിക്കും.
രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഇപ്പോള്‍ തീര്‍ച്ചയായും മുംബൈ മാനേജ്‌മെന്റ് നിരാശപ്പെടുന്നുണ്ടാവും. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കുന്നതിലല്ല രോഹിത്തിനെ തഴഞ്ഞ രീതിയിലാണ് ആരാധകര്‍ക്ക് വിയോജിപ്പുള്ളത്. രോഹിത് നായകനെന്ന നിലയില്‍ അതുല്യ റെക്കോഡുള്ള താരമാണ്. പല നിര്‍ണ്ണായക മത്സരത്തിലും ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിനായി. ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേയും സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും രോഹിത് കസറിയിരുന്നു.
എന്നാല്‍ ഫൈനലില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. എങ്കിലും ഇന്ത്യ തോല്‍ക്കുമെന്ന് തോന്നിച്ച കളി ജയിപ്പിക്കാന്‍ നായകനെന്ന നിലയില്‍ രോഹിത്തിനായി. ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡ് വിന്യാസത്തിലും രോഹിത് കാട്ടിയ ജാഗ്രതയാണ് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായത്. രോഹിത്തിന്റെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നില്ല. എംഎസ് ധോണിയെപ്പോലെ ബുദ്ധിമാനായ നായകനാണ് രോഹിത്.
എന്തായാലും മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി ഇതിനോടകം ചോദ്യമുയര്‍ത്തുന്നതാണ്. ഇനി മുംബൈ ജേഴ്‌സിയില്‍ കളിക്കാന്‍ രോഹിത്തും താല്‍പര്യം കാട്ടിയേക്കില്ല. മുംബൈ വിട്ട് രോഹിത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളിലൊന്നിലേക്ക് പോയേക്കുമെന്നാണ് വിവരം. എന്നാല്‍ രോഹിത്തിന് മുംബൈയുമായി വൈകാരികമായ ബദ്ധമാണുള്ളത്. രോഹിത്തിനെ വളര്‍ത്തുന്നതില്‍ മുംബൈ ഇന്ത്യന്‍സ് നിര്‍ണ്ണായകമായിട്ടുണ്ട്.
ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് രോഹിത് എത്തുന്നതില്‍ അടിത്തറയായത് മുംബൈ ഇന്ത്യന്‍സിലെ പ്രകടനമാണ്. എന്തായാലും മുംബൈ ഇന്ത്യന്‍സ് അപമാനിച്ച് നായകസ്ഥാനത്ത് നിന്ന് ഇറക്കിയതിനോട് പകരം വീട്ടാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിട്ടുണ്ട്.